ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ബംഗ്ലദേശിനെ ആറുവിക്കറ്റിന് തോല്‍പിച്ചു. ശുഭ്മന്‍ ഗില്ലിന്റെ സെഞ്ചറിക്കരുത്തിലാണ് ഇന്ത്യന്‍ ജയം. 229 റണ്‍സ് വിജയലക്ഷ്യം 46.3 ഓവറില്‍ മറികടന്നു. 125 പന്തില്‍ നിന്നാണ് കരിയറിലെ എട്ടാം സെഞ്ചുറി നേട്ടം. കെ.എല്‍ രാഹുൽ 41, രോഹിത് ശർമ 41, വിരാട് കോലി 22, ശ്രേയസ് അയ്യര്‍ 15, അക്ഷർ പട്ടേൽ എട്ട് എന്നിങ്ങനെയാണ് മറ്റ് ഇന്ത്യൻ താരങ്ങളുടെ പ്രകടനങ്ങൾ.
ചാംപ്യന്‍സ് ട്രോഫിയില്‍ ബംഗ്ലദേശിനെതിരെ അഞ്ചുവിക്കറ്റ് വീഴ്ത്തി മുഹമ്മദ് ഷമി. ലോകകപ്പിലും ചാംപ്യന്‍സ് ട്രോഫിയിലും അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന രണ്ടാം ഇന്ത്യന്‍ താരം. ഏകദിനത്തില്‍ അതിവേഗം 200 വിക്കറ്റെന്ന നേട്ടവും ഷമിക്ക് സ്വന്തമായി. എറിഞ്ഞ പന്തുകളുടെ അടിസ്ഥാനത്തില്‍ നേടിയ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ലോക റെക്കോര്‍ഡാണ് ഷമി തകര്‍ത്തത്. എന്നാല്‍ കളിച്ച മത്സരങ്ങളുടെ അടിസ്ഥാനത്തില്‍ ഷമി സ്റ്റാര്‍ക്കിന് പിന്നില്‍ രണ്ടാമതാണ്. പരുക്കില്‍നിന്ന് മോചിതനായി ടീമില്‍ ഇടംനേടിയ ഷമി മികച്ച ബോളിങ്ങിലൂടെ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. അതേസമയം, ഏകദിന ക്രിക്കറ്റിൽ 11,000 റൺസെന്ന നേട്ടം ബംഗ്ലദേശിനെതിരായ മത്സരത്തിൽ രോഹിത് സ്വന്തമാക്കി..
ആദ്യം ബാറ്റുചെയ്ത ബംഗ്ലദേശ് ഒരു ഘട്ടത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 35 റൺസ് എന്നനിലയിലായിരുന്നു. തൗഹിദ് ഹൃദോയിയുടെ സെഞ്ചറിയാണ് ബംഗ്ലദേശിന് 49.4 ഓവറിൽ 228 റണ്‍സെന്ന ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശ് 49.4 ഓവറിൽ 228 റൺസെടുത്തു. തൗഹിദ് ഹൃദോയ് 118 പന്തിൽ 100 റൺസടിച്ച് പുറത്തായി.
തൻസിദ് ഹസൻ (25 പന്തിൽ 25), റിഷാദ് ഹുസൈൻ (12 പന്തിൽ 18) എന്നിവരാണ് ബംഗ്ലദേശിന്റെ മറ്റു പ്രധാന സ്കോറർമാർ. ഹര്‍ഷിത് റാണ മൂന്നും അക്സര്‍ പട്ടേല്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.