Nagoya: From left, Indias Kiran, Prachi, Poovama Machettira, and Vithya Ramraj celebrate after winning gold medal in the women's 4 x 400 relay final in the ongoing Asian Games 2026, in Nagoya, Japan
ഏഷ്യൻ ഗെയിംസിന്റെ അത്‌ലറ്റിക്സിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം. വനിതകളുടെ 4×400 മീറ്റർ റിലേയിലാണ് ഇന്ത്യ പൊൻനേട്ടം സ്വന്തമാക്കിയത്. കിരൺ, മചെതിര പൂവമ്മ, പ്രാചി, വിദ്യ രാംരാജ് എന്നിവരടങ്ങിയ ടീമാണ് സ്വർണം സമ്മാനിച്ചത്. അവസാന ലാപ്പിൽ വിദ്യ രാംരാജിന്റെ മികച്ച കുതിപ്പാണ് ഇന്ത്യയ്ക്ക് സ്വർണം സമ്മാനിച്ചത്.
പുരുഷന്മാരുടെ 4×400 മീറ്റർ റിലേയിൽ തുടക്കത്തിൽ പാളിച്ചയുണ്ടായെങ്കിലും ഇന്ത്യ വെങ്കല മെഡൽ നേടി. 4×100 മീറ്റർ മിക്സഡ് റിലേയിലും സീസണിലെ മികച്ച സമയം കുറിച്ച ഇന്ത്യ വെങ്കലമണിഞ്ഞു.
5000 മീറ്ററിൽ വെങ്കലം നേടിയ ഗുൽവീർ സിങ് ഗെയിംസിൽ ഇന്ത്യയുടെ ആദ്യ ഹാട്രിക് മെഡൽ നേട്ടക്കാരനായി. 10,000 മീറ്ററിലും 1500 മീറ്ററിലും ഗുൽവീർ വെള്ളി നേടിയിരുന്നു.
ഹൈജംപിൽ പൂജ സിങ്ങും ഇന്ത്യയ്ക്കായി വെങ്കലം നേടി. 1.84 മീറ്റർ മറികടന്നാണ് പൂജയുടെ നേട്ടം. 800 മീറ്ററിൽ മത്സരിച്ച മലയാളി താരം മുഹമ്മദ് അഫ്സലിന് അവസാന സ്ഥാനമാണ് ലഭിച്ചത്.
അതേസമയം, വനിതകളുടെ ട്രാപ് ഷൂട്ടിങ്ങിൽ നീരു ധാണ്ട ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണം സ്വന്തമാക്കി. ഏഷ്യൻ റെക്കോർഡോടെയാണ് നീരു ഒന്നാമതെത്തിയത്. ട്രാപ് വിഭാഗത്തിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന നേട്ടവും നീരു സ്വന്തമാക്കി.
ട്രാപ് ഷൂട്ടിങ്ങിലെ ടീം ഇനത്തിലും നീരു ധാണ്ട ഉൾപ്പെട്ട ഇന്ത്യൻ ടീം വെള്ളി മെഡൽ നേടി.