India's captain Virat Kohli stands on the field for the national anthems during day one of the first Test cricket match between New Zealand and India at the Basin Reserve in Wellington on February 21, 2020. (Photo by Marty MELVILLE / AFP)
ടെസ്റ്റില്‍ നിന്നും അടുത്തയിടെ വിരമിച്ച സൂപ്പര്‍താരം വിരാട് കോലിയെ രാജ്യം ഭാരത രത്ന നല്‍കി ആദരിക്കണമെന്ന് മുന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന. ഇന്ത്യന്‍ ക്രിക്കറ്റിന് കോലി നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്നും കോലിയുടെ നേട്ടങ്ങള്‍ വാനോളം ഉയരെയാണെന്നും റെയ്ന ചൂണ്ടിക്കാട്ടുന്നു. സ്റ്റാര്‍ സ്പോര്‍ടിസിലെ പരിപാടിക്കിടയിലാണ് കോലി ഭാരത രത്നയ്ക്ക് യോഗ്യതയുള്ള വ്യക്തിയാണെന്ന് റെയ്ന പറഞ്ഞത്.
PTI
കോലിക്ക് ആദരമായി ഡല്‍ഹിയില്‍ റിട്ടയര്‍മെന്‍റ് മല്‍സരം ബിസിസിഐ സംഘടിപ്പിക്കണമെന്നും രാജ്യത്തിനായി നല്‍കിയ നേട്ടങ്ങള്‍ക്ക് തിരികെ ഒരു വിരമിക്കല്‍ മല്‍സരം കോലി അര്‍ഹിക്കുന്നുണ്ടെന്നും റെയ്ന കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്‍റെ കായിക ചരിത്രത്തില്‍ ഇതുവരെ സച്ചിന് മാത്രമാണ് രാജ്യം ഭാരത രത്നം നല്‍കി ആദരിച്ചിട്ടുള്ളത്. 2014 ല്‍ തന്‍റെ നാല്‍പതാം വയസിലാണ് സച്ചിന് ഭാരത രത്ന ലഭിച്ചത്. ഭാരത രത്ന നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും സച്ചിനാണ്.
കോലിക്ക് ബിസിസിഐ യാത്രയയപ്പ് മല്‍സരം ഇതുവരെയും തീരുമാനിച്ചില്ലെങ്കിലും റോയല്‍ ചലഞ്ചേഴ്സ് ആരാധകര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ 18–ാം നമ്പര്‍ വെള്ള ജഴ്സികളും ധരിച്ചെത്തിയിരുന്നു. മല്‍സരം മഴ മൂലം ഉപേക്ഷിച്ചെങ്കിലും ആരാധകരുടെ സ്നേഹവായ്പ് കൊണ്ട് ചിന്നസ്വാമി നിറഞ്ഞു.
PTI
36കാരനായ കോലി 123 ടെസ്റ്റ് മല്‍സരങ്ങളിലാണ് ഇന്ത്യയ്ക്കായി കളിച്ചത്. 30 സെഞ്ചറികള്‍ ഉള്‍പ്പടെ 9230 റണ്‍സുകളും നേടി. ട്വന്‍റി 20 യില്‍ നിന്ന് കഴിഞ്ഞ വര്‍ഷം വിരമിച്ച താരം നിലവില്‍ ഏകദിനത്തില്‍ മാത്രമാണ് കളിക്കുന്നത്. ബോര്‍ഡര്‍–ഗവാസ്കര്‍ പരമ്പരയ്ക്കിടെ ആര്‍.അശ്വിനും മേയ് ആദ്യവാരം രോഹിത് ശര്‍മയും ടെസ്റ്റില്‍ നിന്ന് വിരമിച്ചതിന് പിന്നാലെയാണ് കോലിയും ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കിയത്.
അതേസമയം, കോലിക്ക് ഭാരതരത്ന നല്‍കണമെന്ന റെയ്നയുടെ വാക്കുകള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ സമ്മിശ്ര പ്രതികരണമാണ് ഉയരുന്നത്. കപില്‍ദേവും സുനില്‍ ഗവാസ്കറും ധോണിയുമെല്ലാം ഉണ്ടെന്നും വൈകാരികമായല്ല ഭാരത രത്ന നല്‍കേണ്ടതെന്നും പലരും കുറിച്ചു.