ചാംപ്യന്‍സ് ട്രോഫിയില്‍ ബംഗ്ലദേശിനെതിരെ അഞ്ചുവിക്കറ്റ് വീഴ്ത്തി വന്‍ തിരിച്ചുവരവ് നടത്തി പേസര്‍ മുഹമ്മദ് ഷമി. ലോകകപ്പിലും ചാംപ്യന്‍സ് ട്രോഫിയിലും അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന രണ്ടാം ഇന്ത്യന്‍ താരം, ഏകദിനത്തില്‍ അതിവേഗം 200 വിക്കറ്റ് എന്ന നേട്ടവും ഷമിക്ക് സ്വന്തമായി. എറിഞ്ഞ പന്തുകളുടെ അടിസ്ഥാനത്തില്‍ നേടിയ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ലോക റെക്കോര്‍ഡാണ് ഷമി തകര്‍ത്തത്. എന്നാല്‍ കളിച്ച മത്സരങ്ങളുടെ അടിസ്ഥാനത്തില്‍ ഷമി സ്റ്റാര്‍ക്കിന് പിന്നില്‍ രണ്ടാമതാണ്. പരുക്കില്‍നിന്ന് മോചിതനായി ടീമില്‍ ഇടംനേടിയ ഷമി മികച്ച ബോളിങ്ങിലൂടെ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്.

മുന്‍ ഇന്ത്യന്‍ പേസറും നിലവിലെ ബിസിസിഐ ചീഫ് സെലക്ടറുമായ അജിത് അഗാര്‍ക്കറാണ് മുന്‍പ് ഈ നേട്ടം കൈവരിച്ച ഇന്ത്യന്‍താരം. 133 മത്സരങ്ങളില്‍ നിന്നാണ്‌ അഗാര്‍ക്കര്‍ 200 വിക്കറ്റ് തികച്ചതെങ്കില്‍ 104 കളിയില്‍ നിന്നാണ് ഷമിയുടെ നേട്ടം.

സൗമ്യ സർക്കാര്‍, മെഹദി ഹസന്‍, ജേക്കർ അലി,  തന്‍സിം ഹസന്‍, തസ്കിന്‍ അഹമ്മദ് എന്നിവരുടെ വിക്കറ്റാണ് ഷമി വീഴ്ത്തിയത്. ഓപ്പണർ സൗമ്യ സർക്കാരാണു ബംഗ്ലദേശ് നിരയില്‍ ആദ്യം പുറത്തായത്. മുഹമ്മദ് ഷമിയുടെ ഓവറിലെ അവസാന പന്തു നേരിട്ട സൗമ്യ സർക്കാരിന്റെ (0) ബാറ്റിൽ എഡ്ജായ പന്ത് വിക്കറ്റ് കീപ്പർ കെ.എൽ. രാഹുൽ പിടിച്ചെടുക്കുകയായിരുന്നു. ഷമിയെറിഞ്ഞ ഏഴാം ഓവറിൽ മെഹ്ദി ഹസനെ (5) ഗിൽ ക്യാച്ചെടുത്തു മടക്കി. 68 റണ്‍‌സെടുത്ത ജേക്കര്‍ അലി ഷമിയുടെ പന്തില്‍ കോലിക്ക് ക്യാച്ച് നല്‍കി മടങ്ങി. അക്കൗണ്ട് തുറക്കുന്നതിന് മുന്‍പേ തന്‍സിം ഹസന്‍  ഷമിയുടെ പന്തില്‍ ബോള്‍ഡായി, മൂന്ന് റണ്‍സെടുത്ത തസ്കിന്‍ അഹമ്മദ് ശ്രേയസ് അയ്യര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി.

ആദ്യം ബാറ്റുചെയ്ത ബംഗ്ലദേശ് ഒരു ഘട്ടത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 35 റൺസ് എന്നനിലയിലായിരുന്നു. തൗഹിദ് ഹൃദോയിയുടെ സെഞ്ചറിയാണ് ബംഗ്ലദേശിന് 49.4 ഓവറിൽ 228 റണ്‍സെന്ന ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശ് 49.4 ഓവറിൽ 228 റൺസെടുത്തു. തൗഹിദ് ഹൃദോയ് 118 പന്തിൽ 100 റൺസടിച്ച് പുറത്തായി.

തൻസിദ് ഹസൻ (25 പന്തിൽ 25), റിഷാദ് ഹുസൈൻ (12 പന്തിൽ 18) എന്നിവരാണ് ബംഗ്ലദേശിന്റെ മറ്റു പ്രധാന സ്കോറർമാർ. ഹര്‍ഷിത് റാണ മൂന്നും അക്സര്‍ പട്ടേല്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. 

ENGLISH SUMMARY:

Jasprit Bumrah is not there but Mohammed Shami is. The veteran seamer ensured India did not miss their premier bowler in the opening match of the Champions Trophy 2025 against Bangladesh at the Dubai International Stadium. Playing his first ICC tournament since the ODI World Cup final in 2023, Shami broke Mitchell Starc's world record for the fastest to take 200 ODI wickets (in terms of balls bowled). He also became the fastest Indian to take 200 ODI wickets (in terms of matches), beating current BCCI chairman of selectors Ajit Agarkar by a huge margin.