യുഡിഎഫ് സർക്കാർ പഴ്സനല്‍ സ്റ്റാഫായി ഇതുവരെ നിയമിച്ചത് 479 പേരെ; മുഖ്യമന്ത്രി 31 പേരെ നിയമിച്ചപ്പോൾ രമേശ് ചെന്നിത്തലയും പികെ കുഞ്ഞാലിക്കുട്ടിയും ഉൾപ്പെടെ ഏഴ് മന്ത്രിമാർ 25 പേരെ വീതം നിയമിച്ചു. സ്റ്റാഫുകളിൽ 323 എണ്ണവും രാഷ്ട്രീയ നിയമനമാണ്. നിയമന പട്ടിക മനോരമ ന്യൂസിന്. സ്റ്റാഫുകൾക്ക് പെൻഷൻ ലഭിക്കാനുള്ള സർവീസ് കാലാവധി കൂട്ടുമെന്ന വാഗ്ദാനം യുഡിഎഫ് സർക്കാരും ഇതുവരെ പാലിച്ചിട്ടില്ല.
മുഖ്യമന്ത്രി പറഞ്ഞതിനേക്കാൾ മൂന്നു പേർ കൂടുതൽ. ഓഗസ്റ്റ് 31 വരെയുള്ള കണക്കനുസരിച്ച് 479 പേരെയാണ് നിയമിച്ചത്. മുഖ്യമന്ത്രിക്കുള്ളത് 31 സ്റ്റാഫ്. രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി, സണ്ണി ജോസഫ്, ഷിബു ബേബി ജോൺ, എൻ.ഷംസുദ്ദീൻ, അനൂപ് ജേക്കബ്, റോജി എം. ജോൺ എന്നിവർ പാർട്ടി തീരുമാനിച്ചിട്ടുള്ള പരമാവധി എണ്ണമായ 25 പേരെയും നിയമിച്ചു.
കെ.മുരളീധരൻ, ഒ.ജെ.ജനീഷ് എന്നിവർ 24 പേരെയും പികെ ബഷീറും ബിന്ദു കൃഷ്ണയും 23 പേരെയും നിയമിച്ചപ്പോൾ സി.പി.ജോൺ, മോൻസ് ജോസഫ്, വി.ഇ.അബ്ദുൽ ഗഫൂർ എന്നിവർക്കൊപ്പം 22 പേർ വീതമാണുള്ളത്. എ.പി.അനിൽകുമാറിനും കെ.എ.തുളസിക്കുമുള്ളത് 20 സ്റ്റാഫാണ്. നിയമനത്തിൽ ഏറ്റവും പിന്നിൽ ടി.സിദ്ധിഖാണ്; 12 പേർ മാത്രം. 14 പേരുള്ള എം.ലിജുവും 15 പേരുള്ള പി.സി.വിഷ്ണുനാഥും 16 പേരുള്ള കെ.എം.ഷാജിയും സ്റ്റാഫിനെ നിയമിക്കുന്നതിൽ പിശുക്കു തുടരുകയാണ്. ചീഫ് വിപ്പ് അപു ജോൺ ജോസഫും 16 പേരെയാണ് നിയമിച്ചിട്ടുള്ളത്.
നിയമമനുസരിച്ച് മുഖ്യമന്ത്രിക്ക് ഇനിയും ആറു പേരെക്കൂടി നിയമിക്കാം. 13 മന്ത്രിമാരും അനുവദിച്ചിട്ടുള്ളത്രയും പേരെ കൂടെക്കൂട്ടിയിട്ടുമില്ല. അതായത് പഴ്സനല്‍ സ്റ്റാഫ് നിയമനത്തിൽ ഇതുവരെയുള്ള കണക്കനുസരിച്ച് യുഡിഎഫ് സർക്കാർ വഴിവിട്ടൊന്നും ചെയ്തിട്ടില്ല.
479 പേരിൽ 156 പേർ മാത്രമാണ് സർക്കാർ സർവീസിൽനിന്ന് ഡെപ്യൂട്ടേഷനിൽ വന്നവർ. ബാക്കി 323 പേരും രാഷ്ട്രീയം നോക്കി കൂടെക്കൂട്ടിയ ഇഷ്ടക്കാരാണ്. പ്രതിപക്ഷ നേതാവെന്ന നിലയിൽ പിണറായി വിജയനും പേഴ്സനൽ സ്റ്റാഫിനെ നിയമിച്ചിട്ടുണ്ട്; 23 പേർ. ഇതിൽ 18 പേരും രാഷ്ട്രീയം നോക്കി പുതുതായി നിയമിച്ചവരാണ്.
രണ്ടര വർഷം ജോലി ചെയ്താൽ പേഴ്സനൽ സ്റ്റാഫിന് ആജീവനാന്ത പെൻഷൻ കിട്ടും. കൂടുതൽ ഇഷ്ടക്കാർക്ക് പെൻഷൻ കിട്ടാൻ രണ്ടര വർഷം കഴിയുമ്പോൾ നിലവിലുള്ളവരെ മാറ്റി പുതിയവരെ നിയമിക്കുന്ന തട്ടിപ്പ് മുൻ ഇടതു സർക്കാർ നടത്തിയിരുന്നു. അതിനു തടയിടാനായി പെൻഷൻ സർവീസ് നാലു വർഷമാക്കി ഉയർത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ഭരണത്തിലേറിയ ശേഷം യുഡിഎഫും അത് മറന്ന മട്ടാണ്.