ഐപിഎല്‍ പരിശീലകരില്‍ അധികം ദേഷ്യപ്പെട്ട് കാണാത്തൊരാളാണ് റിക്കി പോണ്ടിങ്. കളിക്കുന്ന കാലത്ത് ചൂടായി കണ്ടിട്ടുള്ള താരത്തിന്‍റെ മാറ്റം എന്തുകൊണ്ടാണെന്ന് ചോദിക്കുകയാണ് പഞ്ചാബ് കിങ്സിന്‍റെ സഹ ഉടമയും നടിയുമായ പ്രീതി സിന്‍റ. താന്‍ അത്ര ശാന്തനല്ലെന്നും അത് മനസിലാക്കാന്‍ ഡഗ്ഔട്ടില്‍ വന്നിരിക്കണമെന്നുമാണ് റിക്കി പോണ്ടിങിന്‍റെ ചിരിച്ചു കൊണ്ടുള്ള മറുപടി.
'ചിലപ്പോഴെങ്കിലും താഴെ വന്ന് എന്നോടൊപ്പം ഡഗ്ഔട്ടിൽ ഇരിക്കണം. ഞാൻ എപ്പോഴും ശാന്തനല്ല. അഗ്രസീവായ വ്യക്തിയാണ്, പ്രത്യേകിച്ച് ക്രിക്കറ്റിന്‍റെ സമയത്ത്' എന്നാണ് പോണ്ടിങിന്‍റെ മറുപടി. ടീമില്‍ മികച്ച പ്രതികരണം കൊണ്ടുവരിക എന്നത് എന്‍റെ കടമയാണ്. മികച്ച പരിശീലകനാകാനും ഓരോ കളിക്കാരനെയും മികച്ചതാക്കി മാറ്റാനുമാണ് ശ്രമിക്കാറുള്ളത്. അതിനായി ഒരു പരിശീലന സെഷൻ പോലും പാഴാക്കാറില്ലെന്നും പോണ്ടിങ് പറഞ്ഞു.
ക്രിക്കറ്റ് ഇല്ലാത്ത സമയത്ത് ആരുമായും എത്രനേരം വേണമെങ്കിലും ചിരിച്ചുകൊണ്ടു സംസാരിക്കാൻ ഞാന്‍ തയാറാണെന്നും പോണ്ടിങ് പറഞ്ഞു. പോണ്ടിങ് പരിശീലിപ്പിച്ച പഞ്ചാബ് കിങ്സ് ഐപിഎല്‍ ഫൈനലില്‍ ആറു റണ്‍സിനാണ് തോറ്റത്.