ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ജാവലിൻ ത്രോ ഫൈനലിൽ ഇന്ത്യയുടെ ഒളിമ്പിക്സ് സ്വർണ്ണ മെഡൽ ജേതാവ് നീരജ് ചോപ്ര പുറത്തായി. 85 മീറ്ററിനപ്പുറം കണ്ടെത്താൻ താരത്തിനായില്ല. ഇതോടെ, അവസാന ആറ് പേരുടെ പട്ടികയിലേക്ക് മുന്നേറാൻ കഴിയാതെ നീരജ് മത്സരം അവസാനിപ്പിച്ചു. ട്രിനിഡാഡിന്റെ കെഷോൺ വാൽക്കോട്ടിന് സ്വര്‍ണം നേടി.
നീരജിന്റെ പ്രകടനം നിരാശപ്പെടുത്തി
ആദ്യ ശ്രമത്തിൽ 83 മീറ്റർ കണ്ടെത്തിയ നീരജ്, രണ്ടാം ത്രോയിൽ 84.03 മീറ്റർ ദൂരമെറിഞ്ഞ് എട്ടാം സ്ഥാനത്തേക്ക് ഉയർന്നു. എന്നാൽ, അവസാന ആറ് സ്ഥാനങ്ങളിലേക്ക് മുന്നേറാൻ ഈ പ്രകടനം മതിയായിരുന്നില്ല. ദോഹ ഡയമണ്ട് ലീഗിൽ 90 മീറ്ററിനപ്പുറം ത്രോ എറിഞ്ഞ് മികച്ച പ്രകടനം കാഴ്ചവെച്ച നീരജിൽ നിന്ന് ഈ ലോകവേദിയിൽ വലിയൊരു പ്രകടനം പ്രതീക്ഷിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ശരീരഭാഷയിൽത്തന്നെ നിരാശ പ്രകടമായിരുന്നു. ഇത് നീരജിന്റെ കരിയറിലെ മോശം ദിനമായി കണക്കാക്കുന്നു.
സച്ചിൻ യാദവ് ഇന്ത്യൻ പ്രതീക്ഷയായി
നീരജിന്റെ പുറത്താകൽ നിരാശപ്പെടുത്തിയെങ്കിലും, മറ്റൊരു ഇന്ത്യൻ താരമായ സച്ചിൻ യാദവ് മികച്ച പ്രകടനവുമായി മുന്നേറി. 86.27 മീറ്റർ ദൂരമെറിഞ്ഞ് സച്ചിൻ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്. ഇതിനുമുമ്പ് ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിട്ടുണ്ട് സച്ചിൻ.