എക്സാലോജിക് – CMRL കേസില്‍ പണം ഇടപാട് വിവരിക്കുന്ന ടി.വീണയുടെ ഡയറി പുറത്ത്. ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചെന്നാണ് ഡയറിയിലുള്ളത്. ഫൈജാസ് എന്നയാള്‍ക്കാണ് പണം അയച്ചതെന്നാണ് കുറിപ്പ്. ഡയറിയിലെ കുറിപ്പിലുള്ളത് ഹവാല ഇടപാടിന് തെളിവെന്ന് പിണറായി വിജയന് എതിരായ ഇഡിയുടെ കത്തില്‍ പറയുന്നു.
വളരെനിര്‍ണായക തെളിവെന്ന രീതിയിലാണ് ഇഡിയുടെ കത്തില്‍ വീണയുടെ ഡയറി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡയറിയെ 'റെഡ് ബുക്ക്' എന്നാണ് ഇഡി കത്തില്‍ വിശേഷിപ്പിക്കുന്നത്. ഹവാല, സാമ്പത്തിക ഇടപാടുകളുടെ സൂചന ഇഡിക്ക് ലഭിച്ചത് ഡയറിയില്‍ നിന്നാണെന്ന് അവകാശവാദം. ഇടപാടുകളുടെ വിശദാംശങ്ങള്‍ കുറിപ്പുകളായിട്ടാണ് ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
2024 സെപ്റ്റംബര്‍ 17-ാം തീയതി ഫൈജാസിന് 56,430.91 ദിര്‍ഹം കൊടുത്തു എന്ന് ഡയറിയിലുണ്ട്. ഇവിടെ നിന്ന് അയച്ചത് 85 ലക്ഷം രൂപയാണെന്നും ആകെ ഫൈജാസിന് ലഭിച്ചത് 394K എന്നും ഡയറിയില്‍ കുറിച്ചിട്ടുണ്ട്. ഇന്ത്യന്‍ രൂപ ദിര്‍ഹമായി കടത്തിയ ഹവാല ഇടപാടിന്‍റെ രേഖയാണിതെന്നാണ് ഇഡി വാദം. ഇന്ത്യന്‍ രൂപ ദിര്‍ഹമാക്കി കടത്തിയെന്നും ഇടപാട് മുഹമ്മദ് റിയാസിന്‍റെ നിര്‍ദേശപ്രകാരമാണെന്നും കത്തില്‍ പറയുന്നു.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ഡയറി കണ്ടെത്തിയത്. പിന്നീട് ചോദ്യം ചെയ്തപ്പോഴും ഇത് ഹവാല ഇടപാടിന്‍റെ കണക്കാണെന്ന് വീണ സമ്മതിച്ചു എന്നും ഇഡി പറയുന്നു. വീണ ഒപ്പിട്ടതിന്‍റെ പകര്‍പ്പും കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.