Image Credit: X/Pakistan Super League, Karachi Kings
ഐപിഎല്ലിനൊപ്പം നടത്തപ്പെടുന്നതിനാല്‍ മികച്ച താരങ്ങളുടെ അഭാവം പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിനുണ്ടായിരുന്നു. ഐപിഎല്ലിലെ അള്‍സോള്‍ഡ് താരങ്ങളാണ് പിഎസ്എല്ലിലെ പ്രധാന താരങ്ങള്‍. മല്‍സരങ്ങള്‍ ആരംഭിച്ച ശേഷം പിഎസ്എല്ലിലെ സമ്മാനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളായി മാറിയിട്ടുണ്ട്. സെഞ്ചറിയടിച്ച താരത്തിന് ഹെയര്‍ ഡ്രൈയറും മല്‍സര വേദിയില്‍ പ്രദര്‍ശിപ്പിച്ച 70 സിസി ബൈക്കുമെല്ലാം പിഎസ്എല്ലിനെ ഐപിഎല്ലുമായി താരതമ്യം ചെയ്ത് ട്രോളുകളാണ് സോഷ്യല്‍ മീഡിയ.
ശനിയാഴ്ച മുള്‍ട്ടാന്‍ സുല്‍ത്താനെതിരെ നടന്ന മല്‍സരത്തില്‍ സെഞ്ചറി നേടി മല്‍സരം വിജയിപ്പിച്ച കറാച്ചി കിങ്സിന്‍റെ ജെയിംസ് വിന്‍സിനാണ് ഹെയര്‍ ഡ്രൈയര്‍ സമ്മാനമായി ലഭിച്ചത്. 14 ഫോറും നാല് സിക്സറും സഹിതം 43 പന്തില്‍ 101 റണ്‍സാണ് വിന്‍സി നേടിയത്. മല്‍സര ശേഷം റിലയബിള്‍ പ്ലെയര്‍ ഓഫ് ദ മാച്ച് അവാര്‍ഡായാണ് താരത്തിന് ഡോലൻസ് ബ്രാന്‍ഡിന്‍റെ ഹെയര്‍ ഡ്രൈയര്‍ സമ്മാനമായി ലഭിച്ചത്.
മല്‍സര ശേഷം സമ്മാനത്തെ ട്രോളി വിന്‍സ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടു. ഹോട്ടൽ ഡ്രയറിൽ മനോഹരമായ അപ്‌ഗ്രേഡ് എന്നാണ് താരം ചിത്രം പങ്കുവച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
മൈതാനത്ത് പ്രദര്‍ശിപ്പിച്ച 70 സിസി പാക്കിസ്ഥാന്‍ ബൈക്കാണ് മറ്റൊരു ട്രോള്‍ വിഷയം. പിഎസ്എല്ലിലെ മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡാണ് ഈ ബൈക്ക് എന്നാണ് സോഷ്യല്‍ മീഡിയയിലെ ട്രോള്‍. ഐപിഎല്ലില്‍ ടാറ്റ കെര്‍വ് കാര്‍ സമ്മാനമായി നല്‍കുമ്പോള്‍ പിഎസ്എല്ലിന് ബൈക്കാണ് എന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഇത് നിഷേധിച്ച് പാക്ക് മാധ്യമപ്രവര്‍ത്തകന്‍ ഇമ്രാന്‍ സിദ്ദിഖ് എക്സില്‍ വിശദീകരണം പോസ്റ്റ് ചെയ്തിട്ടുണ്ട്.
'കഴിഞ്ഞ ദിവസം മുതല്‍ ഇന്ത്യന്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ തെറ്റായ പ്രചാരണം നടത്തുകയാണ്. ഈ ബൈക്ക് പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡല്ല മറിച്ച് മല്‍സരം കാണാനെത്തുന്ന ആരാധകര്‍ക്ക് ഓരോ ദിവസവും ഓരോ ബൈക്ക് ലഭിക്കും' എന്നാണ് സിദ്ദിഖിന്‍റെ പോസ്റ്റ്. അതേസമയം ചൈനീസ് വാഹന നിര്‍മാതാക്കളായ ബിവൈഡിയുടെ ഇവി യാണ് സമ്മാനമായി നല്‍കുന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ പാക്ക് ആരാധകര്‍ അവകാശപ്പെടുന്നുണ്ട്.