'ഭയങ്കര ചൂട്, പോയിപ്പോയി മഴക്കാലത്തും ചൂടായി, നഗരത്തില്‍ രാപ്പകല്‍ ചൂട്, മഴ കഴിഞ്ഞാല്‍പിന്നെ അടുത്തത് വരുംവരെ കൊടും ചൂട്, ഇങ്ങനെ പോയാല്‍ എന്താകും സ്ഥിതി?' 

ഈ വേനലിലും മഴയിലും കേരളത്തില്‍ ഏറ്റവും കൂടുതല്‍  കേട്ട വാക്കുകളാണിത്. എല്‍ നിനോയെ പഴിക്കാം, ഇത്തവണ. പക്ഷെ കഴിഞ്ഞ പത്തുകൊല്ലമായി കാലാവസ്ഥാമാറ്റം എന്തെന്ന് നേരിട്ട് അനുഭവിച്ചറിയുകയാണ് മലയാളികള്‍. കാലം തെറ്റിയെത്തുന്ന മഴ, മഴക്കാലവും മഴപ്പെയ്ത്തും കുറയുന്നു, പിന്നെ, അതിതീവ്രമഴ- ഇങ്ങനെ മഴയുടെ സ്വഭാവം അപ്പാടെ മാറിമറിയുകയാണ്. മഴ പെയ്താലും ഇല്ലെങ്കിലും കൊടുംചൂടെന്ന നിലയിലാണ് കാര്യങ്ങള്‍.

നരകപ്രദേശങ്ങള്‍: നഗരം നരകമെന്നൊരു പറച്ചിലുണ്ട്. ആ വഴിക്കു തന്നെയാണ് നമ്മുടെ നഗരങ്ങളും. മഴക്കാലത്ത് വെള്ളപ്പൊക്കം, നിറഞ്ഞു കവിയുന്ന ഓടകള്‍, വൃത്തിഹീനമായ പരിസരം, പെരുകുന്ന സാംക്രമിക രോഗങ്ങള്‍. വേനലില്‍ മുഴുവന്‍ ദിവസവും സഹിക്കാനാകാത്ത ചൂട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ വലിയ നഗരങ്ങള്‍ മാത്രമല്ല, ഇടത്തരം-ചെറുകിട പട്ടണപ്രദേശങ്ങളെല്ലാം കാലാവസ്ഥാ മാറ്റം കൊണ്ടുവന്ന പ്രശ്‌നങ്ങളില്‍ ഉഴലുകയാണ്.

ചൂടന്‍ തുരുത്തുകള്‍ 

ഒരു മഴ പെയ്‌തൊഴിയും മുന്‍പ് വിയര്‍ത്തു കുളിക്കുന്ന ചൂടെത്തുകയായി. പകല്‍ താപനില ഉയരുന്നത് പോലെ രാത്രി താപനിലയും കൂടി. അന്തരീക്ഷ ഈര്‍പ്പം കൂടി ചേരുമ്പോള്‍ ചൂട് താങ്ങാനാവുന്നതിലും അപ്പുറമാവുന്നു. ഈ പ്രശ്‌നങ്ങള്‍ നഗരപ്രദേശങ്ങളില്‍ ഗ്രാമങ്ങളെക്കാള്‍ തീവ്രമാണ്. മരങ്ങളുടെ എണ്ണം കുറഞ്ഞതാണ് പ്രധാന കാരണം. ചതുപ്പുകളും തുറസ്സായ ഭൂമിയും ഏതാണ്ട് പൂര്‍ണമായും അപ്രത്യക്ഷമായതും നഗരങ്ങളുടെ അവസ്ഥ കൂടുതല്‍ രൂക്ഷമാക്കി. കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍, ടാര്‍ റോഡുകള്‍, ഗ്‌ളാസും ലോഹവും ചേര്‍ന്ന നിര്‍മിതികള്‍ എന്നിവ ചേര്‍ന്ന് നഗരങ്ങളില്‍ താപത്തുരുത്തുകള്‍ സൃഷ്ടിക്കുന്നു. രാത്രിയായാലും ഇവയില്‍ നിന്ന് താപവികിരണം തുടരുന്നു. 

