ഐപിഎലിന്‍റെ രണ്ടാം ക്വാളിഫെയറില്‍ ശശാങ്ക് സിങിനെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ശകാരിക്കുന്ന വിഡിയോ വൈറലായിരുന്നു. മുംബൈ ഇന്ത്യന്‍സിനെതിരായ നിര്‍ണായക മല്‍സരത്തില്‍ 204 റണ്‍സ് ചെയ്സ് ചെയ്യുന്നതിനിടെ ശശാങ്കിന്‍റെ റണ്ണൗട്ടിന്‍റെ പേരിലായിരുന്നു ശ്രേയസ് അയ്യരുടെ ശകാരം. ഇക്കാര്യത്തില്‍ മനസ് തുറക്കുകയാണ് ശശാങ്ക്.
സംഭവത്തില്‍ ക്യാപ്റ്റന്‍ തന്നെ തല്ലേണ്ടതായിരുന്നു എന്നാണ് ശശാങ്കിന്‍റെ പ്രതികരണം. ഇതിന് ശേഷം ഫൈനല്‍ മല്‍സരം വരെ അച്ഛന്‍ തന്നോട് സംസാരിച്ചിരുന്നില്ലെന്നും ശശാങ്ക് പ്രതികരിച്ചു.
'ഞാനതിന് അര്‍ഹനാണ്, അയ്യര്‍ എന്നെ തല്ലേണ്ടതായിരുന്നു. ഫൈനല്‍ വരെ അച്ഛന്‍ എന്നോട് സംസാരിച്ചിട്ടില്ല. ഞാന്‍ അലസമായി നടക്കുകയായിരുന്നു. ഇതൊരു നിർണായക സമയമായിരുന്നു. നിങ്ങളിൽ നിന്ന് ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ശ്രേയസ് പറഞ്ഞത്. പിന്നീട് ശ്രേയസ് തന്നെ എന്നെ അത്താഴത്തിന് പുറത്തേക്ക് കൊണ്ടുപോയി', ശശാങ്ക് പറഞ്ഞു.
ഫൈനലില്‍ അവസാന ഓവറില്‍ പഞ്ചാബിന്‍റെ ബാറ്റിങ് നയിച്ചത് ശശാങ്കിന്‍റെ ബാറ്റിങാണ്. ഈ ഘട്ടത്തിലെ അനുഭവവും ശശാങ്ക് വെളിപ്പെടുത്തി. 'ഭുവനേശ്വര്‍ കുമാറിനെതിരെ 16-17 റണ്‍സ് നേടാനായിരുന്നു പ്ലാന്‍. ആറു പന്തില്‍ 24 റണ്‍സ് എന്നാതായിരുന്നു എന്‍റെ ലക്ഷ്യം. എന്നാല്‍ ഭുവിയുടെ ഓവറില്‍ 13 റണ്‍സ് മാത്രമെ കിട്ടിയുള്ളൂ. ഇതോടെ അവസാന ഓവറില്‍ 30 റണ്‍സ് വേണ്ടി വന്നു', ശശാങ്ക് പറഞ്ഞു. ഫൈനലില്‍ 30 പന്തില്‍ 61 റണ്‍സുമായി ശശാങ്ക് പുറത്താകാതെ നിന്നു.