Image: x.com/shivank_8mishra

ഇസ്രയേലിനെ അംഗീകരിക്കുന്ന കാര്യം ആലോചിച്ചാല്‍പ്പോലും പാകിസ്ഥാന്‍റെ പരമോന്നത നേതൃത്വത്തെ നശിപ്പിച്ചുകളയുമെന്ന് ഭീകരസംഘടനയായ ലഷ്കറെ തയിബ. കഴിഞ്ഞദിവസം നടന്ന റാലിയിലാണ് ലഷ്കര്‍ ഉപമേധാവി സൈഫുല്ല ഖസൂരി ഭീഷണി മുഴക്കിയത്. ഇസ്രയേലിന് അംഗീകാരം നല്‍കാന്‍ മുതിരുന്നവർ കൊല്ലപ്പെടുമെന്നായിരുന്നു ഖസൂരിയുടെ വാക്കുകള്‍. പ്രസംഗത്തിന്‍റെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. 2025 ഏപ്രിലില്‍ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന്‍റെ മുഖ്യസൂത്രധാരന്‍മാരില്‍ ഒരാളാണ് ഖസൂരി.

ഏബ്രഹാം ഉടമ്പടിയുടെ ഭാഗമായി ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കാൻ പാകിസ്താൻ ഉൾപ്പെടെയുള്ള മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളോട് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതിനോടാണ് ലഷ്കറിന്റെ പ്രതികരണം. പെരുന്നാൾ നമസ്കാരത്തിന് ശേഷം നടന്ന റാലിയിലായിരുന്നു പ്രസംഗം. ഇസ്രയേലുമായി ബന്ധപ്പെട്ട പാകിസ്താന്‍റെ ദീർഘകാലമായുള്ള നയം മാറ്റാൻ ശ്രമിച്ചാൽ ശക്തമായി ചെറുക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇസ്രയേലിന് ഔദ്യോഗിക പദവി നൽകാൻ ഇസ്‌ലാമിക രാജ്യങ്ങളെ നിർബന്ധിക്കാൻ ലോകത്തിലെ ഒരു ശക്തിക്കും കഴിയില്ലെന്നും ഖസൂരി അവകാശപ്പെട്ടു.

‘ഇസ്രയേലിനെ സ്വീകരിക്കുന്നവർ നശിപ്പിക്കപ്പെടും. ഈ മുസ്‍ലിം രാഷ്ട്രം ഞങ്ങളുടെ വിശ്വാസമാണ്, ഏക ദൈവമായ അല്ലാഹുവിനെ ആരാധിക്കുന്നതിൽ നിങ്ങൾ ഞങ്ങളോടൊപ്പം ചേരുന്നതുവരെ ശത്രുത തുടരും’ ഖസൂരി പ്രസംഗത്തില്‍ പറഞ്ഞു. പ്രതിരോധ രംഗത്ത് പാകിസ്ഥാനും സൗദി അറേബ്യയും തമ്മിലുള്ള സഹകരണം വളർന്നുവരുന്നത് ചൂണ്ടിക്കാട്ടിയ ഖസൂരി പാകിസ്ഥാന്റെ സൈനിക ശക്തിക്ക് ഇസ്രയേലിന്‍റെ സ്വാധീനത്തെ ചെറുക്കാനുള്ള കഴിവുണ്ടെന്നും പറഞ്ഞു. പാകിസ്ഥാനിൽ നിന്ന് ഇസ്രായേലിലേക്കുള്ള ദൂരം 4,000 കിലോമീറ്ററാണ്. എന്നാല്‍ ഇന്നത്തെ പാക്കിസ്ഥാന്‍ എന്ന സൈനികശക്തിക്ക് അതൊരു ദൂരമല്ലെന്നും ഖസൂരി പറഞ്ഞു.

ഇറാൻ സമാധാന ചർച്ചയുടെ ഭാഗമാകുന്നവരെല്ലാം ഏബ്രഹാം ഉടമ്പടിയിൽ ചേരണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നെങ്കിലും ഉടമ്പടിയിൽ ചേരാൻ താൽപര്യമില്ലെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് വ്യക്തമാക്കിയിരുന്നു. ഇസ്രയേലും അറബ് രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിനായി ട്രംപ് ഇടപെ‌ട്ട് 2020 ൽ യാഥാർഥ്യമാക്കിയ കരാറാണിത്. എന്നാല്‍ പാക്കിസ്ഥാന്‍ ഇന്നേവരെ ഇസ്രയേലിനെ ഔദ്യോഗികമായി അംഗീകരിക്കുകയോ ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുകയോ ചെയ്തിട്ടില്ല.

ENGLISH SUMMARY:

The banned terrorist organization Lashkar-e-Taiba (LeT) has issued a deadly warning to Pakistan's top political and military leadership against recognizing Israel. During a public rally following Eid prayers, LeT deputy chief Saifullah Kasuri—a key mastermind behind the April 2025 Pahalgam terror attack—declared that anyone attempting to establish ties with Israel would be assassinated. This aggressive threat directly follows US President Donald Trump's diplomatic push urging Muslim-majority nations, including Pakistan, to sign the Abraham Accords. Kasuri claimed that no global power could force Islamic nations to legitimize Israel, boastfully asserting that Pakistan's military influence has strategically advanced to within 400 kilometers of Israeli borders. Despite the immense international pressure, Pakistani Defense Minister Khawaja Asif recently reiterated that Islamabad has absolutely no intention of joining the 2020 Abraham Accords or altering its historic foreign policy regarding Israel.