• ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഒപ്പിട്ട 465 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള കരാർ പിണറായി സർക്കാർ റദ്ദാക്കിയ സംഭവത്തിൽ യുഡിഎഫ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഒപ്പിട്ട 465 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള കരാർ പിണറായി മന്ത്രിസഭ റദ്ദാക്കിയതിന്റെ യാഥാർഥ്യം പരിശോധിക്കാൻ യുഡിഎഫ് സർക്കാർ. വൈദ്യുതി പ്രതിസന്ധി ചർച്ചയ്‌ക്കെത്തിയ കെഎസ്ഇബി ചെയർമാനോട് വസ്തുത പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി വി.ഡി.സതീശന്‍ നിർദേശിച്ചു. മുൻ ചെയർമാനായിരുന്ന ബി.അശോകിന്റെ തെറ്റായ നീക്കങ്ങളാണ് കരാർ പിൻവലിക്കാൻ ഇടയാക്കിയതെന്നും നിയമപരമായി പ്രശ്നങ്ങളില്ലെന്ന മുന്നറിയിപ്പ് അവഗണിച്ചെന്നും വിമർശനമുണ്ട്. ഇടപാട് രേഖകൾ ഉൾപ്പെടെ പരിശോധിച്ചാവും ഏതു മട്ടിലുള്ള അന്വേഷണം വേണമെന്ന് സർക്കാർ തീരുമാനിക്കുക.

ഒടുവിൽ അന്വേഷണത്തിലേക്ക്. കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കാനുള്ള കരാർ റദ്ദാക്കിയതിനു പിന്നിലെ ഉദ്യോഗസ്ഥ, സർക്കാർതല ഇടപെടലുകൾ വിശദമായി പരിശോധിക്കും. കടം വാങ്ങിയാൽ മാത്രം വൈദ്യുതി ബൾബ് കത്തുന്ന കേരളത്തിന്റെ നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് പകുതിയിലേറെ പരിഹാരമാകുമായിരുന്ന കരാറാണിത്. റദ്ദാക്കലിന്റെ ആണിക്കല്ലായി വിമർശനം ഉയരുന്നത് മുൻ കെഎസ്ഇബി ചെയർമാൻ ബി.അശോകിനെതിരെയാണ്.

സർക്കാരിന് ഗുരുതര പ്രതിസന്ധിയുണ്ടാക്കുമെന്ന് കാട്ടി അശോകാണ് വൈദ്യുതി മന്ത്രിക്ക് കത്തു നൽകിയതും മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ ശുപാർശയിൽ പിണറായി മന്ത്രിസഭ കരാർ റദ്ദാക്കാൻ തീരുമാനിച്ചതും. സർക്കാർ ശുപാർശയോടെ 2023 മേയിൽ റെഗുലേറ്ററി കമ്മിഷൻ കരാർ റദ്ദാക്കി. കേന്ദ്ര വൈദ്യുതി മന്ത്രാലയത്തിന്റെ ബിഡ്ഡിങ് മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന പിഴവ് നിരത്തിയായിരുന്നു റദ്ദാക്കൽ. കരാർ ഒഴിവാക്കിയാൽ 800 കോടി രൂപയുടെ ലാഭമുണ്ടാവുമെന്ന അശോകിന്റെ കണക്കുകൂട്ടലുകൾ പിഴച്ചു.

കരാറിലെ പിഴവുകൾ പരിഹരിക്കാൻ നിയമപരമായ അവസരമുണ്ടെന്ന് മുൻ കെഎസ്ഇബി ചെയർമാൻ പോൾ ആന്റണി ഉൾപ്പെടെയുള്ളവർ വൈദ്യുതി മന്ത്രിയെ അറിയിച്ചിരുന്നെങ്കിലും ഗൗരവത്തിലെടുത്തില്ല. കരാർ റദ്ദാക്കാൻ മുൻ സർക്കാർ ധൃതികൂട്ടിയെന്ന വിമർശനവും ഉയരുന്നുണ്ട്. സ്വകാര്യ കമ്പനികൾക്ക് നിലമൊരുക്കാനാണെന്ന ആക്ഷേപവും പരിശോധിക്കും. ബാഹ്യസമ്മർദമുണ്ടോയെന്നും കരാർ റദ്ദാക്കിയതിന്റെ സാങ്കേതികത്വവും നിയമവശങ്ങളും പരിശോധിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കാനുമാണ് മുഖ്യമന്ത്രി കെഎസ്ഇബി ചെയർമാനോട് നിർദേശിച്ചിട്ടുള്ളത്. കരാർ പുനഃസ്ഥാപിക്കാനുള്ള സുപ്രീം കോടതിയിലെ നിയമനടപടിയിലും സർക്കാർ പ്രത്യേക ശ്രദ്ധ പുലർത്തും.

ENGLISH SUMMARY:

The UDF government has ordered an inquiry into the previous Pinarayi Vijayan cabinet's decision to cancel the 465 MW power purchase agreement signed during the Oommen Chandy tenure. Chief Minister V.D. Satheesan instructed the KSEB Chairman to examine the complete documentation and submit a comprehensive report on the matter. The investigation primarily focuses on the actions of former KSEB Chairman B. Ashok, whose administrative recommendations led to the cancellation despite warnings regarding legal feasibility. The government will determine the formal mode of inquiry based on the report, while also closely monitoring ongoing Supreme Court proceedings to potentially restore the contract.