ഇടുക്കി ചിന്നക്കനാലിലെ അപകടകാരിയായ കാട്ടാന ചക്കക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം ഇന്നത്തേക്ക് ഉപേക്ഷിച്ചു. ഓമനക്കുഴി ഭാഗത്ത് ആനയ്ക്ക് ആദ്യഘട്ട മയക്കുവെടി നൽകിയെങ്കിലും പ്രതീക്ഷിച്ച ഫലമുണ്ടായില്ല. വെടിയേറ്റിട്ടും ആന മയങ്ങിയില്ല.ആനയുടെ പ്രതികരണം നിരീക്ഷിച്ചശേഷം രണ്ടാം ഡോസ് മയക്കുവെടി നൽകാനായിരുന്നു ദൗത്യസംഘത്തിന്റെ നീക്കം. എന്നാൽ മയക്കുവെടിയേറ്റ സ്ഥലത്തുനിന്ന് ആന മുന്നോട്ടുനീങ്ങി. ഇതിനിടെ മഴയും മൂടൽമഞ്ഞും ഉൾപ്പെടെയുള്ള പ്രതികൂല കാലാവസ്ഥയും ദൗത്യത്തിന് തിരിച്ചടിയായി.
സാഹചര്യങ്ങൾ അനുകൂലമല്ലാത്തതിനെത്തുടർന്നാണ് ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചത്. കുങ്കിയാനകളുടെ സഹായത്തോടെ തുടർനടപടികൾ സ്വീകരിച്ച് ചക്കക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം നാളെ പുനരാരംഭിക്കും.
രാവിലെ മുതല്‍ ദൗത്യസംഘത്തെ വട്ടംകറക്കുകയായിരുന്നു ചക്കക്കൊമ്പന്. പ്രദേശത്ത് മഴപെയ്തതും പ്രതിസന്ധിയുണ്ടാക്കി. ആനയിറങ്കല്‍, മൂലത്തുറ, പൂപ്പാറ, കോരമ്പാറ എന്നിവിടങ്ങളിലാണ് ചക്കക്കൊമ്പന് പതിവായി ഇറങ്ങിയിരുന്നത്. ചക്ക തിന്നാനായി കൃഷിയിടങ്ങളില്‍ കടന്ന് കൃഷി നശിപ്പിക്കല്‍ പതിവായതോടെയാണ് നാട്ടുകാര്‍ക്ക് തലവേദനയായത്.
ആനയ്ക്ക് ഏകദേശം 25 വയസ് പ്രായമുണ്ടെന്നാണ് കരുതുന്നത്. 2023 ജനുവരിയില്‍ വാച്ചര്‍ ശക്തിക്കും ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ പന്തളിക്കളം സ്വദേശി വിജയനും ചക്കക്കൊമ്പന്റെ ആക്രമണത്തില്‍ ജീവന് നഷ്ടമായി. ഇതുകൂടാതെ മുറിവാലന് എന്ന കാട്ടാനയെയും മറ്റൊരു കുട്ടിക്കൊമ്പനെയും ചക്കക്കൊമ്പന് വകവരുത്തിയിട്ടുണ്ട്.