ഏകദിന ലോകകപ്പില്‍ തോല്‍വി, ട്വന്‍റി 20 ലോകകപ്പ് കിരീടം, ഇപ്പോഴിതാ ചാംപ്യന്‍സ് ട്രോഫി കിരീടവും. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഐസിസി ടൂര്‍ണമെന്‍റുകളിലെ ഇന്ത്യന്‍ ഏകാധിപത്യം തുടരുകയാണ്. മൂന്ന് ഐസിസി ഫൈനലുകളിലാണ് ഇക്കാലയളവില്‍ ഇന്ത്യ കളിച്ചത്. ഇതില്‍ രണ്ട് കിരീടം.
2023 ഏകദിന ലോകകപ്പ് മുതലാണ് ഇന്ത്യന്‍ തേരോട്ടം തുടങ്ങിയത്. ഫൈനല്‍ വരെ പത്ത് മത്സരങ്ങളാണ് ഇന്ത്യ തോല്‍ക്കാതെ മുന്നേറിയത്. ഫൈനലില്‍ 240 റണ്‍സിന്‍റെ ചെയ്സില്‍ ഓസ്ട്രേലിയയോട് ആറു വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. 10-1 നാണ് ഇന്ത്യ ഏകദിന ലോകകപ്പ് അവസാനിപ്പിച്ചത്.
2024 ലെ ട്വന്‍റി 20 ലോകകപ്പോടെയാണ് 11 വര്‍ഷം നീണ്ട ഐസിസി കിരീട ദാഹം ഇന്ത്യ അവസാനിപ്പിച്ചത്. തോല്‍ക്കാതെയാണ് ഇന്ത്യ ടൂര്‍ണമെന്‍റ് നേടിയത്. ടൂര്‍ണമെന്‍റിലൂടനീളം എട്ട് മത്സരങ്ങളാണ് ഇന്ത്യ വിജയിച്ചത്. ഒരു മത്സരം ഫലമില്ലാതെയായി. ദക്ഷിണാഫ്രിക്കയെ ഏഴു റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. 2007 ലെ ആദ്യ കിരീട നേട്ടത്തിന് ശേഷമാണ് ഇന്ത്യയുടെ ട്വന്‍റി20 കിരീടം.
ചാംപ്യന്‍സ് ട്രോഫിയില്‍ 5 മത്സരങ്ങളാണ് ഇന്ത്യ തോല്‍വി അറിയാതെ പൂര്‍ത്തിയാക്കിയത്. ന്യൂസീലന്‍ഡിനെതിരായ നാല് വിക്കറ്റ് ജയത്തോടെ 12 വര്‍ഷത്തിന് ശേഷം ഐസിസി ഏകദിന കിരീടവും ഇന്ത്യ സ്വന്തമാക്കി. കഴിഞ്ഞ മൂന്ന് ടൂർണമെന്റുകളിലായി 25 മത്സരങ്ങൾ കളിച്ച ഇന്ത്യ 23 എണ്ണത്തിലും വിജയിച്ചു. ഒരു മത്സരം മാത്രമാണ് തോറ്റത്.