ട്വന്‍റി 20 ലോകകപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ യൂ ടേണ്‍ അടിച്ച് ബംഗ്ലാദേശ്. ലോകകപ്പില്‍ നിന്നും പിന്മാറാനുള്ള തീരുമാനം എടുത്തത് കളിക്കാരും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡുമാണെന്ന് സര്‍ക്കാറിന്‍റെ കായിക ഉപദേഷ്ടാവ് ആസിഫ് നസ്‍റുള്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാറിന് പങ്കില്ലെന്നാണ് ആസിഫിന്‍റെ വാദം. 

 

നേരത്തെ ഇന്ത്യയില്‍ നടക്കുന്ന ഗ്രൂപ്പ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താരങ്ങള്‍ക്ക് ബംഗ്ലാദേശ് സര്‍ക്കാര്‍ അനുമതി നല്‍കില്ലെന്ന് പറഞ്ഞതും ഇതേ കായിക ഉപദേഷ്ടാവാണ്. ബംഗ്ലദേശ് സര്‍ക്കാറും ക്രിക്കറ്റ് ബോര്‍ഡും നടത്തിയ ചര്‍ച്ചയിലാണ് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി താരങ്ങളെ ഇന്ത്യയിലേക്ക് അയക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. ഇതില്‍ ആസിഫ് നസ്റുള്‍ പങ്കെടുത്തിരുന്നു. 

 

ഞങ്ങള്‍ക്ക് ഐസിസിയില്‍ നിന്നും നീതി ലഭിച്ചില്ലെന്നും ലോകകപ്പ് കളിക്കണമോ വേണ്ടയോ എന്നത് പൂര്‍ണമായും സര്‍ക്കാര്‍ തീരുമാനമാണെന്നും അദ്ദേഹം ജനുവരി 22 ന് പറഞ്ഞിരുന്നു. പുതിയ അഭിമുഖത്തിലാണ് ആസിഫ് കാലുമാറിയത്. ''ലോകകപ്പില്‍ കളിക്കാത്തതില്‍ സങ്കടമുണ്ടാകേണ്ട കാര്യമില്ല. തീരുമാനം എടുത്തത് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും കളിക്കാരുമാണ്. രാജ്യത്തെ ക്രിക്കറ്റിന്‍റെ സുരക്ഷയ്ക്കും രാജ്യത്തിന്‍റെ അന്തസിനും കളിക്കാര്‍ ത്യാഗങ്ങള്‍ സഹിച്ചു'' എന്നാണ് ആസിഫിന്‍റെ വാക്കുകള്‍. 

 

 

സുരക്ഷ ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ ഷെഡ്യൂള്‍ ചെയ്ത മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണം എന്നായിരുന്നു ബംഗ്ലാദേശ് ആവശ്യപ്പെട്ടത്. എന്നാല്‍ ഐസിസി തീരുമാനത്തിന് അനുകൂലമായിരുന്നില്ല. പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് എതിരായ മത്സരം ബഹിഷ്കരിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് പിന്നാലെ ബംഗ്ലാദേശിനെതിരെ നടപടിയുണ്ടാകില്ലെന്ന് ഐസിസി വ്യക്തമാക്കിയിരുന്നു. 

ENGLISH SUMMARY:

Bangladesh has done a U-turn on T20 World Cup controversies, with Sports Advisor Asif Nazrul stating that the decision to withdraw was made by the players and the Bangladesh Cricket Board, not the government. He clarified that the government had no role in this matter, contradicting his earlier stance that the government would not allow players to participate in group matches in India.