വിമര്‍ശനങ്ങള്‍ക്കു മറുപടി ഈ സെഞ്ചറി ധാരാളം. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ സെഞ്ചറിയുടെ കരുത്തില്‍ ഇന്ത്യയ്ക്കു നാലു വിക്കറ്റിന്റെ ജയം. ജയിക്കാന്‍ 305 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി
76 പന്തുകളിൽനിന്നാണ് രോഹിത് രാജ്യാന്തര കരിയറിലെ 49–ാം സെഞ്ചറി സ്വന്തമാക്കിയത്. ഏകദിന ക്രിക്കറ്റിൽ താരത്തിന്റെ 32–ാം സെഞ്ചറി കൂടിയാണിത്. 90 പന്തിൽ 119 റൺസെടുത്താണ് രോഹിത് പുറത്തായത്. ലിയാം ലിവിങ്സ്റ്റണിന്റെ 30ാം ഓവറിലെ നാലാം പന്തിൽ രോഹിത്തിനെ ആദിൽ റാഷിദ് ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു.
ഏഴു സിക്സുകളും 12 ഫോറുകളും രോഹിത് കട്ടക്കിൽ അടിച്ചുകൂട്ടി. 30 പന്തുകളിൽനിന്നായിരുന്നു രോഹിത് അർധ സെഞ്ചറിയിലെത്തിയത്. ഏകദിന ക്രിക്കറ്റിലെ സിക്സറുകളുടെ എണ്ണത്തിൽ വെസ്റ്റിൻഡീസിന്റെ ഇതിഹാസ താരം ക്രിസ് ഗെയ്‍ലിനെ രോഹിത് മറികടന്നു. 335 സിക്സുകളാണ് ഏകദിന മത്സരങ്ങളിൽനിന്ന് രോഹിത് ഇതുവരെ നേടിയിട്ടുള്ളത്.
മറുവശത്ത് ശുഭ്മാന്‍ ഗില്ലും വെറുതെയിരുന്നില്ല. മിന്നും ഫോമിലേക്ക് ഗില്‍ കൂടി ഉയര്‍ന്നതോടെ കാര്യങ്ങള്‍ ശുഭം. ഇന്ത്യയ്ക്കു സുരക്ഷിതമായി സ്കോര്‍ ബോര്‍ഡ് ചലിപ്പിക്കാന്‍ സാധിച്ചു. 52 പന്തുകളില്‍ നിന്ന് 60 റണ്‍സെടുത്താണ് ഗില്‍ പുറത്തായത്. മധ്യനിരയില്‍ ശ്രേയസ് അയ്യറും അക്സര്‍ പട്ടേലും ഫോമിലേക്ക് ഉയര്‍ന്നു. അയ്യര്‍ 44 റും പട്ടേല്‍ 41 ഉം റണ്‍സെടുത്തു.
ടോസ് നേടി ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ ഇംഗ്ലണ്ട് 49.5 ഓവറിൽ 304 റൺസെടുത്തു പുറത്തായി. 72 പന്തിൽ 69 റൺസെടുത്ത ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. 56 പന്തുകൾ നേരിട്ട ഓപ്പണർ ബെൻ ഡക്കറ്റ് 65 റൺസെടുത്തു പുറത്തായി. ലിയാം ലിവിങ്സ്റ്റൻ (32 പന്തിൽ 41), ജോസ് ബട്‍ലര്‍ (35 പന്തിൽ 34), ഹാരി ബ്രൂക്ക് (52 പന്തിൽ 31), ഫിൽ സോൾട്ട് (29 പന്തിൽ 26) എന്നിവരാണ് ഇംഗ്ലണ്ടിന്റെ മറ്റു പ്രധാന സ്കോറർമാർ. പത്തോവറുകൾ പന്തെറിഞ്ഞ രവീന്ദ്ര ജഡേജ 35 റൺസ് വഴങ്ങി മൂന്നു വിക്കറ്റുകൾ വീഴ്ത്തി.