AI Image

കേരളത്തില്‍മാത്രമല്ല, ലോകത്തെമ്പാടും നഗരങ്ങള്‍ നേരിടുന്ന പ്രശ്‌നമാണ് താപത്തുരുത്തുകള്‍. ഇത് പാരിസ്ഥിതിക- ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വഴിവെക്കുന്നു. ഉറക്കക്കുറവ്, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയവ സാധാരണകാര്യങ്ങളായി. രാജ്യാന്തര തലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന  ഒന്നായി മാറുകയാണ് ചൂടില്‍ വലയുന്ന നഗരങ്ങള്‍. നഗര ആസൂത്രകര്‍ മുതല്‍ ആര്‍ക്കിടെക്റ്റുകളും പരിസ്ഥിതി വിദഗ്ധരും ഭരണകര്‍ത്താക്കളും വരെ പരിഹാരം കണ്ടത്താനുള്ള ശ്രമത്തിലാണ്.

ശുഭ്ര മേല്‍ക്കൂരകള്‍

വെള്ള നിറമുള്ള റോഡുകള്‍, നടപ്പാതകള്‍, വെള്ള നിറമുള്ള മേല്‍ക്കൂരകള്‍ എന്നിവ  പരിഹാരമാര്‍ഗമാണ്. വെള്ള നിറം സൂര്യരശ്മികളെ അധികം ആഗിരണം ചെയ്യാതെ പ്രതിഫലിപ്പിക്കുന്നതിനാല്‍ കെട്ടിടങ്ങളും റോഡുകളും കോണ്‍ക്രീറ്റ് പ്രതലങ്ങളും താപവികിരണ കേന്ദ്രങ്ങളാകാതെ നോക്കാനാവും. അമേരിക്കയിലെ കലിഫോര്‍ണിയ സംസ്ഥാനത്തെ വലുതും ചെറുതുമായ പല നഗരങ്ങളിലും വൈറ്റ് പേവ്‌മെന്റ്, വൈറ്റ് റൂഫിങ് എന്നിവ പരീക്ഷിച്ചു വരികയാണ്. നിരന്തര പരിപാലനം വേണമെന്നതാണ് ഇത് നടപ്പാക്കുമ്പോഴുള്ള വെല്ലുവിളി.

മേലെ പച്ചപ്പ്

ഗ്രീന്‍ റൂഫ് അഥവാ പച്ച മേല്‍ക്കൂര പരീക്ഷിക്കുന്നവരുമുണ്ട്. മേല്‍ക്കൂരയില്‍ വള്ളികള്‍ പടര്‍ത്തുക, ടെറസില്‍ ചെടികളും മരങ്ങളും വച്ചുപിടിപ്പിക്കുക എന്നിങ്ങനെ മേല്‍ക്കുരയെ ഹരിതാഭമാക്കുമ്പോള്‍ കെട്ടിടം അപ്പാടെ തണുക്കുന്നു. കാര്‍ബണ്‍ ഡയോക്‌സൈഡിനെ വലിച്ചെടുക്കാനും ഓക്‌സിജനെ പുറത്തേക്കു വിടാനും കഴിയുന്ന ശ്വാസകോശമായി ഓരോ മേല്‍ക്കൂരയും മാറുന്നു. പുതിയ കെട്ടിടങ്ങള്‍ക്ക് ഹരിത മേല്‍ക്കുര വേണമെന്ന് ലൊസാഞ്ചലസ് ഉള്‍പ്പെടെ നിയമം പാസാക്കിക്കഴിഞ്ഞു. 

നഗരക്കടലിലെ താപദ്വീപുകള്‍ 

മരങ്ങളൊന്നും ഇല്ലാതെ കെട്ടിടങ്ങള്‍ മാത്രമുള്ള സ്ഥലങ്ങളെ കോണ്‍ക്രീറ്റും ഗ്‌ളാസും ടാറും വാഹനങ്ങളുമെല്ലാം ചേര്‍ന്ന് താപദ്വീപുകളാക്കിമാറ്റുന്നു. ഉയരമുള്ള കെട്ടിടങ്ങളില്‍നിന്നുള്ള താപവികരണം, ചൂടുകാറ്റിന്‍റെ കറക്കം - എല്ലാം ചേര്‍ന്നാണ് ഈ അര്‍ബന്‍ ഹീറ്റ് ഐലന്‍ഡുകള്‍ സൃഷ്ടിക്കുന്നത്. ഇത്തരം താപദ്വീപുകളില്‍ ഗ്രാമങ്ങളെക്കാള്‍ അഞ്ചു മുതല്‍ പത്ത് ഡിഗ്രി സെല്‍സിയസ് വരെ കൂടുതല്‍ ചൂട് അനുഭവപ്പെടാറുണ്ട്. താപദ്വീപുകളില്‍ കഴിയുന്നത്ര മരങ്ങളും ചെടികളും വെച്ചു പിടിപ്പിക്കുക, ഗ്‌ളാസ് ഉപയോഗം പരിമിതപ്പെടുത്തുക, തുറസ്സായ സ്ഥലങ്ങളും കൃത്രിമ ജലാശയങ്ങളും സൃഷ്ടിക്കുക എന്നിവ പരീക്ഷിച്ചു വരുന്നുണ്ട്. 

