ഫയല്‍ ചിത്രം.
കോണ്‍ഗ്രസിന്‍റെ ആദ്യഘട്ടപ്പട്ടിക നാളെ പ്രഖ്യാപിക്കും. രണ്ടാംഘട്ട പട്ടിക ബുധനാഴ്ച. തെക്കൻ ജില്ലകളിൽ തട്ടി നിൽക്കുന്ന സ്ഥാനാർഥി ചർച്ച പൂർത്തിയാക്കാന്‍ നേതാക്കൾ നാളെ ഡൽഹിയിൽ യോഗം ചേരും. ഈഴവരെ സ്ഥാനാർഥിത്വത്തിൽനിന്നും തഴയുന്നുവെന്ന് എംപിമാർ അടക്കമുള്ളവർ ഹൈക്കമാൻഡിനോട് പരാതിപ്പെട്ടു. ചർച്ചകളിൽനിന്ന് മാറ്റിനിർത്തുന്നു എന്ന പരാതി തരൂരിനും ഉണ്ട്.
യു.ഡി.എഫ് നൂറിലധികം സീറ്റുകള്‍ നേടുമെന്നും പുതുയുഗപ്പിറവിക്ക് ജനം തുടക്കമിടുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. 26 ദിവസത്തിനുള്ളിൽ കേരളത്തിലെ ദുർഭരണം അവസാനിക്കുമെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞത്.
24 മണിക്കൂറിനകം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് വിഡി സതീശനും രണ്ടു ദിവസത്തനകം കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകുമെന്ന് കെ.സി വേണുഗോപാലും പറഞ്ഞു. ജി സുധാകരനുമായി സംസാരിച്ചിട്ടില്ല. അമ്പലപ്പുഴ സീറ്റിൽ തീരുമാനമെടുക്കുമെന്നും കെ.സി പറഞ്ഞു. ലീഗുമായി പ്രശ്‌നമില്ല. സീറ്റ് ധാരണയിൽ അവസാനവട്ട മിനുക്ക് പണി നടക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചിയില്‍ ആലുവ പാലസില്‍ കോണ്‍ഗ്രസ് – ലീഗ് നേതാക്കള്‍ ചര്‍ച്ച നടത്തി. കോണ്‍ഗ്രസ് – ലീഗ് സീറ്റ് ചര്‍ച്ച പൂര്‍ത്തിയായെന്നും യുഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഒരുമിച്ചെന്ന് വി.ഡി.സതീശന്‍ പറഞ്ഞു. സീറ്റിന്റെ എണ്ണം കുറയില്ലെന്നും പി.കെ.കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. ലീഗ് സ്ഥാനാര്‍ഥികളെ ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്ന് സാദിഖലി തങ്ങള്‍ വ്യക്തമാക്കി. ലീഗ് നേതൃയോഗം തിങ്കളാഴ്ച ചേരും.
ഏപ്രില്‍ ഒന്‍പതിനാണ് കേരളത്തില്‍ തിരഞ്ഞെടുപ്പ് നടക്കുക. അഞ്ച് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ മേയ് നാലിന് നടക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വന്നു. കേരളത്തില്‍ തിങ്കളാഴ്ച തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. മാര്‍ച്ച് 23 വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. 24 നാണ് സൂക്ഷ്മ പരിശോധന. 26 വരെ പത്രിക പിന്‍വലിക്കാന്‍ അവസരമുണ്ട്. ഏപ്രില്‍ 9ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണല്‍ മേയ് നാലിനും നടത്തും. മേയ് ആറിനകം തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കുമെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ അറിയിച്ചു.