image: x.com/BCCI/status
ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗങ്ങള്‍ക്ക് വജ്ര മോതിരം സമ്മാനം നല്‍കി ബിസിസിഐ. മുംബൈയില്‍ കഴിഞ്ഞയാഴ്ച നടന്ന നമന്‍ പുരസ്കാര വിതരണത്തിനിടയിലായിരുന്നു ഈ സമ്മാനമെത്തിയത്. ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് കഴിഞ്ഞ വര്‍ഷം ലോക ട്വന്‍റി20 കിരീടം ടീം സ്വന്തമാക്കിയതിന്‍റെ സന്തോഷ സൂചകമായിട്ടായിരുന്നു ഈ വജ്രമോതിരം. 2013ല്‍ ചാംപ്യന്‍സ് ട്രോഫി കിരീടനേട്ടത്തിന് ശേഷം ഇന്ത്യ നേടിയ പ്രധാന കിരീടമായിരുന്നു ഇത്.
പ്രത്യേകം തയ്യാറാക്കിയ മോതിരത്തില്‍ കളിക്കാരുടെ പേരും ജഴ്സി നമ്പറും അശോക ചക്രവും പതിച്ചിട്ടുണ്ട്. 'ചാംപ്യന്‍സ് റിങ്' എന്നാണ് മോതിരത്തിന്‍റെ പേര്. 'ടീം ഇന്ത്യയുടെ മാസ്മരിക പ്രകടനത്തിന് ചാംപ്യന്‍സ് റിങ് നല്‍കി ആദരിച്ചപ്പോള്‍. വജ്രം എക്കാലത്തേക്കുമുള്ളതാണ്. ഈ വിജയവും ജനകോടികളുടെ ഹൃദയങ്ങളില്‍ മായാതെ നില്‍ക്കും. ഈ ഓര്‍മകള്‍ എക്കാലവും ഞങ്ങളുടെ ഉള്ളില്‍ അലയടിച്ചുകൊണ്ടേയിരിക്കും എന്നും മോതിരം വിതരണം ചെയ്യുന്ന വിഡിയോയ്ക്കൊപ്പം ബിസിസിഐ കുറിച്ചു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഈ വിജയത്തിന് പിന്നാലെ വിരാട് കോലിയും രോഹിത് ശര്‍മയും ട്വന്‍റി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം രവീന്ദ്ര ജഡേജയും വിരമിച്ചു. വിട പറയാന്‍ ഇതിലും നല്ല സമയമില്ലെന്നും ഈ വിജയത്തിനായി, ഈ കിരീടത്തിനായാണ് കാത്തിരുന്നതെന്നുമായിരുന്നു വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മ പറഞ്ഞത്. നിറഞ്ഞ മനസോടെയാണ് താന്‍ ട്വന്‍റി20യില്‍ നിന്ന് വിരമിക്കുന്നതെന്നും അടുത്ത തലമുറയുടെ കാലാമാണ് വരുന്നതെന്നും കോലിയും പറഞ്ഞു.