അപ്രതീക്ഷിതമായാണ് തിങ്കളാഴ്ച ഉച്ചയോടെ വിരാട് കോലി ടെസ്റ്റില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചത്. രോഹിത് ശര്‍മയുടെ വിരമിക്കലിന് പിന്നാലെയാണ് വിരാട് കോലിയുടെയും തീരുമാനം. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം രോഹിത് ശര്‍മ വിരമിക്കല്‍ പ്രഖ്യാപിച്ച മേയ് ഏഴാം തീയതി തന്നെ കോലിയും വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ വിവരം പുറത്തുവിടാന്‍ കുറച്ചുദിവസം കാത്തിരിക്കാന്‍ ബിസിസിഐ കോലിയോട് ആവശ്യപ്പെടുകയായിരുന്നു.
ഓപ്പറേഷന്‍ സിന്ദൂരും പാക്കിസ്ഥാനെതിരായ സൈനിക നടപടിയും മൂര്‍ച്ചിച്ച സമയത്ത് വിരമിക്കല്‍ പ്രഖ്യാപിക്കുന്നത് മാറ്റിവെയ്ക്കാന്‍ ബിസിസിഐ കോലിയോട് ആവശ്യപ്പെട്ടെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വെടിനിര്‍ത്തല്‍ ധാരണ പുറത്തുവന്നതിന് പിന്നാലെ തിങ്കളാഴ്ച വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് കോലി ബിസിസിഐയെയും സെലക്ടര്‍മാരെയും അറിയിച്ചു.
ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകളുള്ള പരമ്പര മുന്നില്‍ നില്‍ക്കെ ഇത്തരമൊരു തീരുമാനത്തോട് ബിസിസിഐ അനുകൂലമായിരുന്നില്ല. ധൃതിയില്‍ തീരുമാനമെടുക്കരുതെന്നും വിരമിക്കുന്നതിനെ പറ്റി കൂടുതല്‍ ചിന്തിക്കണമെന്നുമാണ് ബിസിസിഐയും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും കോലിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ കോലി തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.
ഇന്ത്യക്കായി 123 ടെസ്റ്റുകളില്‍ കളിച്ച വിരാട് കോലി 46.85 ശരാശരിയില്‍ 9230 റണ്‍സാണ് നേടിയത്. 30 സെഞ്ച്വറികളും 31 അര്‍ധസെഞ്ച്വറികളുമാണ് വിരാടിന്റെ പേരിലുള്ളത്. 2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ കിംഗ്സ്റ്റണിലാണ് കോഹ്‌ലി ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറിയത്. 2014 ഡിസംബറിലാണ് കോലി ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായത്.
കഴിഞ്ഞ അഞ്ച് വര്‍ഷമായി കോലിയുടെ ശരാശരി കുത്തനെ ഇടിഞ്ഞിരുന്നു. ബോര്‍ഡര്‍–ഗവാസ്കര്‍ പരമ്പരയിലെ അഞ്ച് മല്‍സരങ്ങളില്‍ 23.75 ആയിരുന്നു കോലിയുടെ ശരാശരി. ഓഫ് സ്റ്റംപിലാണ് പരമ്പരയില്‍ ഏഴുതവണ കോലി പുറത്തായത്.