തൊണ്ടിമുതല്‍ കേസില്‍ മുന്‍മന്ത്രി ആന്‍റണി രാജുവിന് തിരിച്ചടി. ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ജസ്റ്റിസ് സി.ജയചന്ദ്രന്‍റെ ബെഞ്ചാണ് അപ്പീലില്‍ വിധി പറഞ്ഞത്. ഇതോടെ ആന്‍റണി രാജുവിന് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ കഴിയില്ല. ഹര്‍ജിയെ സര്‍ക്കാരും നേരത്തേ എതിര്‍ത്തിരുന്നു. ആന്റണി രാജുവിന്റെ കൈവശത്തിൽ ഇരിക്കുമ്പോഴാണു തൊണ്ടിമുതലിൽ കൃത്രിമം നടന്നതെന്നു പ്രോസിക്യൂഷൻ തെളിയിച്ചിട്ടുണ്ടെന്നും, തൊണ്ടിമുതലിന് എന്തു സംഭവിച്ചു എന്നത് ആന്റണി രാജുവിനു മാത്രം അറിയുന്ന കാര്യമാണെന്നുമായിരുന്നു സർക്കാർ കോടതിയിൽ നല്‍കിയ റിപ്പോര്‍ട്ട്.
കോടതി ജീവനക്കാരനായ ഒന്നാം പ്രതി കോടതിയുടെ ഉത്തരവില്ലാതെയാണു തൊണ്ടി മുതൽ ആന്റണി രാജുവിനു നൽകിയത്. ശിക്ഷിക്കപ്പെട്ടതോടെ മത്സര വിലക്കു വന്നതിനാൽ സ്റ്റേ അനുവദിച്ചില്ലെങ്കിൽ അപരിഹാര്യമായ നഷ്ടമുണ്ടാകുമെന്നു ഹർജിക്കാരൻ വാദിക്കുന്നതിൽ കാര്യമില്ല. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതു മൗലികാവകാശത്തിന്റെ ഭാഗമല്ല. മത്സരിക്കണമെന്ന ആഗ്രഹം ശിക്ഷ സ്റ്റേ ചെയ്യാനുള്ള കാരണമാകില്ല. ജനപ്രതിനിധിയാകുന്നതിനും വളരെ മുൻപ് അഭിഭാഷകനായിരുന്ന കാലത്താണു കുറ്റകൃത്യം ചെയ്തത്. രാഷ്ട്രീയ ജീവിതം തകർക്കാൻ കെട്ടിച്ചമച്ച കേസ് ആണെന്ന വാദത്തിന് അടിസ്ഥാനമില്ല. കോടതി നിർദേശിച്ച പുനരന്വേഷണത്തിൽ തെളിവുകളും സാക്ഷി മൊഴികളും കൃത്യമായി ശേഖരിച്ചാണു പ്രതിയാക്കിയതെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നു. തൊണ്ടിമുതലില്‍ താന്‍ കൃത്രിമം കാണിച്ചിട്ടില്ല എന്നായിരുന്നു ആന്‍റണി രാജുവിന്‍റെ വാദം.