TOPICS COVERED

ടോക്കിയോ ഒളിംപിക്സില്‍ നീരജ് ചോപ്ര സ്വര്‍ണം നേടുമ്പോള്‍ ഗാലറിയില്‍ നീരജിന്‍റെ പ്രകടനം മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഒരാള്‍ ഇരിക്കുന്നുണ്ടായിരുന്നു. ബയോ മെക്കാനിക്സ് വിദഗ്ധനായ ക്ലോസ് ബാർട്ടനീറ്റ്സ്. ഇന്ന് ടോക്കിയോ ലോക അത്​ലറ്റിക്സ്  മീറ്റിലും അതേയാള്‍ മൊബൈല്‍ കാമറയും ഓണാക്കി ഗാലറിയില്‍ കാത്തിരുന്നു.  ശിഷ്യന്‍രെ സ്വര്‍ണനേട്ടത്തിനായി.  അന്നും ഇന്നും ക്ലോസിന്‍റെ ശിഷ്യര്‍ മടങ്ങിയത് സ്വര്‍ണവുമായി. ഒളിംപിക്സില്‍ നീരജ് ചോപ്ര എങ്കില്‍, ലോക അത്​ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ ട്രിനിഡാഡിന്റെ കെഷോൺ വാൽക്കോട്ടിനെയാണ് ക്ലോസ് ബാർട്ടനീറ്റ്സ് പരിശീലിപ്പിച്ചത്.  

ജാവലിൻത്രോയിലെ വിസ്മയ നേട്ടങ്ങൾക്കു നീരജ് ചോപ്രയെ പരിശീലിപ്പിച്ച ജർ‌മൻ കോച്ചാണ് ക്ലോസ് ബാർട്ടനീറ്റ്സ്.  ബയോ മെക്കാനിക്സ് വിദഗ്ധനായ ക്ലോസ് ബാർട്ടനീറ്റ്സ് 2019 മുതൽ നീരജിന്റെ പരിശീലകനാണ്. കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് ക്ലോസ്, നീരജിന്റെ പരിശീലക സ്ഥാനത്തുനിന്ന് ഒഴിഞ്ഞത്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കണമെന്നറിയിച്ചായിരുന്നു എഴുപത്തഞ്ചുകാരനായ ബാർട്ടനീറ്റ്സിന്റെ പിൻമാറ്റം. 

32ാം വയസില്‍ ലോകചാംപ്യന്‍

2012 ലണ്ടന്‍ ഒളിപിക്സില്‍ സ്വര്‍ണം നേടുമ്പോള്‍ കെഷോണ്‍ വാല്‍ക്കോട്ടിന് പ്രായം 19 വയസ്. ലോക ജൂനിയര്‍ ചാംപ്യന്‍ഷിപ്പിലും ഒളിംപിക്സിലും ഒരേവര്‍ഷം സ്വര്‍ണം നേടുന്ന ആദ്യ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് താരമായി കെഷോണ്‍ ചിരത്രമെഴുതി. പിന്നീട് പാന്‍ അമേരിക്കന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും മെഡല്‍ പട്ടികയില്‍ ഇടംപിടിച്ചു.

എന്നാല്‍ ടോക്കിയോ ഒളിംപിക്സില്‍ കെഷോണിന് ഫൈനലിലേക്ക് യോഗ്യത നേടാനായില്ല. കെഷോണിന്റെ കരിയറിലെ തിരിച്ചുവരവാണ് ലോക അത്​ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ കണ്ടത്. ക്ലോസ് ബാർട്ടനീറ്റ്സ് പരിശീലകനായി മാസങ്ങള്‍ക്കകം കെഷോണ്‍ ലോകചാംപ്യനായി. 88.16 മീറ്റര്‍ ദൂരമെറിഞ്ഞാണ് കെഷോണ്‍ സ്വര്‍ണം നേടിയത്. ഒളിംപിക്സ് സ്വര്‍ണം നേടി 13 വര്‍ഷങ്ങള്‍ക്ക് ശേഷം 32ാം വയസിലാണ് കെഷോണ്‍ ലോകചാംപ്യനാകുന്നത്.

ENGLISH SUMMARY:

Klaus Bartonietz is a renowned biomechanics expert and athletics coach. He coached both Neeraj Chopra and Keshorn Walcott to Olympic and World Championship gold medals respectively, showcasing his expertise in javelin throw training.