TOPICS COVERED

ചോരവീഴാതെ ഒരുദിനംപോലുമില്ല എന്നനിലയിലെത്തിയിരിക്കുന്നു നമ്മുടെ നിരത്തുകള്‍. എത്ര ജീവനുകള്‍ പൊലിഞ്ഞു. ഗുരുതര പരുക്കുകളോടെ ആശുപത്രി കിടക്കകളില്‍ എത്രയോ പേര്‍. അശ്രദ്ധ, അമിതവേഗം, റോഡുകളുടെ ശോച്യാവസ്ഥ. കാരണങ്ങള്‍ പലതാണ്. ഒപ്പം, ലഹരിയില്‍ ത്രില്ലടിക്കാന്‍ വാഹനങ്ങളുമായി റോഡിലിറങ്ങുന്നവര്‍ ഉണ്ടാക്കിവയ്ക്കുന്ന ദുരന്തങ്ങളും. റോഡ് കുരുതിക്കളമാകുമ്പോള്‍ കുടുംബങ്ങളില്‍ തോരാക്കണ്ണീരാണ്.

ഈ ബുധനാഴ്ച രാവിലെയാണ് ദേശീയപാതയില്‍ കോട്ടയം പാമ്പാടി കോത്തല പതിമൂന്നാം മൈലില്‍ സ്വകാര്യ ബസിടിച്ച് സ്കൂട്ടര്‍ യാത്രികരായ രണ്ട് വിദ്യാര്‍ഥിനികള്‍ മരിച്ചത്. പാമ്പാടി സ്വദേശി കൃപ മെറിന്‍ കുര്യാക്കേസ്, മീനടം സ്വദേശി ആഷ്‌ലി ആന്‍ തോമസ് എന്നിവരാണ് മരിച്ചത്. കൃപയും ആഷ്‌ലിയും കാനത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് സ്കൂട്ടറില്‍ പോകുമ്പോഴായിരുന്നു അപകടം. രണ്ടുപേര്‍ റോഡ‍ില്‍ ഇരുചക്രവാഹനം നിര്‍ത്തി സംസാരിച്ചതാണ് അപകടത്തിന് പ്രധാന കാരണമെന്നാണ് മോട്ടോര്‍വാഹനവകുപ്പിന്‍റെ അന്വേഷണത്തിലെ  കണ്ടെത്തല്‍. വീതികുറഞ്ഞ റോഡില്‍ നിന്ന് ഇവരെ കണ്ട് കാര്‍പെട്ടെന്ന് വേഗം കുറച്ചെങ്കിലും സ്കൂട്ടറിന് നിയന്ത്രണം നഷ്ടമായി. റോഡിലോടുന്ന വാഹനങ്ങള്‍ തമ്മില്‍ നിശ്ചിത അകലം പാലിക്കേണ്ടതുണ്ട്. ഇവിടെ കാറും സ്കൂട്ടറും തമ്മില്‍ ആ അകലം ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് സ്കൂട്ടര്‍ ബ്രേക്കിട്ടപ്പോള്‍ നിയന്ത്രണം നഷ്ടമായത്.

