2012 മേയ് നാലിനാണ് വടകരയില്‍ ടി.പി.ചന്ദ്രശേഖരന്‍ നിഷ്ഠൂരമായി കൊലചെയ്യപ്പെട്ടത്. സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ അടക്കം പ്രതികളായ കേസില്‍ പന്ത്രണ്ട് വര്‍ഷത്തിനുശേഷം വിചാരണക്കോടതി 12പേര്‍ കുറ്റക്കാരെന്ന് കണ്ടെത്തി. പി.മോഹനന്‍ അടക്കമുള്ളവരെ വെറുതെവിട്ടു. ശിക്ഷിക്കപ്പെട്ട ഏരിയ കമ്മിറ്റിയംഗം പി.കെ. കുഞ്ഞനന്തന് അടക്കം സിപിഎം തുടര്‍ന്നും നല്‍കിയ പരസ്യപിന്തുണ കേരളം കണ്ടു, ഏറെ ചര്‍ച്ചചെയ്തു. കുഞ്ഞനന്തന്‍ പ്രതിയാണെന്ന് വിശ്വസിക്കുന്നില്ല എന്നതായിരുന്നു പാര്‍ട്ടിയുടെ ന്യായം. ടിപി കൊല്ലപ്പെട്ട അതേവര്‍ഷം ആഴ്ചകള്‍ക്ക് മുമ്പാണ് കണ്ണൂര്‍ അരിയില്‍ എന്ന സ്ഥലത്ത് എംഎസ്എഫ് പ്രവര്‍ത്തകനായിരുന്ന ഷുക്കൂര്‍ എന്ന 24കാരന്‍ കൊല്ലപ്പെട്ടത്. പ്രതികളെല്ലാം സിപിഎം നേതാക്കളോ പ്രവര്‍ത്തകരോ ആണ്. അന്നത്തെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും കല്യാശേരി എംഎല്‍എ ടി.വി.രാജേഷും പ്രതികളായി. ഗൂഢാലോചനക്കുറ്റം ചുമത്തി. ഇതാ പതിനാറ് വര്‍ഷത്തിനുശേഷം ഈ കൊലക്കേസിലെ വിധി വരുമ്പോള്‍ പി.ജയരാജനും ടി.വി.രാജേഷും അടക്കം 18പ്രതികള്‍ കുറ്റവിമുക്തര്‍. പതിമൂന്നുപേരെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി. അതില്‍ ഏഴുപേര്‍ക്ക് ജീവപര്യന്തം തടവ്. ശിക്ഷാ വിധി ദിനം കൊച്ചിയിലെ സിബിഐ കോടതി പരിസരത്ത് സിപിഎം നേതാക്കളെയും അണികളെയും ഏറെ കണ്ടു. ആദ്യം പറഞ്ഞ ടി.പി. കേസിന് സമാനമായ പൊസിഷനാണ് സിപിഎം എടുക്കുന്നത്. ടി.പിയില്‍ കോടതി ശിക്ഷിച്ചവരില്‍ ഒരാളെയാണ് കുറ്റക്കാരനായി സിപിഎം കണ്ടെത്തിയത്. ഇന്നിതാ ഷുക്കൂര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട മുഴുവന്‍ പ്രതികള്‍ക്കുംവേണ്ടി സിപിഎം ഉന്നതനതൃത്വംതന്നെ പരസ്യമായി രംഗത്ത്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍തന്നെ കോടതി കോംപൗണ്ടിലെത്തി കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയവരും നിരപരാധികളെന്ന് വിധിക്കുന്നു. അപ്പീലിനടക്കം പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നു. എന്തുകൊണ്ടാണ് ഗുഢാലോചന കുറ്റം തെളിയിക്കപ്പെടാത്തത് എന്നത് ചോദ്യമാണ്. ഗൂഢാലോചന ഇല്ലാഞ്ഞിട്ടോ തെളിയാഞ്ഞിട്ടോ? നമുക്ക് സംസാരിക്കാം. പക്ഷെ വിചിത്രമായ ഒന്ന് കോടതി ശിക്ഷിച്ചവര്‍ക്കുവേണ്ടി സിപിഎം ഇറങ്ങിത്തിരിക്കുന്നതാണ്. ഇവരല്ല പ്രതികള്‍ എന്നാണോ സിപിഎം നിലപാട്? എങ്കില്‍ യഥാര്‍ഥ പ്രതികളാരാണ്? എവിടെയാണ്? ഷുക്കൂര്‍ കൊല്ലപ്പെട്ടിട്ടില്ല, മരിച്ചിട്ടില്ല എന്ന് എന്തായാലും പറയില്ലല്ലോ. കണ്ണൂര്‍ ജില്ല സെക്രട്ടറിയുടെ വാദമാണ് മുഖവിലയ്ക്കെടുക്കുന്നത് എങ്കില്‍ വലിയ പ്രകോപനമാണ് ഉണ്ടായത്, അതിന് ചിലര്‍ വിധേയപ്പെട്ടുപോയിട്ടുണ്ട് എന്നല്ലേ? ആ പ്രതികരണത്തിന് അര്‍ഥമെന്താണ്? പ്രകോപനത്തെത്തുടര്‍ന്ന് നടന്നത് ഒരു കൊലപാതകമാണെങ്കിലും അത് ശിക്ഷ അര്‍ഹിക്കാത്ത ഒന്നാണ് എന്നോ? 

ENGLISH SUMMARY:

A political commentary examines the verdict in the Ariyil Shukoor murder case, in which a Kochi CBI court acquitted 18 accused—including senior CPM leaders P. Jayarajan and T.V. Rajesh—due to a lack of conspiracy evidence, while convicting 13 others and sentencing seven to life imprisonment. The piece highlights parallels between the CPM's current stance and its past response to the T.P. Chandrasekharan murder case, noting how state secretary M.V. Govindan publicly declared the convicted individuals innocent and pledged legal support for their appeals. The commentary raises critical questions regarding why conspiracy charges failed to hold up in court and challenges the party leadership's logic, asking who the real culprits are if the convicted party workers are deemed innocent, and whether provocation can ever justify a murder going unpunished.