Photo Credit: PTI
ചരിത്ര നേട്ടത്തിന്റെ തൊട്ടരികിലാണ് റോയൽ ചലാഞ്ചേഴ്സ് ബെംഗളൂരു. 18 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ ബെംഗളൂരുവിനു വേണ്ടത് ഒരു വിജയം മാത്രം. ലുസൈൽ സ്റ്റേഡിയത്തിൽ സ്വപ്നകിരീടവുമായി ലയണൽ മെസ്സി അജയ്യനായതുപോലെ. വാങ്കഡെയിൽ സച്ചിന്റെ കിരീടം പോലെ. ഐപിഎൽ കിരീടവുമായി നിൽക്കുന്ന വിരാട് കോലി. ആ പൂർണത കോലിയും ആഗ്രഹിക്കുന്നുണ്ട്. കൊതിക്കുന്നുണ്ട്.
Photo Credit: PTI
2008 മുതൽ ആർസിബിയുടെ ഭാഗമാണ് വിരാട്. എ.ബി. ഡിവില്ലിയേഴ്സ്, ക്രിസ് ഗെയിൽ, ഡാനിയേൽ വെട്ടോറി, ജാക്ക് കാലിസ്, യുവരാജ് സിങ്. ഇക്കാലയളവിൽ പല ഇതിഹാസതാരങ്ങളും വിരാട് കോലിക്കൊപ്പം ആർസിബി ജഴ്സിയിൽ കളത്തിലിറങ്ങി. പക്ഷേ ഐപിഎൽ കിരീടം എന്ന നേട്ടം പലപ്പോഴും കപ്പിനും ചുണ്ടിനും ഇടയിൽ ഈ പതിനെട്ടാം നമ്പർ കാരന്റെ കയ്യിൽ നിന്ന് വഴുതി. ഓർമ്മകളിലെ വിങ്ങലായി 2009ലെയും 11ലെയും 2016ലെയും ഫൈനലുകൾ. രാജ്യാന്തര ക്രിക്കറ്റിൽ ഏകദിന ലോകകപ്പ്, ചാംപ്യൻസ് ട്രോഫി, ട്വന്റി20 ലോകകപ്പ്. സ്വന്തമാക്കാവുന്ന നേട്ടങ്ങളൊക്കെയും സ്വന്തമാക്കി. ഇനി വിരാടിന് ബാക്കിയുള്ളത് ഐപിഎൽ കിരീടമാണ്. അതിനുള്ള കുതിപ്പിലാണ് ടീം ആർസിബി.
Photo Credit: PTI
പല സീസണുകളിലും പടക്കളത്തിൽ സൈന്യത്തെ നഷ്ടപ്പെട്ട സൈന്യാധിപനായിരുന്നു വിരാട്. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ റൺസ്, കൂടുതൽ സെഞ്ചുറികൾ. വ്യക്തിഗത നേട്ടങ്ങളുടെ പടവുകൾ ഓരോന്നായി കയറുമ്പോഴും കിരീടമെന്ന ലക്ഷ്യം മാത്രം ബാക്കിയായി. എന്നാൽ ഇത്തവണ അതിനൊരു മാറ്റമുണ്ട്. സ്വപ്നതുല്യകുതിപ്പായിരുന്നു ഇത്തവണ ആർസിബി. എവേ മത്സരങ്ങളിൽ എല്ലാം വിജയം. ചെപ്പോക്കിലും വാങ്കഡെയിലും ത്രസിപ്പിക്കുന്ന വിജയങ്ങൾ. പതിവുപോലെതന്നെ കോലി തന്നെയാണ് മുന്നിൽ നിന്ന് പട നയിക്കുന്നത്. 14 മത്സരങ്ങളിൽ നിന്ന് 614 റൺസ്. ഓപ്പണിങ്ങിലെ കരുത്തായി ഫിൽ സാൾട്ട്. ക്യാപ്റ്റൻ എന്ന നിലയിലും ബാറ്ററെന്ന നിലയിലും കളം നിറഞ്ഞു കളിച്ചു രജത് പാട്ടീദാർ. ജിതേഷ് ശർമ്മയും ടിം ഡേവിഡും റൊമാരിയോ ഷെപ്പെർഡും അവരവരുടേതായ സംഭാവനകൾ നൽകി. എക്കാലവും പഴി കേൾക്കേണ്ടിവന്ന ആർസിബിയുടെ ബോളിങ് ഡിപ്പാർട്ട്മെന്റ് സടകുടഞ്ഞെണീറ്റു. ടേബിൾ ടോപ്പറിന്റെ പകിട്ടുമായി ക്വാളിഫയറിനെത്തിയ പഞ്ചാബ് കിങ്സിനെ എറിഞ്ഞൊതുക്കിയ പ്രകടനം മാത്രം മതി ആർസിബി ബോളിങ്ങിന്റെ മാറ്ററിയാന്‍. 11 കളികളിൽ നിന്ന് 21 വിക്കറ്റുകളുമായി ജോഷ് ഹെയ്‌സൽവുഡാണ് തുറുപ്പുചീട്ട്. ഭുവനേശ്വര്‍ കുമാറും യഷ് ദയാലും സുയാഷ് ശർമയും ക്രുണാൽ പാണ്ഡ്യയും മികച്ച പങ്കാളികളായി. മികച്ച താരത്തിനുള്ള പുരസ്‌കാരം ഇത്തവണ സ്വന്തമാക്കിയത് 9 ആർസിബി താരങ്ങൾ. ഇതിൽ 5 ബാറ്റർമാരും രണ്ട് ബോളർമാരും രണ്ട് ഓൾറൗണ്ടർമാരും. ഈ കൂട്ടായ്മയാണ് ബെംഗളൂരുവിനെ ഫൈനൽ വരെ എത്തിച്ചത്.
Photo Credit: PTI
ജൂൺ മൂന്നിന് അഹമ്മദാബാദിൽ നടക്കുന്ന ഫൈനലിൽ രണ്ട് സാധ്യതകൾ. പതിവുപോലെ ഐപിഎൽ ഫൈനലിൽ കാലിടറി വിരാട് കോലിയും സംഘവും വീണുപോയേക്കാം. ഈ സാലാ കപ്പ് നം ദേയെന്ന വാചകം എതിരാളികൾ പരിഹസിക്കാനായി വീണ്ടും ഉപയോഗിക്കും. തോറ്റാലും ജയിച്ചാലും ബെംഗളൂരൂ തന്നെയെന്ന ബാനറുകളുമായി ആരാധകർ നിൽക്കും. എല്ലാം പഴയതുപോലെ. എന്നാൽ മറിച്ച് ആയാൽ കായിക ചരിത്രത്തിലെ തന്നെ അവിസ്മരണീയ മുഹൂർത്തങ്ങളിൽ ഒന്നായി അഹമ്മദാബാദിലെ രാവ് മാറും. അത്യാഹ്ലാദത്തിൽ വിരാട് കോലി മതിമറക്കും. ഓരോ ആർസിബി ആരാധകനും കാത്തിരിക്കുന്ന നിമിഷങ്ങൾ. എതിരാളികളെയും കളത്തിലെ സമ്മർദങ്ങളെയും മറികടന്ന് കോലി കിരീടത്തെ പുൽകുമോ.. കാത്തിരിക്കാം.