ഒരു മണിക്കൂറിലെ പെരുമഴ....  തലസ്ഥാന നഗരം അപ്പാടെ വെള്ളക്കെട്ടിലായി.  ഉച്ചയോടെ പതിനൊന്നരയ്ക്കാണ് മഴ തിമിര്‍ത്ത് പെയ്യാന്‍ തുടങ്ങിയത്. പന്ത്രണ്ടര വരെ അത് തുടര്‍ന്നു. അതിനിടിയില്‍ നഗരം മൊത്തത്തിലൊരു കുളത്തിന് സമാനമായി. തമ്പാനൂരില്‍ വെള്ളക്കെട്ടില്‍  വാഹനങ്ങള്‍ കുടുങ്ങി. പാര്‍ക് ചെയ്തിരുന്ന വാഹനങ്ങള്‍ വെള്ളത്തിലായി.  തലസ്ഥാനം മുങ്ങിയിട്ടും രക്ഷാപ്രവര്‍ത്തനത്തിന് ആദ്യമണിക്കൂറിലൊന്നും പൊലീസോ കോര്‍പറേഷന്‍ അധികൃതരോ എത്തിയില്ല. അക്ഷരാര്‍ഥത്തില്‍ തലസ്ഥാനത്ത് ഇന്ന് കാല്‍നടയാത്രക്കാര്‍ നീന്തേണ്ട ഗതികേടിലായിരുന്നു. 

കനത്തമഴയില്‍ തലസ്ഥാനം വെള്ളക്കെട്ടിലായപ്പോള്‍ തെളിഞ്ഞത് തിരുവനന്തപുരം കോര്‍പ്പറേഷന്‍റെ ഗുരുതര അനാസ്ഥ. ഓടകള്‍ കൃത്യസമയത്ത് വൃത്തിയാക്കാത്തത് ഉള്‍പ്പെടെ വീഴ്ചയുടെ പെരുമഴ തിരിച്ചറിഞ്ഞു. രണ്ടര മണിക്കൂറിലേറെ നഗരം വെള്ളക്കെട്ടിലായിട്ടും ശുചീകരണ തൊഴിലാളികളല്ലാതെ കോര്‍പ്പറേഷന്‍ അധികൃതര്‍ ആരും തിരിഞ്ഞ് നോക്കാത്തതില്‍ മുന്‍മന്ത്രി വി.ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു. അപ്രതീക്ഷിത മഴയാണ് പ്രശ്നത്തിനിടയാക്കിയതെന്ന് മേയര്‍ വി.വി രാജേഷിന്‍റെ മുംബൈയില്‍ നിന്നുള്ള ഒറ്റവാക്ക് പ്രതികരണം.  

നഗരത്തിന്‍റെ മുഖശ്ചായ മാറ്റുന്ന ബ്ലൂ പ്രിന്‍റ് തയാറെന്ന് മേയര്‍ ആവര്‍ത്തിച്ചപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല. മാതൃകാ സിറ്റിയിലേക്ക് കുതിക്കുന്ന നഗരപരിധിയില്‍ നോക്കി നില്‍ക്കെ അരയോളം വെള്ളമുയര്‍ന്നു. വികസനത്തിന്‍റെ ബ്ലൂ പ്രിന്‍റെല്ലാം വെള്ളത്തിനിടയിലായി. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ കോര്‍പ്പറേഷന്‍റെ ആരെങ്കിലും വരുമെന്ന് കരുതിയ സമയം കൈയില്‍ വടിയുമായി ശുചീകരണ തൊഴിലാളികള്‍ ദൗത്യത്തിനിറങ്ങി. ഓടയിലേക്ക് വെള്ളമിറങ്ങുന്ന സ്ഥലങ്ങളില്‍ കമ്പ് കൊണ്ട് കുത്തി വെള്ളം ഒഴുക്കിവിട്ടുള്ള രക്ഷാപ്രവര്‍ത്തനം. മുംബൈയിലിരുന്ന് വെള്ളക്കെട്ട് പരിഹരിക്കാന്‍ മേയര്‍ കര്‍ശന നിര്‍ദേശം നല്‍കിയപ്പോള്‍ ഡപ്യുട്ടി മേയര്‍ പോയിട്ട് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പോലും തമ്പാനൂര്‍ വഴി വന്നതേയില്ല. അലംഭാവം ആരോപിച്ച് മുന്‍മന്ത്രി വി.ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം. 

തിരുവനന്തപുരം എ.ഡി.എം സ്റ്റേഷനിലെത്തി ചര്‍ച്ച ചെയ്തു. നാളെ വൈകീട്ടിനുള്ളില്‍ ഫലപ്രദമായ നടപടിയുണ്ടായില്ലെങ്കില്‍ വീണ്ടും സമരമുഖത്തേക്ക് ഇറങ്ങുമെന്ന് ശിവന്‍കുട്ടി. മഴ തോര്‍ന്നെങ്കിലും കോര്‍പ്പറേഷന്‍റെ വീഴ്ചയുടെ പെരുമഴക്കാലം നഗരത്തിലുള്ളവര്‍ നന്നായി പെയ്തറിഞ്ഞു. അടിയന്തര സാഹചര്യത്തിലേക്ക് ഒന്നും ചെയ്യാനാവാതെ കോര്‍പ്പറേഷന്‍ അധികാരികള്‍ കൈയ്യും കെട്ടി നോക്കിനിന്നതും വീഴ്ചയുടെ ആഴം കൂട്ടി.  

Thiruvananthapuram Paralyzed by Heavy Rain and Severe Waterlogging:

Thiruvananthapuram waterlogging paralyzed the capital city following a heavy downpour that exposed severe municipal negligence and triggered widespread protests. Malayalam Manorama Online News provides comprehensive coverage of the flash floods, administrative failure, and political uproar led by former minister V. Sivankutty