ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിങിനെ അടിസ്ഥാന വിദ്യാഭ്യാസ ഓഫീസറായി (ബിഎസ്‍എ) നിയമിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ ഡയറക്ടറുടെ വിജ്ഞാപനം പുറത്തുവന്നു. മറ്റു ജോലികള്‍ കൂടികഴിഞ്ഞല്‍ നിയമനം നല്‍കുമെന്നാണ് വിവരം. രാജ്യാന്തര തലത്തിൽ രാജ്യത്തിന് അഭിമാനമായ കായികതാരങ്ങൾക്ക് നിയമനം നല്‍കുന്ന തസ്തികയിലാണ് റിങ്കു സിങിനെ നിയമിക്കുക.
ഐപിഎൽ 2023ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി മികച്ച പ്രകടനം നടത്തിയ ശേഷമാണ് റിങ്കു സിങ് ഇന്ത്യൻ ടീമിലേക്ക് എത്തിയത്. ചൈനയിലെ ഹാങ്‌ഷൗവിൽ നടന്ന ഏഷ്യാ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ടീമില്‍ റിങ്കു സിങ് അംഗമായിരുന്നു. അതേസമയം റിങ്കു സിങിന്‍റെ വിദ്യാഭ്യാസ യോഗ്യതയെ സംബന്ധിച്ച് ചര്‍ച്ചകളുയരുന്നുണ്ട്.
ഒന്‍പതാം ക്ലാസില്‍ തോറ്റ ശേഷം റിങ്കു സിങ് പഠിച്ചിട്ടില്ലെന്നാണ് മാധ്യമ റിപ്പോര്‍ട്ട്. ഈ പോസ്റ്റിലേക്കുള്ള നിയമനത്തിന് കുറഞ്ഞ യോഗ്യത ബിരുദമാണ്. 21 മുതൽ 40 വയസ്സ് വരെയാണ് പ്രായ പരിധി. വിദ്യാഭ്യാസ യോഗ്യത ഇല്ലെങ്കിലും, ഇൻ്റർനാഷണൽ മെഡൽ ജേതാവ് ഡയറക്‌ട് റിക്രൂട്ട്‌മെൻ്റ് റൂൾസ് 2022 പ്രകാരമാണ് റിങ്കു സിങിനെ അടിസ്ഥാന വിദ്യാഭ്യാസ ഓഫീസറായി നിയമിക്കുക.
അടിസ്ഥാന വിദ്യാഭ്യാസ മേഖലയിൽ സർക്കാരിന്‍റെ പ്രതിനിധിയായി പ്രവർത്തിക്കുകയാണ് ബിഎസ്‍എയുടെ ജോലി. ജില്ലാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പ് ബി (ഗസറ്റഡ്) തസ്തികയാണിത്. ഇതുപ്രകാരം റിങ്കുവിന് പ്രതിമാസം ഏകദേശം 56,000 രൂപ ശമ്പളം ലഭിക്കുമെന്നാണ് വിവരം. കൂടാതെ 46 ശതമാനം ഡിയർനസ് അലവൻസ്, ഹൗസ് റെന്‍റ് അലവൻസ്, ട്രാവൽ അലവൻസ്, കൂടാതെ മറ്റ് നിരവധി ആനുകൂല്യങ്ങളും റിങ്കുവിന് ലഭിക്കും.