ഈമാസം പതിനൊന്നിനാണ് കേരളത്തെ നടുക്കിയ, മൂന്നുപേരുടെ ജീവനെടുത്ത നെടുമ്പാശേരി വാഹനാപകടമുണ്ടായത്. വിമാനത്താവള റോഡില്‍ അത്താണി എയ്‍പോര്‍ട്ട് സിഗ്നലില്‍ പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. മദ്യലഹരിയില്‍ പത്തൊന്‍പതുകാരന്‍ സുഹൈല്‍ സജീവ് ചീറിപ്പായിപ്പിച്ച കാറിടിച്ച് സ്കൂട്ടര്‍ യാത്രികരായ മൂന്നുപേര്‍ തല്‍ക്ഷണം മരിച്ചു. സുഹൃത്തുമായി വിമാനതാവളത്തിലേക്കുള്ള യാത്രയ്ക്കിടെ കൊച്ചി നഗരത്തിലെ മൂന്നു ബാറുകളിൽ കയറി മദ്യപിച്ചശേഷമാണു പ്രതി കാറിൽ കുതിച്ച് ഈ അപകടമുണ്ടാക്കിയത്. 120 കിലോമീറ്റര്‍ വേഗത്തില്‍ വാഹനമോടിച്ചുവെന്ന് തെളിവെടുപ്പിനിടെ പൊലീസിനോട് സുഹൈല്‍ തന്നെ പറഞ്ഞിരുന്നു. അപകടം ഉണ്ടാകുന്നതിന് മുൻപ് രണ്ട് തവണ ഇതേ വേഗത്തിൽ എയർ പോർട്ട് റോഡിലൂടെ സുഹൈൽ  വാഹനം ഓടിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. മണിക്കൂറിൽ 218 കിലോമീറ്റർ വേഗത്തിൽ ഇതേ കാർ ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രതി തന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ കുറച്ചുനാൾ മുൻപു പങ്കുവച്ചിരുന്നു

കൊല്ലം കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് 45 പേര്‍ക്കാണ് പരുക്കേറ്റത്.കൊട്ടാരക്കര ഭാഗത്തേക്കും, ഓയൂർ ഭാഗത്തേക്കും പോയിരുന്ന സ്വകാര്യ ബസുകളാണ് കൂട്ടിയിടിച്ചത്. മറ്റൊരു വാഹനത്തെ മറികടന്നെത്തിയ മൂൺലൈറ്റെന്ന പേരിലുള്ള സ്വകാര്യ ബസ് കൊട്ടാരക്കര ഭാഗത്തേക്ക്‌ പോയ രാജധാനി ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ രണ്ട് ബസുകളുടെയും മുൻവശം തകർന്നു. കണ്ണൂര്‍ പള്ളിക്കുന്നില്‍ കഴിഞ്ഞ ദിവസമാണ് യുവാവിന്റെ കാലിലൂടെ സ്വകാര്യബസ് കയറിയിറങ്ങിയത്. അമിതവേഗത്തിലെത്തിയ ബസ് ചെറുകുന്ന് സ്വദേശി ജിതിനെ ഇടിച്ചിടുകയായിരുന്നു. ബസ് ജിതിന്‍റെ കാലിലൂടെ കയറിയിറങ്ങുകയും ചെയ്തു. 

കേരളത്തിൽ ഒരു വർഷം ശരാശരി  42,000 വാഹനാപകടങ്ങൾ ഉണ്ടാകുന്നുവെന്നാണ് കണക്ക്; നാലായിരത്തിലേറെ മരണവും. ഗുരുതര പരുക്കേറ്റു ദീർഘനാൾ കിടപ്പിലാകുന്നത് ഇരുപതിനായിരത്തോളം പേരാണ്. മദ്യവും അമിതവേഗവുമാണ് മിക്ക അപകടങ്ങളുടെയും  പ്രധാനകാരണങ്ങൾ. റോഡിലെ അമിതക്രോധം ഉണ്ടാക്കുന്ന അപകടങ്ങളും കേരളത്തിൽ പതിവായിക്കഴിഞ്ഞു.  ഇങ്ങനെ മദ്യലഹരിക്കും അമിതവേഗത്തിനും അശ്രദ്ധയ്ക്കുമുള്ള വിലയായി ജീവൻ നൽകേണ്ടിവരുന്നത് ആവർത്തിക്കില്ലെന്ന് ഉറപ്പാക്കാൻ ഇനിയും നമുക്കു കഴിയാത്തത് എന്തുകൊണ്ടാണ്? അടിയന്തര നടപടികളാണു സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടത്.

ENGLISH SUMMARY:

Kerala road accidents have become a daily tragedy due to reckless driving, speeding, and drunk driving, claiming thousands of innocent lives every year. The article highlights recent fatal crashes across the state and emphasizes the urgent need for strict government intervention and road safety measures