നഗരകാന്താരം

നഗരമധ്യത്തിലൊരു കാടായാലോ? മിയോവാക്കി മുതല്‍ പലതരത്തിലുള്ള നഗര വനവത്ക്കരണം ഇന്നു ലോകമെമ്പാടും  പ്രചാരം നേടുകയാണ്. പ്രധാന നഗരകേന്ദ്രങ്ങളില്‍ അഞ്ചു സെന്‍റ് മുതല്‍ ഏക്കറുകണക്കിന് വരെയുള്ള കാടുകള്‍ രൂപമെടുക്കുകയാണ്. നഗരസഭകളുടെയും വനം-പരിസ്ഥിതി വകുപ്പുകളുടെയും ജനകീയ കൂട്ടായ്മകളുടെയും നേതൃത്വത്തിലാണ് ഇവ നട്ടുപിടിപ്പിക്കുന്നതും പരിപാലിക്കുന്നതും. 

ചതുപ്പുകളുടെ സംരക്ഷണം, നഗരപ്രദേശങ്ങളില്‍ കൃഷിയിടങ്ങള്‍ ഉണ്ടാക്കുക എന്നിവയും പരീക്ഷിക്കപ്പെടുന്നു. ട്രാഫിക് ഐലന്‍ഡുകളിലും നടപ്പാതകളിലും എല്ലാം മരങ്ങളും ചെടികളും നട്ടു വളര്‍ത്തുന്നതും കാണാം. പക്ഷെ കേരളത്തില്‍ അതല്ല കഥ. റോഡുപണിക്കായി കണ്ണില്‍ക്കണ്ട മരങ്ങളെല്ലാം വെട്ടി നശിപ്പിക്കുന്നു. റോഡിനിരുവശവും നില്‍ക്കുന്ന മരങ്ങളെ പ്രതികാര ബുദ്ധിയോടെ ഇല്ലായ്മചെയ്യുന്നു. മരങ്ങളെയും ചെടികളെയും സംരക്ഷിക്കണമെന്ന് പറയുന്നവരെ വികസന വിരുദ്ധരെന്നു വിളിക്കുന്ന വേറൊരു പ്രദേശവും ലോകത്തുണ്ടാവില്ല.

വേണം നമുക്കും മാറ്റം! 

വരും ദിവസങ്ങളില്‍ കേരളവും വെള്ള മേല്‍ക്കൂരയെയും നഗര മധ്യത്തിലെ കാടിനെയും പറ്റി ചിന്തിക്കേണ്ടിവരും. ഒപ്പം തനത് നിര്‍മാണ രീതികള്‍ പാടെ ഉപേക്ഷിക്കാതെയുള്ള നിര്‍മാണ രീതികളും വേണം. തദ്ദേശ സ്ഥപനങ്ങള്‍ മുതല്‍ എന്‍ജിനീയറിങ് കോളജുകളും വിവിധ സര്‍ക്കാര്‍വകുപ്പുകളും  കൈകോര്‍ത്താലെ ചൂടിന്റെ  ആഘാതം കുറയ്ക്കാനാകൂ. ഗവേഷണ സ്ഥാപനങ്ങളും സര്‍വകലാശാലകളും ആസൂത്രണ ബോര്‍ഡും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുമോ?

ENGLISH SUMMARY:

Kerala is experiencing severe climate shifts, characterized by erratic rainfall patterns and soaring temperatures that turn towns and cities into unbearable heat islands. The proliferation of concrete buildings, asphalt roads, and glass structures combined with massive tree-felling has drastically worsened urban heat retention. To counter this environmental crisis, global and regional experts recommend innovative urban cooling strategies such as white reflective roofs, green rooftops, and Miyawaki urban forests. Ultimately, local authorities, planners, and citizens must collaborate urgently