ചിന്നക്കനാലിലെ നാട്ടുകാര്‍ മാത്രമല്ല, കേരളം മുഴുവന്‍ കണ്ണുംനട്ടിരുന്നു– ചക്കക്കൊമ്പനെ കീഴടക്കുന്നതുകാണാന്‍. കാട്ടാനയുടെ ശല്യത്തില്‍ വലഞ്ഞ നാട്ടുകാര്‍ വനംവകുപ്പിന്റെ ദൗത്യത്തില്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്നു. പക്ഷേ, ചക്കക്കൊമ്പന്‍ വിരുതുകാട്ടി. ദൗത്യസംഘത്തെ നിഷ്കരുണം വട്ടംകറക്കി കാട്ടാന. ഇതാ ഉടന്‍ വെടിവയ്ക്കും എന്നത് വെറും അനൗണ്‍സ്മെന്റില്‍ ഒതുങ്ങി. മഴയും പ്രതികൂലമായ കാലാവസ്ഥയും ദൗത്യത്തിന് കരിനിഴല്‍ വീഴ്ത്തി. ഒടുവില്‍ മയക്കുവെടിവച്ചു. പക്ഷേ, ഫലമുണ്ടായില്ല. മയക്കുവെടിയേറ്റ സ്ഥലത്തുനിന്ന് ആന മുന്നോട്ടുപോയി. മൂടല്‍മഞ്ഞുകൂടി രൂപപ്പെട്ടതോടെ കാര്യങ്ങള്‍ ദുസ്സഹമായി. ദൗത്യം നാളത്തേക്ക് മാറ്റി സംഘം പിന്‍വാങ്ങി. നാട്ടുകാരുടെ പ്രതിഷേധങ്ങള്‍ക്കും രാഷ്ട്രീയവിവാദങ്ങള്‍ക്കും വഴിവച്ച ചക്കക്കൊമ്പന്‍ ദൗത്യത്തിന്റെ ഭാവിയെന്ത് ? നാളെ കാര്യങ്ങള്‍ എളുപ്പമാകുമോ ? 

അങ്ങേയറ്റം അപകടകാരി. ഇടുക്കി ചിന്നക്കനാല്‍ പഞ്ചായത്തിലെ ജനങ്ങള്‍ ഓരോനാളും തള്ളിനീക്കിയത് ചക്കക്കൊമ്പന്‍ എന്ന കാട്ടാനയെ ഭയന്നായിരുന്നു. പരാതികള്‍ക്കൊടുവില്‍ ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളർ സ്ഥാപിക്കാൻ നടപടിയുണ്ടായി. പക്ഷേ എങ്ങനെ ? പടികൂടി മാറ്റുന്നത് ആലോചിക്കുമെന്ന് വനംമന്ത്രി പറഞ്ഞെങ്കിലും അക്രമകാരിയായ ആനയെ കീഴടക്കുക പ്രായോഗികമല്ലെന്ന് കണ്ട് ആ ആലോചന ഉപേക്ഷിച്ചു. അതോടെയാണ് കുങ്കിയാനകളെ കൊണ്ടുവന്ന് റേഡിയോ കോളര്‍ സ്ഥാപിച്ചശേഷം ചിന്നക്കനാലില്‍തന്നെ തുറന്നുവിടാന്‍ തീരുമാനിച്ചത്. ഇതാകട്ടെ വലിയ പ്രതിഷേധങ്ങള്‍ക്കും കാരണമായി. ഇടുക്കി എംപി തന്നെ ദൗത്യത്തിനെതിരെ രംഗത്തുവന്നു.

വലിയ തയ്യാറെടുപ്പുകള്‍ നടത്തി ആരംഭിച്ച മിഷന്‍ ചക്കക്കൊമ്പന്‍ ആദ്യദിനം പരാജയപ്പെട്ടത് നാട്ടുകാരെയും നിരാശപ്പെടുത്തി. കുങ്കിയാനകളെ ഉള്‍പ്പെടെ എത്തിച്ച് നടത്തിയ നീക്കം പകലുടനീളം ലക്ഷ്യം കാണാതെ പോയി. 

ENGLISH SUMMARY:

Mission Chakkakkomban updates reveal the challenges faced by the Kerala forest department in tranquilizing the rogue elephant in Chinnakanal. Adverse weather conditions and dense fog forced the rescue team to postpone the operation to the next day.