image:PTI
15 വര്‍ഷം ക്രിക്കറ്റിനായി സമര്‍പ്പിച്ച ജീവിതത്തില്‍ നിന്നും ഒടുവില്‍ സൗരാഷ്ട്രയുടെ സൂപ്പര്‍താരം ഷെല്‍ഡന്‍ ജാക്സണ്‍ വിരമിച്ചു. 105 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്നായി 21 സെഞ്ചറികളും 39 അര്‍ധ സെഞ്ചറികളുമടക്കം 7200 റണ്‍സ് അടിച്ചു കൂട്ടിയാണ് 38കാരനായ ജാക്സന്‍റെ മടക്കം. ഇത്ര മികച്ച ഫോമില്‍ കളിച്ചിട്ടും ഒരിക്കല്‍ പോലും ഇന്ത്യന്‍ ടീമിനായി ജഴ്സിയണിയാന്‍ ജാക്സന് ഭാഗ്യമുണ്ടായില്ല. ഗുജറാത്തിനോട് രഞ്ജിയില്‍ തോറ്റാണ് ജാക്സന്‍ വിരമിച്ചത്.
ടീമിന് എപ്പോഴും വിശ്വസിക്കാന്‍ കഴിയുന്ന ബാറ്ററും ഉജ്വല ഫീല്‍ഡറുമായിരുന്നു ജാക്സന്‍. നിശ്ചിത ഓവറുകളില്‍ ടീമിനായി വിക്കറ്റ് കീപ്പറുടെ റോളിലും താരം ഇറങ്ങി. രഞ്ജിയിലെ ഒടുവിലെ മല്‍സരത്തില്‍ 14 ഉം 27 ഉം റണ്‍സെടുക്കാന്‍ മാത്രമേ ജാക്സണ് കഴിഞ്ഞുള്ളൂ. കളിയില്‍ ഇന്നിങ്സിലും 98 റണ്‍സിനുമായിരുന്നു ഗുജറാത്തിന്‍റെ ജയം.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി ഐപിഎല്ലിലും ജാക്സണ്‍ കളിച്ചിട്ടുണ്ട്. 2011ഡിസംബറിലാണ് സൗരാഷ്ട്രയ്ക്കായി കന്നി മല്‍സരത്തിനിറങ്ങി. 2012–13 രഞ്ജി സീസണില്‍ ബാക് ടു ബാക് സെഞ്ചറികളടക്കം മൂന്ന് സെഞ്ചറിയും നാല് അര്‍ധ സെഞ്ചറിയും നേടിയിട്ടും ഇന്ത്യന്‍ ടീമിലേക്ക് പ്രവേശനം കിട്ടിയില്ല. പക്ഷേ അക്കൊല്ലം ഇന്ത്യ എ ടീമിനായി വെന്‍സ്റ്റിന്‍ഡിസിനെതിരെ കളിക്കാനുള്ള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
രഞ്ജി ട്രോഫി തുടങ്ങുന്നതിന് മുന്‍പ് തന്നെ വിരമിക്കല്‍ തീരുമാനം മനസിലുണ്ടായിരുന്നുവെന്നും പഞ്ചാബിനെതിരായ മല്‍സരത്തിന് മുന്‍പ് താന്‍ ടീമംഗങ്ങളോട് സംസാരിച്ചിരുന്നുവെന്നും ജാക്സണ്‍ വെളിപ്പെടുത്തി. ഇത്രയും നാള്‍ കളിക്കളത്തില്‍ തുടരാന്‍ കഴിയുമെന്ന് താന്‍ കരുതിയതല്ലെന്നും സാധ്യമാക്കിയ സര്‍വശക്തനോട് നന്ദിയുണ്ടെന്നും ജാക്സന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. 'സ്വപ്നത്തെ പിന്തുടരാന്‍ അനുവദിച്ച അമ്മയ്ക്കും സ്വപ്നത്തിനൊപ്പം ജീവിച്ച ഭാര്യയ്ക്കും രണ്ട് ആണ്‍ മക്കള്‍ക്കും താന്‍ നന്ദി പറയുന്നുവെന്നും ജാക്സണ്‍ കൂട്ടിച്ചേര്‍ത്തു. കരിയറില്‍ പിന്തുണച്ച ക്യാപ്റ്റന്‍, കോച്ച്, സുഹൃത്തുക്കള്‍ എന്നിവരെയെല്ലാം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ താരം മെന്‍ഷന്‍ ചെയ്തിട്ടുണ്ട്.