ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് വൻതോതിൽ എംഡിഎംഎ എത്തിച്ച് വിതരണം ചെയ്യുന്ന ലഹരിക്കടത്ത് സംഘത്തിലെ മുഖ്യപ്രതിയെ എറണാകുളം റൂറൽ ജില്ലാ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിപ്പാട് പായിപ്പാട് വയ്യാപുരം വില്ലേജ് പറയ്യിൽ വീട്ടിൽ ‘ഡാനി’ എന്നുവിളിക്കുന്ന ധനേഷ് എസ്. നായർ (31)നെയാണ് ആലുവ ഡിവൈ.എസ്.പി. ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അങ്കമാലിയിൽവെച്ച് പിടികൂടിയത്. ഇയാളിൽനിന്ന് 803 ഗ്രാം ഹാഷിഷ് ഓയിലും 8 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.
ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് വൻതോതിൽ എംഡിഎംഎ എത്തിച്ച് വിവിധ മേഖലകളിൽ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ധനേഷ്. നിലവിൽ മൈസൂരിനടുത്ത് നഞ്ചൻഗുഡുവിലാണ് ഇയാൾ താമസിക്കുന്നത്.
കാർഷിക സംരംഭത്തിന്റെ മറവിൽ ലഹരിക്കടത്ത്:
ജർമനിയിൽ 2015 മുതൽ 2018 വരെ അഗ്രി ബിസിനസ് പഠിച്ച ധനേഷ്, 2018-ലെ പ്രളയകാലത്താണ് കേരളത്തിൽ തിരിച്ചെത്തിയത്. തുടർന്ന് കൃഷിയും വിവിധ കാർഷിക സംരംഭങ്ങളും ആരംഭിച്ച് കർഷകനെന്ന നിലയിൽ പ്രവർത്തിച്ചുവരികയായിരുന്നു. 2023-ൽ സംസ്ഥാന സർക്കാരിന്റെ മികച്ച യുവ കർഷകനുള്ള പുരസ്കാരം ലഭിച്ച ഇയാൾ, അന്ന് കൃഷിമന്ത്രിയായിരുന്ന പി. പ്രസാദിൽ നിന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. കൃഷിവകുപ്പിന്റെ ‘കൃഷിദീപം’ പരിപാടിയുടെ 1002-ാം എപ്പിസോഡിലും ഇയാൾ പങ്കെടുത്തിരുന്നു.
എന്നാൽ, കാർഷിക പ്രവർത്തനങ്ങളുടെ മറവിൽ ലഹരിമരുന്ന് കടത്തുന്നതിനും വിതരണം ചെയ്യുന്നതിനും ഇയാൾ സംവിധാനമൊരുക്കിയിരുന്നതായാണ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. മൈസൂരിനടുത്ത് നഞ്ചൻഗുഡുവിലുള്ള വാഴത്തോട്ടങ്ങളും കൃഷിയിടങ്ങളും ഇതിനായി ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കാർഷിക ഉൽപ്പന്നങ്ങൾ കൊണ്ടുപോകുന്നതിന്റെ മറവിൽ വാഴക്കുലകൾക്കുള്ളിൽ ലഹരിമരുന്ന് ഒളിപ്പിച്ച് കേരളത്തിലേക്ക് കടത്തുന്നതായിരുന്നു ഇയാളുടെ രീതിയെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.
മൊബൈൽ ഫോൺ പരിശോധനയിൽ നിർണായക വിവരം:
ആലുവയിൽ 185 ഗ്രാം എംഡിഎംഎയുമായി ഇന്നലെ അറസ്റ്റിലായ ഹരികൃഷ്ണന്റെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ വിശദമായ അന്വേഷണത്തിലാണ് വിതരണശൃംഖലയിലെ പ്രധാന കണ്ണിയായ ധനേഷിനെക്കുറിച്ച് വിവരം ലഭിച്ചത്. ജില്ലാ പോലീസ് മേധാവി കെ.എസ്.സുദർശന്റെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണസംഘം തമിഴ്നാട്ടിലും കർണാടകയിലും അന്വേഷണം വ്യാപിപ്പിച്ചു. തുടർന്നാണ് അങ്കമാലിയിൽവെച്ച് ഇയാളെ പിടികൂടിയത്.
യുവാക്കളെ ലഹരിമരുന്ന് കടത്തിനും വിതരണത്തിനുമായി റിക്രൂട്ട് ചെയ്ത് ബംഗളൂരുവിലും പരിസരപ്രദേശങ്ങളിലും എത്തിക്കുകയാണ് ധനേഷ് ചെയ്തിരുന്നത്. അവിടെനിന്ന് വൻതോതിൽ എംഡിഎംഎ കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന് വിവിധ മേഖലകളിലെ ലഹരിക്കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും വിതരണം ചെയ്യുന്നതായിരുന്നു രീതി. വാഴക്കുലകൾക്കുള്ളിൽ ലഹരിമരുന്ന് പൊതിഞ്ഞ് ഒളിപ്പിക്കുന്നതടക്കമുള്ള കടത്തുരീതികൾ വ്യക്തമാക്കുന്ന വിഡിയോകളും മറ്റ് ദൃശ്യങ്ങളും പ്രതികളുടെ മൊബൈൽ ഫോണുകളിൽനിന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
ഇൻസ്റ്റഗ്രാം വഴി നിർദേശങ്ങൾ; പണം കൈമാറിയത് പ്രാദേശിക വിതരണക്കാർ:
‘ഡാനി ഭായ്’ എന്ന പേരിൽ അറിയപ്പെടുന്ന ധനേഷ് ഇൻസ്റ്റഗ്രാം വഴി നൽകുന്ന നിർദേശങ്ങൾക്കനുസരിച്ചാണ് ഹരികൃഷ്ണനും ഷിനു സെബാസ്റ്റ്യനും ലഹരിമരുന്ന് വിതരണം ചെയ്തിരുന്നതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഉപഭോക്താക്കൾക്ക് ലഹരിമരുന്ന് കൈമാറുകയും അതിന്റെ പണം ധനേഷിന് എത്തിച്ചുനൽകുകയും ചെയ്തിരുന്നത് ഇവരായിരുന്നു. ഇതിലൂടെ സാമൂഹികമാധ്യമങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലഹരിമരുന്ന് വിതരണശൃംഖലയുടെ കൂടുതൽ വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.
ഇന്നലെ ആലുവയിലെ ലോഡ്ജിൽനിന്ന് 185 ഗ്രാം എംഡിഎംഎയുമായി ഹരികൃഷ്ണനെയും ഇയാളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി പൊലീസുമായി സഹകരിച്ച് തോപ്പുംപടിയിൽനിന്ന് ഏഴ് ഗ്രാം എംഡിഎംഎയുമായി ഷിനു സെബാസ്റ്റ്യനെയും അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായ അന്വേഷണത്തിലാണ് വിതരണശൃംഖലയിലെ മുഖ്യപ്രതിയെക്കൂടി പിടികൂടാനായത്.
ബംഗളൂരു–മൈസൂരു മേഖലകൾ കേന്ദ്രീകരിച്ച് കേരളത്തിലേക്ക് ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ കൂടുതൽ കണ്ണികളെ കണ്ടെത്തുന്നതിനും വിതരണശൃംഖല പൂർണമായും തകർക്കുന്നതിനുമുള്ള അന്വേഷണം തുടരുകയാണ്.