വാഴക്കുലയില്‍ ഒളിപ്പിച്ച് ലഹരിക്കടത്ത്..പിടിയിലായത് സംസ്ഥാന അവാര്‍ഡ് നേടിയ യുവകര്‍ഷകന്‍. ഹരിപ്പാട് പായിപ്പാട് വയ്യാപുരത്തെ ധനേഷ് എസ്.നായരെ ലഹരി ഇടപാടുകാര്‍ വിളിച്ചിരുന്നത് ഡാനി ഭായ് എന്നാണ്. മൂപ്പത്തിയൊന്ന് വയസ്. ആലുവ പൊലീസിന്റെ അറസ്റ്റിലൂടെ പുറത്ത് വരുന്നത് നിരവധി ലഹരി ഇടപാടുകളുടെ വിവരങ്ങളാണ്. 803 ഗ്രാം ഹഷീഷ് ഓയിലും 8 ഗ്രാം എംഡിഎംഎയുമാണ് പിടിച്ചെടുത്തത്. ബെംഗളൂരുവില്‍ നിന്ന് വന്‍തോതില്‍ ലഹരി എത്തിക്കുന്നതിലെ പ്രധാനിയാണ് ധനേഷ്. മൈസുരുവിന് അടുത്ത് നഞ്ചന്‍ഗുഡുവിലാണ് താമസിച്ചിരുന്നത്. അവിടെ, വാഴത്തോട്ടങ്ങളും കൃഷിയിടങ്ങളുമുണ്ട്. അത് ലഹരിക്കടത്തിന് മറയാക്കാനുള്ള ഉപാധി മാത്രമായിരുന്നു ധനേഷിന്.
കഴിഞ്ഞദിവസം ആലുവയിലെ ലോഡ്ജില്‍ നടത്തിയ പരിശോധനയില്‍ കുടുങ്ങിയത് രണ്ടുപേരാണ്. പള്ളുരുത്തി സ്വദേശി ഹരികൃഷ്ണന്‍, തോപ്പുംപടി സ്വദേശി ഷിനു സെബാസ്റ്റ്യന്‍. ഇവരില്‍ നിന്ന് കണ്ടെടുക്കുന്നത് 192 ഗ്രാം എംഡിഎംഎയാണ്. ഷിനുവിന്റെ വീട്ടില്‍ നിന്ന് ലഹരി കിട്ടിയത് പക്ഷിക്കൂടിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ഹരികൃഷ്ണന്റെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് വലിയൊരു നെറ്റ്‌വര്‍ക്കിലേക്ക് പൊലീസിന് കടക്കാനായത്. അതില്‍ പ്രധാനി ധനേഷാണെന്ന് മനസിലാക്കാനായി. പിന്നീട് തമിഴ്നാട്ടിലും കര്‍ണാടകയിലും പരിശോധന കര്‍ശനമാക്കി. അങ്ങനെ ധനേഷിനെ കിട്ടുന്നത് അങ്കമാലിയില്‍ നിന്നാണ്.
ധനേഷ് ഒരു റിക്രൂട്ടിങ് ഏജന്റുപോലെയും പ്രവര്‍ത്തിച്ചിരുന്നു. അതായത്, യുവാക്കളെ ലഹരിക്കടത്തിനും വിതരണത്തിനും റിക്രൂട്ട് ചെയ്ത് ബെംഗളൂരുവില്‍ എത്തിക്കും. പിന്നീട് എംഡിഎംഎ അടക്കം കേരളത്തിലേക്ക് കടത്തും. ലഹരിക്കച്ചവടക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും വിതരണം ചെയ്യും. വാഴക്കുലകള്‍ക്കുള്ളില്‍ പൊതിഞ്ഞ് ഒളിപ്പിച്ച് കടത്തുന്നതായിരുന്ന പ്രധാനരീതി. ഇതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ പ്രതികളുടെ മൊബൈല്‍ ഫോണില്‍ നിന്ന് അന്വേഷണസംഘത്തിന് കണ്ടെത്താനായി.
ഇതില്‍ പിടിയിലായ ഹരികൃഷ്ണനും ഷിനുവും ധനേഷിന്റെ ഇന്‍സ്റ്റഗ്രാം നിര്‍ദേശത്തിന് അനുസരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. സമൂഹമാധ്യമങ്ങള്‍ പ്രധാനമായും ഉപയോഗിച്ച് നടത്തുന്ന വലിയ ഒരു നെറ്റ്‍വര്‍ക്കിന്റെ ചുരുളഴിക്കാനാണ് പൊലീസ് നീക്കം. ഡാനി ഭായിയെ കുറിച്ച് എന്തെല്ലാം കാര്യങ്ങള്‍ കിട്ടി, ഡാനിയുടെ മുകളില്‍ ആരെല്ലാമുണ്ട് എന്നതും അന്വേഷിക്കുന്നുണ്ട്.