വീടിനടുത്തുള്ള പാടത്ത് കൂട്ടുകാര്‍ക്കൊപ്പം വന്നതായിരുന്നു. ട്രാക്ടറിന്റെ ഓട്ടം കണ്ട് കുറച്ചുനേരംനിന്നു. അരികില്‍ കിടന്ന സ്റ്റേ വയര്‍ ഒന്നു തൊട്ടു. ജുനൈദ് എന്ന പതിനാലുകാരന്‍ നിലത്തേക്ക് വീണു. അവന്‍ ജീവന്‍ നഷ്ടമായി. മലപ്പുറം തിരൂരങ്ങാടിക്കടുത്ത് ചെറുമുക്കിലുണ്ടായ ദുരന്തം ആ നാടിനെയൊന്നാകെ ദുഃഖത്തിലാഴ്ത്തി. ഇവിടെ അപകടം പതിയിരിക്കുന്നത് നാട്ടുകാര്‍ പലതവണ അധികൃതരെ അറിയിച്ചിട്ടും യാതൊരു നടപടിയുമുണ്ടായില്ല. ജുനൈദിന്റെ മരണത്തില്‍ KSEB പിന്നീട് മാപ്പുപറഞ്ഞു. KSEB അസിസ്റ്റന്റ് എന്‍ജിനീയറെ ഇന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ജുനൈദിന്റെ കുടുംബത്തിന് 10 ലക്ഷം സഹായം പ്രഖ്യാപിക്കുകയും ചെയ്തു. അതുകൊണ്ട് എല്ലാമായോ ? എന്തുകൊണ്ടാണ് ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് ? അത് തടയാന്‍ എന്തുകൊണ്ട് നടപടിയുണ്ടാകുന്നില്ല ? ചെറിയ പരാതിക്ക് പോലും പരിഹാരം കാണാന്‍ ഒരു ജീവന്‍ പോകാന്‍ കാത്തിരിക്കുന്ന ഉദ്യോഗസ്ഥരെ എങ്ങനെ തിരുത്താനാകും ? തിരൂരങ്ങാടിയിലെ സങ്കടക്കാഴ്ച കണ്ടെങ്കിലും അവരുടെ മനസ്സിളകുമോ ?
ഇനി എറണാകുളം നോര്‍ത്ത് പറവൂരിലേക്ക്. എറണാകുളം കുന്നുകര സ്വദേശി അബ്ദുല്‍ ജബ്ബാര്‍. താന്‍ നേരിട്ട അനാസ്ഥയെകുറിച്ച് പുറംലോകത്തോട് ജബ്ബാര്‍ തുറന്നുപറഞ്ഞു. ചികില്‍സാപ്പിഴവിന് ഇരയായി ഒരു കാല്‍ മുറിച്ചുമാറ്റേണ്ടിവന്നു. ആരോപണം പറവൂര്‍ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിക്കെതിരെയാണ്. നീതി തേടി പറവൂര്‍ ആശുപത്രി അത്യാഹിത വിഭാഗത്തിന് മുന്നില്‍ അബ്ദുല്‍ ജബ്ബാര്‍ സമരം തുടങ്ങി.
അധികൃതരുടെ അനാസ്ഥയുടെ ഇരയാണ് താനെന്ന് ഉറച്ചുവിശ്വസിക്കുന്നു ജബ്ബാര്‍. നീതി ലഭിക്കുംവരെ പോരാട്ടം തുടരും. മലപ്പുറത്തെ ജുനൈദിന് നഷ്ടപ്പെട്ടത് സ്വന്തം ജീവനാണ്. പറവൂരിലെ ജബ്ബാറിന് നഷ്ടമായത് സ്വന്തം കാലും. അനാസ്ഥയെ ശ്രദ്ധക്കുറവെന്ന് ലഘൂകരിക്കുന്നവരുണ്ട്. അനാസ്ഥയെ മറ്റുകാരണങ്ങള്‍ പറഞ്ഞ് ന്യായീകരിക്കുന്നവരുണ്ട്. അനാസ്ഥയെ അതില്ലെന്ന് പറഞ്ഞ് മൂടിവച്ച് വേണ്ടപ്പെട്ടവരെ രക്ഷിക്കുന്നവരുണ്ട്. തെറ്റ് തിരുത്തുന്നതിന് പകരം ദുരന്തം ആവര്‍ത്തിക്കൂ എന്ന് ആ രീതിയില്‍ ന്യായീകരിക്കുന്നവര്‍ ഓര്‍ത്താല്‍ നല്ലത്.