ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് പിന്നാലെയാണ് കോലിയും ടെസ്റ്റ് മതിയാക്കുന്നത്. ഐപിഎല്ലില്‍ മികച്ച ഫോം തുടരുന്നതിനിടെ, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര വരാനിരിക്കെയാണ് കോലിയുടെ വിരമിക്കല്‍. അതിനാല്‍ കാരണം തിരയുകയാണ് ആരാധകര്‍. കയ്യിലെത്തിയ ക്യാപ്റ്റന്‍സി നഷ്ടമായതിന് പിന്നാലെയാണ് കോലി ടീം വിട്ടതെന്നാണ് പുതിയ റിപ്പോര്‍ട്ട്.
ഡിസംബറിലെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ വിരാട് കോലിയെ വീണ്ടും ടെസ്റ്റ് ക്യാപ്റ്റനാക്കുമെന്നൊരു സൂചന താരത്തിന് ലഭിച്ചിരുന്നു. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ അഡ്‍ലെയ്ഡില്‍ ഇന്ത്യ രണ്ടാം ടെസ്റ്റും തോറ്റതോടെയാണ് കോലിയിലേക്ക് നായകസ്ഥാനം തിരികെ എത്തുമെന്ന സൂചന ലഭിച്ചതെന്ന് സ്പോര്‍ട്സ് ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യ പര്യടനം തോല്‍ക്കുക കൂടി ചെയ്തതോടെ ടീമിന് യുവ നായകന്‍ വേണമെന്ന ആവശ്യത്തിലേക്ക് ടീം മാനേജ്മെന്‍റ് മാറുകയായിരുന്നു. നായകസ്ഥാനം തിരികെ ലഭിക്കുമെന്ന് കോലിക്ക് വിശ്വാസമുണ്ടായിരുന്നെന്നും ഇതിന്‍റെ ഭാഗമായാണ് ഡല്‍ഹിക്ക് വേണ്ടി രഞ്ജി കളിക്കാനിറങ്ങിയതെന്നും റിപ്പോര്‍ട്ട് പറയുന്നു.
ടീമില്‍ കോലി ഒരു കളിക്കാരന്‍ മാത്രമായിരിക്കുമെന്ന വിവരം ഏപ്രിലിലാണ് താരത്തെ അറിയിക്കുന്നത് ഇതോടെ താരം വിരമിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഫെബ്രുവരിയില്‍ ഡല്‍ഹിക്കായി രഞ്ജി കളിക്കുന്ന സമയത്ത് ഇംഗ്ലണ്ട് പര്യടനത്തില്‍ കളിക്കുന്നതിനെ പറ്റി കോലി സംസാരിച്ചിരുന്നതായി ഡല്‍ഹി പരിശീലകനും മുന്‍ ഇന്ത്യന്‍ താരവുായ സരന്‍ദീപ് സിങ് പറഞ്ഞിരുന്നു.
'ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് സീരിസിന് മുന്‍പ് രണ്ട് ഇന്ത്യ എ മല്‍സരങ്ങള്‍ കളിക്കണമെന്ന് കോലി പറഞ്ഞിരുന്നു. പെട്ടെന്ന് അറിയുന്നത് ടെസ്റ്റ് മതിയാക്കി എന്നാണ്. ഫിറ്റ്നസ് പ്രശ്നമോ ഫോം പ്രശ്നമോ താരത്തിനില്ലായിരുന്നു. ഇംഗ്ലണ്ടിനെതിരെ മൂന്ന് സെഞ്ചറി നേടണമെന്നാണ് രഞ്ജി സമയത്ത് എന്നോട് പറഞ്ഞത്' എന്നും അദ്ദേഹം പറഞ്ഞു.