sanju-samson-firstball-duck

തുടര്‍ച്ചയായി മൂന്നു മത്സരങ്ങളില്‍ പരാജയപ്പെട്ടതോടെ സഞ്ജു സാംസണ്‍ ഇനിയുള്ള മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുമോ എന്നതിലാണ് ചര്‍ച്ച. ഓപ്പണിങില്‍ സഞ്ജു പരാജയപ്പെടുമ്പോള്‍ ബാക്ക്അപ്പ് വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷന്‍ ഫോമിലേക്ക് ഉയരുകയാണ്. തിലക് വര്‍മ പരുക്കിന് ശേഷം ടീമിലേക്ക് തിരികെ എത്തുമ്പോള്‍ സഞ്ജുവോ ഇഷാനോ എന്ന് ടീം മാനേജ്െമന്‍റിന് തീരുമാനിക്കേണ്ടി വരും. 

10, 6, 0 എന്നിങ്ങനെയാണ് സഞ്ജു ന്യൂസീലന്‍ഡിനെതിരായ പരമ്പരയിലെ ആദ്യ മൂന്നു മത്സരങ്ങളില്‍ നേടിയ സ്കോര്‍. വിക്കറ്റിന് മുന്നില്‍ പന്ത് നേരിടുമ്പോള്‍ സഞ്ജുവിന് പിഴക്കുന്നത് എവിടെയാണ്. ഇതിന് മറുപടി നല്‍കുകയാണ് മുന്‍ ഇന്ത്യന്‍ ബാറ്റ്സ്മാനായ ഡബ്ഡു.വി രാമന്‍. ബാറ്റിങിലെ സാങ്കേതിക പോരായ്മകളും മാനസിക സമ്മര്‍ദ്ദവുമാണ് സഞ്ജുവിനെ ബാധിക്കുന്നതെന്നാണ് രാമന്‍ വിലയിരുത്തുന്നത്. 

ബാറ്റിങിന്‍റെ വേഗതയും വ്യത്യസ്ത വേഗതയെ നേരിടുന്നതിലെ പ്രശ്നങ്ങളുമാണ് സഞ്ജുവിന്റെ പ്രതിസന്ധി. വ്യത്യസ്ത വേഗതയില്‍ പന്തെറിയുന്നവര്‍ക്കെതിരെ അദ്ദേഹത്തിന്‍റെ ബാറ്റിന്‍റെ ഡൗണ്‍സ്വിംഗ് വേഗത ഒരുപോലെയാണ്. 130 കിലോമീറ്റര്‍ വേഗതയില്‍ വരുന്ന പന്തില്‍ ഇത് വിജയകരമായിരിക്കും. എന്നാല്‍ ഈ വേഗപരിധിക്ക് താഴേയോ മുകളിലോ ഉള്ള പന്തുകളില്‍ പ്രശ്നങ്ങളുണ്ടാകും. ഇതിനുള്ള പരിഹാരമായി പന്തിന്‍റെ വേഗം അനുസരിച്ച് ബാറ്റ് താഴേക്ക് ചലിപ്പിക്കുന്ന വേഗതയില്‍ മാറ്റം വരുത്തണം എന്നാണ് രാമന്‍റെ നിര്‍ദ്ദേശം. 

ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ സ്പോട്ടിന് വേണ്ടിയുള്ള മത്സരം സഞ്ജുവിന് മാനസിക സമ്മര്‍ദ്ദവും നല്‍കുന്നു. ടീമിലെ സ്ഥാനത്തെ സംബന്ധിച്ചാണ് മാനസിക സമ്മര്‍ദ്ദമുള്ളത്. ''വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് വലിയ മത്സരമുണ്ടെന്ന് സഞ്ജുവിന് അറിയാം. ഇത് മാനസിക സമ്മര്‍ദ്ദം നല്‍കുന്നു. അദ്ദേഹം കഴിവുള്ള താരമാണെന്നും രാമന്‍ പറഞ്ഞു. 

രാജസ്ഥാന്‍ റോയല്‍സിലെ ഹൈ പെര്‍ഫോമന്‍സ് ഡയറക്ടറായ സുബൈന്‍ ബറൂച്ചയും സഞ്ജുവിന്റെ സമീപകാല പ്രകടനത്തെ വിലയിരുത്തുന്നു. സാങ്കേതിക പ്രശ്നങ്ങളേക്കാള്‍ മാനസികാണ് കാര്യങ്ങളെന്നാണ് സഞ്ജുവിനൊപ്പം അടുത്ത് പ്രവര്‍ത്തിച്ച സുബൈന്‍ പറയുന്നത്. വ്യക്തത കുറവാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണം. ഇത് എല്ലാവര്‍ക്കും സംഭവിക്കാവുന്നതാണ്. സൂര്യകുമാര്‍ യാദവിന് ഈയിടെയുണ്ടായ അവസ്ഥ അദ്ദേഹം ചൂണ്ടിക്കാട്ടി.  മികച്ച ഗെയിം മാനേജ്മെന്റും ദുർബലമായ ഭാഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പരിശീലനവും ഫോം വീണ്ടും കണ്ടെത്താന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ENGLISH SUMMARY:

Sanju Samson's recent poor form in cricket matches has sparked discussions about his place in the Indian team. Experts analyze his technical batting issues and the mental pressure he faces, especially with Ishan Kishan in good form.