ബംഗ്ലാദേശ്– ദക്ഷിണാഫ്രിക്ക എമേര്‍ജിങ് ടെസ്റ്റിനിടെ തമ്മില്‍തല്ലി താരങ്ങള്‍. മിര്‍പൂരില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിന്‍റെ രണ്ടാം ദിവസമാണ് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ ഷെപ്റ്റോ എന്‍ടുലിയും ബംഗ്ലാദേശ് താരം റിപ്പൺ മൊണ്ഡാളും തമ്മില്‍ മൈതാന മധ്യത്തില്‍ തര്‍ക്കമുണ്ടായത്. എന്‍ടുലിയെ റിപ്പണ്‍ മൊണ്ഡാല്‍ സിക്സറടിച്ചതിന് പിന്നാലെയാണ് തര്‍ക്കം തുടങ്ങിയത്.  

സിക്സറടിച്ച ശേഷം റിപ്പണ്‍ സഹതാരമായ മെഹ്ദി ഹസന്‍റെ അടുത്തേക്ക് നടന്നു വരുന്നതിനിടെ എന്‍റുലി രൂക്ഷമായി നോക്കുകയും അടുത്തെത്തി പിടിച്ചു തള്ളുകയുമായിരുന്നു. രണ്ട് കളിക്കാരും പരസ്പരം ഉന്തും തള്ളും നടത്തിയ ശേഷം എൻടുലി റിപ്പണിന്‍റെ ഹെൽമെറ്റ് പിടിച്ചു വലിച്ചു. എന്‍ടുലി പ്രശ്നം തുടര്‍ന്നതോടെ റിപ്പണ്‍ ഹെല്‍മറ്റ് ഊരുകയായിരുന്നു.  താരങ്ങളെ ശാന്തരാക്കാന്‍ അമ്പയർ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന്  ദക്ഷിണാഫ്രിക്കാന്‍ താരങ്ങളിടപെട്ട്   കയ്യാങ്കളി ഒഴിവാക്കി. 

എന്നാല്‍ മൂന്ന് പന്തിന് ശേഷം വീണ്ടും എന്‍ടുലി പ്രകോപനം തുടര്‍ന്നു. റിപ്പണ്‍ പ്രതിരോധ പന്ത് പിടിച്ചെടുത്ത എന്‍ടുലി ബാറ്റ്സ്മാന് നേരെ എറിഞ്ഞു. റിപ്പണ്‍ ബാറ്റ് കൊണ്ട് തടഞ്ഞതിനാല്‍ ദേഹത്ത് തട്ടിയില്ല. നേരത്തേ നടന്ന ഏകദിന മത്സരത്തിനിടെയും താരങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. പ്രശ്നക്കാരായ  ദക്ഷിണാഫ്രിക്കയുടെ ആന്‍ഡില്‍ സിമെലാനെയ്ക്കും ബംഗ്ലാദേശിന്റെ ജിഷാന്‍ ആലമിനും ഒരു മത്സരത്തില്‍ നിന്നും വിലക്കിയിരുന്നു. 

ടെസ്റ്റ് മല്‍സരത്തിനിടെ നടന്ന സംഭവത്തില്‍ മാച്ച് റഫറി ബംഗ്ലാദേശ്, ദക്ഷിണാഫിക്കന്‍ ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിന്‍റെ അടിസ്ഥാനത്തില്‍ താരങ്ങള്‍ക്കെതിരെ നടപടി ഉണ്ടാകും എന്നാണ് വിവരം. രണ്ട് ടെസ്റ്റുള്ള പരമ്പരയിലെ ആദ്യ മല്‍സരം സമനിലയിലായിരുന്നു. ഏകദിന പരമ്പര 2-1 നാണ് ദക്ഷിണാഫ്രിക്ക തോറ്റത്.

ENGLISH SUMMARY:

A heated moment unfolded during the second day of the Bangladesh–South Africa Emerging Test in Mirpur as South African bowler Shephto Ntuli and Bangladesh batter Ripon Mondal engaged in an on-field altercation. The clash reportedly began after Ripon hit Ntuli for a six, triggering an exchange of words and confrontation between the two players. Match officials intervened to de-escalate the situation.