2012 ഫെബ്രുവരി 20, സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനും ടി.വി. രാജേഷ് എംഎൽഎയും സഞ്ചരിച്ച വാഹനം കണ്ണൂര്‍ തളിപ്പറമ്പ് പട്ടുവം അരിയിലിൽ ആക്രമിക്കപ്പെടുന്നു. കാർ തടയുമ്പോൾ സമയം രാവിലെ 11.00. തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയ ശേഷം ജയരാജനും രാജേഷും ആശുപത്രിയിലേക്ക്. സിപിഎം പ്രവർത്തകർ പിന്തുടർന്നതിനെത്തുടർന്ന് എംഎസ്‌എഫ് മണ്ഡലം ട്രഷററായിരുന്ന അബ്‌ദുൽ ഷുക്കൂർ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ഒരു വീട്ടിൽ അഭയം തേടി. സിപിഎം പ്രവർത്തകർ വീട് വളഞ്ഞു. 2.15ന് ഷുക്കൂറിനെയും സുഹൃത്തുക്കളെയും ബലം പ്രയോഗിച്ച് വീടിനു പുറത്തിറക്കി 50 മീറ്റർ അകലെയുള്ള പാടത്തേക്കു വലിച്ചിഴച്ചുകൊണ്ടുപോയി. പരസ്യവിചാരണയ്ക്കൊടുവിൽ 2.30ന് ഷുക്കൂറിന്റെ നെഞ്ചിൽ കത്തി കുത്തിയിറക്കി. ഇതായിരുന്നു കേസ്. ഏറെ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ ഈ കേസിലാണ് സിപിഎം പ്രവര്‍ത്തകരായ 13 പ്രതികൾക്കെതിരെ കൊച്ചിയിലെ സിബിഐ പ്രത്യേക കോടതി വിധി പറഞ്ഞത്. സിപിഎം നേതാക്കളായ പി.ജയരാജനും, ടി.വി.രാജേഷും എം.വി.ഗോവിന്ദന്റെ മകൻ ശ്യാംജിതും കുറ്റവിമുക്തരെന്ന് കോടതി വിധിച്ചു. പി.ജയരാജൻ 32ാം പ്രതിയും ടി.വി.രാജേഷ് 33ാം പ്രതിയുമായിരുന്നു. വധക്കേസില്‍ കൊലക്കുറ്റം തെളിഞ്ഞ ഏഴ് സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കുറ്റക്കാരെന്ന് കണ്ടെത്തിയ സി.പി.എം പ്രവര്‍ത്തകരായ മറ്റ് ആറ് പ്രതികള്‍ക്ക് രണ്ടുവര്‍ഷം തടവ് ശിക്ഷ വിധിച്ച കൊച്ചിയിലെ സി.ബി.ഐ കോടതി പ്രതികള്‍ക്ക് ജാമ്യവും അനുവദിച്ചു. ഒന്നാംപ്രതി കെ.വി.സുമേഷ്, മൂന്നാംപ്രതി അനൂപ്, ഏഴാംപ്രതി പവിത്രന്‍, ഒന്‍പതാംപ്രതി മനോഹരന്‍, പത്താംപ്രതി എന്‍.പി.ദിനേശന്‍, പന്ത്രണ്ടാംപ്രതി ബിജുമോന്‍, പതിനഞ്ചാംപ്രതി ഷിജിന്‍ മോഹന്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം വിധിച്ചത്. കുറ്റവിമുക്തരായവരില്‍ കൊലയില്‍ നേരിട്ട് പങ്കെന്ന് CBI കണ്ടെത്തിയ രണ്ടാംപ്രതി പി.ഗണേശനും ഉള്‍പ്പെടുന്നു. വിചാരണക്കോടതിയില്‍ നിന്ന് നീതി കിട്ടിയില്ലെന്ന് കൊല്ലപ്പെട്ട ഷുക്കൂറിന്റെ സഹോദരന്‍ ദാവൂദ് പ്രതികരിച്ചു. നീതികിട്ടുംവരെ നിയമപോരാട്ടം തുടരും. നീതിയുക്തമായ വിചാരണ ഷുക്കൂര്‍ കേസില്‍ നടന്നില്ല. കേസിലെ പ്രധാന സാക്ഷികള്‍ പ്രതിഭാഗത്തുനിന്ന് ഭീഷണി നേരിട്ടുവെന്നും പലര്‍ക്കും സാക്ഷിപറയാന്‍ കോടതിയില്‍ എത്താനായില്ലെന്നും ദാവൂദ് പറഞ്ഞു.