കടുത്ത സാമ്പത്തിക പ്രയാസത്തെ തുടര്‍ന്ന് നവജാത ശിശുവിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച അമ്മയ്ക്ക്, അവരുടെ അഭ്യര്‍ഥന പ്രകാരം കുഞ്ഞിനെ തിരികെ നല്‍കി. മനോരമന്യൂസ് വാര്‍ത്തയെ തുടര്‍ന്ന് മന്ത്രി ഇടപെട്ടാണ് കുഞ്ഞിനെ കൈമാറല്‍ വേഗത്തിലാക്കിയത്. വളര്‍ത്താന്‍ നിര്‍വാഹമില്ലാതായതോടെ മാര്‍ച്ച് പന്ത്രണ്ടിനാണ് എട്ടു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ യുവതി അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചത്.
കുഞ്ഞിനെ പിരിഞ്ഞ് ഒന്നരമാസം കഴിഞ്ഞതോടെ കഠിന ദുഃഖത്തിലായ യുവതി കുഞ്ഞിനെ തിരികെ ലഭിക്കാന്‍ ശിശു സംരക്ഷണ സമിതിക്ക് അപേക്ഷേ നല്‍കി. എന്നാല്‍ ഡിഎന്‍എ പരിശോധനയ്ക്കടക്കം ചെലവായ തുകയായി 25,000 രൂപ അടയ്ക്കാതെ കുഞ്ഞിനെ നല്‍കില്ലെന്ന നിലപാടിലായിരുന്നു അധികൃതര്‍. യുവതിയുടെ വിഷമാവസ്ഥ മനോരമന്യൂസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ മന്ത്രി ഇടപെടുകയും ഡിഎന്‍എ ഫലം പോസിറ്റീവ് ആണെങ്കില്‍ ഉടന്‍ തന്നെ കുഞ്ഞിനെ കൈമാറാന്‍ ഉത്തരവിടുകയും ചെയ്തു. ഡിഎന്‍എ പരിശോധനാഫലം പോസിറ്റീവായതോടെ കുഞ്ഞിനെ അമ്മയ്ക്ക് കൈമാറുകയായിരുന്നു.