ആരാധകരുടെ ഹൃദയം തകര്‍ത്താണ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരാട് കോലി വിരമിക്കുകയാണെന്ന വാര്‍ത്തയെത്തിയത്. താരം തന്നെ ഇക്കാര്യം വെളിപ്പെടുത്തിയതിന് പിന്നാലെ 'വിരാടകാലം' ഓര്‍ത്തെടുത്ത് ഒട്ടേറെ ആരാധകര്‍ എത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ തന്‍റെ പ്രിയതമന്‍റെ ടെസ്റ്റ് ക്രിക്കറ്റ് കാലം ഓര്‍ത്തെടുക്കുകയാണ് അനുഷ്ക. മറ്റുള്ളവര്‍ വിരാടിന്‍റെ നേട്ടങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ കാണിക്കാത്ത കണ്ണീരിനെക്കുറിച്ചം പോരാട്ടത്തെക്കുറിച്ചുമാണ് അനുഷ്ക ഓര്‍ക്കുന്നത്.
അവര്‍ സംസാരിക്കുന്നത് നിന്‍റെ റെക്കോര്‍ഡുകളെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചുമാണ്. പക്ഷേ ഞാന്‍ ഓര്‍ക്കുന്നത് നീ ആര്‍ക്കു മുന്നിലും കാണിക്കാത്ത കണ്ണീരിനെക്കുറിച്ചും ആരും കണ്ടിട്ടില്ലാത്ത പോരാട്ടങ്ങളും, ഈ ഫോർമാറ്റിനോട് നീ നൽകിയ സ്നേഹവുമാണ്. ഇതിനെല്ലാമായി നിങ്ങള്‍ എത്രമാത്രം സഹിച്ചുവെന്ന് എനിക്കറിയാം. ഒരോ ടെസ്റ്റ് സീരീസിന് ശേഷവും നിങ്ങള്‍ കൂടുതല്‍ ബുദ്ധിമാനും വിനയാന്വിതനുമായി തിരിച്ചെത്തും. ഈ അനുഭവങ്ങളിലൂടെ നിങ്ങള്‍ വളരുന്നത് കാണാന്‍ എനിക്ക് അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നു. എപ്പോഴും എനിക്ക് തോന്നിയിരുന്നത് നീ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിടപറയുന്നത് വെളുത്ത യൂണിഫോമിലായിരിക്കുമെന്നായിരുന്നു. പക്ഷേ, നീ എപ്പോഴും ഹൃദയത്തിന്റെ വാക്കു കേട്ടാണ് നീങ്ങിയതെന്ന് എനിക്കറിയാം. അതുകൊണ്ടാണ് ഞാൻ ഇങ്ങനെ പറയുന്നത്. എന്റെ പ്രിയപ്പെട്ടവനേ ഈ വിടയ്ക്ക് നീ പൂർണമായി അർഹനാണ്. എന്നാണ് വിരാടിനൊപ്പം ഗ്രൗണ്ടില്‍ നിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് അനുഷ്ക കുറിച്ചത്.
പ്രണയത്തിന് സാമൂഹ്യമാധ്യമങ്ങളില്‍ പലരും നല്‍കുന്ന പേരാണ് അനുഷ്കയും വിരാടും. വിരാടിന്‍റെ പ്രകടനങ്ങള്‍ കാണാനായി ഗാലറിയില്‍ എത്തുന്ന അനുഷ്ക എന്നും വിരാട് ആരാധകര്‍ക്ക് പ്രിയപ്പെട്ടവളാണ്. എന്നാല്‍ വിരാടിന്‍റെ മോശം ഫോമില്‍ പലതവണ അവള്‍ക്ക് പഴി കേള്‍ക്കേണ്ടി വന്നിട്ടുമുണ്ട്. വിജയത്തിലും പരാജയത്തിലും സന്തോഷത്തിലും സങ്കടത്തിലും ഏത് വലിയ തിരക്കിലും അനുഷ്കക്കായി സമയം കണ്ടെത്തുന്ന വിരാടിന്‍റെ വിഡിയോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്.
2014 ഡിസംബറിലാണ് കോലി ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായത്. 36കാരനായ കോലി 123 ടെസ്റ്റുകളില്‍ നിന്നായി 9230 റണ്‍സുകളാണ് നേടിയത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി കോലിയുടെ ശരാശരി കുത്തനെ ഇടിഞ്ഞിരുന്നു. ബോര്‍ഡര്‍–ഗവാസ്കര്‍ പരമ്പരയിലെ അഞ്ച് മല്‍സരങ്ങളില്‍ 23.75 ആയിരുന്നു കോലിയുടെ ശരാശരി. ഓഫ് സ്റ്റംപിലാണ് പരമ്പരയില്‍ ഏഴുതവണ കോലി പുറത്തായത്. കഴിഞ്ഞ വര്‍ഷം വിന്‍ഡീസിനെ തകര്‍ത്ത് ട്വന്‍റി20 ലോകകപ്പ് നേടിയതിന് പിന്നാലെ കോലി രാജ്യാന്തര ട്വന്‍റി20യില്‍ നിന്ന് വിരമിച്ചിരുന്നു. ഐപിഎല്‍ ഈ സീസണില്‍ 11 കളികളില്‍ നിന്നായി മൂന്ന് അര്‍ധ സെഞ്ചറികള്‍ ഉള്‍പ്പടെ 505 റണ്‍സാണ് കോലി അടിച്ചു കൂട്ടിയത്.