ആഴ്ചകളോളം നീണ്ടുനിന്ന ബഹിഷ്കരണ നാടകങ്ങള്‍ക്ക് അവസാനം കുറിച്ച് ഇന്ത്യയ്ക്കെതിരെ ലോകകപ്പില്‍ നിന്ന് കളിക്കാമെന്ന് പിസിബി സമ്മതിച്ചതോടെ പാക്കിസ്ഥാന്‍ വീണ്ടും നാണംകെടുകയാണ്. ഞായറാഴ്ച നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ മൂന്ന് സുപ്രധാന ഉപാധികള്‍ പാക്കിസ്ഥാന്‍ മുന്നോട്ട് വച്ചു. ഇവ മൂന്നും അംഗീകരിച്ചാല്‍ മാത്രേമേ 15ന് കൊളംബോയിലെ മല്‍സരത്തില്‍ കളിക്കുകയുള്ളൂവെന്നായിരുന്നു പാക്കിസ്ഥാന്‍റെ നിലപാട്. ഇന്ത്യ ഹസ്തദാനം ചെയ്യണം, പിസിബിക്കുള്ള വരുമാന വിഹിതം വര്‍ധിപ്പിക്കണം, ഇന്ത്യ–പാക്കിസ്ഥാന്‍ ടൂര്‍ണമെന്‍റുകള്‍ ഭാവിയില്‍ നടത്താന്‍ ഇടപെടണം എന്നിങ്ങനെയായിരുന്നു ആവശ്യങ്ങള്‍. എന്നാല്‍ ഇവയെല്ലാം ഐസിസി പൂര്‍ണമായും തള്ളി. Also Read:യു ടേണടിച്ച് പാക്കിസ്ഥാന്‍; ഇന്ത്യയ്ക്കെതിരായ മല്‍സരം കളിക്കും
ഇതിന് പുറമെ ബംഗ്ലദേശിന് പിഴ ഈടാക്കരുതെന്നും നിലവില്‍ ബംഗ്ലദേശ് ക്രിക്കറ്റിനുണ്ടായ നഷ്ടം നികത്താന്‍ ലോകകപ്പ് ഇവന്‍റുകളിലൊന്ന് അനുവദിക്കണമെന്നും ഇന്ത്യ–പാക്–ബംഗ്ലദേശ് ത്രിരാഷ്ട്ര ടൂര്‍ണമെന്‍റ് നടത്തണമെന്നും, ഇന്ത്യയോട് ബംഗ്ലദേശ് പര്യടനം നടത്താന്‍ ആവശ്യപ്പെടണമെന്നും പിസിബി ആവശ്യപ്പെട്ടു. എന്നാല്‍ ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡിന് പിഴ ഈടാക്കില്ലെന്ന തീരുമാനം ഐസിസി നേരത്തെ തന്നെ കൈക്കൊണ്ടിരുന്നുവെന്നും അടുത്ത അണ്ടര്‍ 19 ലോകകപ്പ് ബംഗ്ലദേശില്‍ വച്ച് നടത്താന്‍ ഐസിസി നേരത്തെ തന്നെ ആലോചനകള്‍ തുടങ്ങിയിരുന്നുവെന്നും ഐസിസി വ്യക്തമാക്കി. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ടൂര്‍ണമെന്‍റുകളുടെ കാര്യത്തില്‍ ഇടപെടില്ലെന്ന് ഐസിസി ഉറച്ച നിലപാടുമെടുത്തു. തങ്ങളുടെ അധികാര പരിധിയില്‍ വരുന്ന കാര്യമല്ല ഇതെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യം നിരസിച്ചത്. ത്രിരാഷ്ട്ര പരമ്പര വേണമെന്ന ആവശ്യവും ഐസിസി തള്ളി. ബംഗ്ലദേശ് പര്യടനം നടത്തണമെന്ന് ഇന്ത്യയെ നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്നും ഐസിസി വ്യക്തമാക്കി.
ഇന്ത്യയ്ക്കെതിരായ മല്‍സരം ബഹിഷ്കരിക്കാന്‍ ഒരുങ്ങിയ പാക്കിസ്ഥാന്‍റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് മറ്റ് ബോര്‍ഡുകളില്‍ നിന്നുണ്ടായത്. ശ്രീലങ്കയും യുഎഇയും ബംഗ്ലദേശുമടക്കമുള്ള ബോര്‍ഡുകള്‍ വിയോജിപ്പ് അറിയിച്ച് ഇമെയിലുകള്‍ അയയ്ക്കുകയും ചെയ്തു. ആഗോള ക്രിക്കറ്റ് സമൂഹത്തെ നിരാശരാക്കുന്നതും കനത്ത സാമ്പത്തിക നഷ്ടം അംഗരാജ്യങ്ങള്‍ക്ക് വരുത്തുന്നതുമാണ് പാക്കിസ്ഥാന്‍റെ നടപടിയെന്നായിരുന്നു ബോര്‍ഡുകള്‍ ചൂണ്ടിക്കാട്ടിയത്. ബംഗ്ലദേശിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ഇന്ത്യയുമായുള്ള മല്‍സരം ഉപേക്ഷിക്കുകയല്ല പാക്കിസ്ഥാന്‍ ചെയ്യേണ്ടതെന്ന് ബിസിബിയും തുറന്നടിച്ചതോടെ പാക്കിസ്ഥാന്‍ ഒറ്റപ്പെടുകയായിരുന്നു.
മല്‍സരം ബഹിഷ്കരിച്ചാല്‍ കനത്ത തുക പിഴയീടാക്കുമെന്നും വേണ്ടി വന്നാല്‍ ബോര്‍ഡിന്‍റെ തന്നെ അംഗത്വം റദ്ദാക്കുമെന്നും ഐസിസിയും നിലപാടെടുത്തു. ഒടുവില്‍ ഇന്നലെ വൈകുന്നേരത്തോടെ ഇന്ത്യയ്ക്കെതിരായ മല്‍സരം നിശ്ചയിച്ചത് പ്രകാരം ഈ മാസം 15ന് നടക്കുെമന്നും തങ്ങള്‍ കളിക്കാന്‍ സന്നദ്ധരാണെന്നും പിസിബി ഐസിസിയെ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.