chengannur-parumala-road

പരുമല- ചെങ്ങന്നൂർ റോഡിൽ ഓട നിർമാണത്തിനായി റോഡ് വെട്ടിപ്പൊളിച്ച് ഒരു മാസം കഴിഞ്ഞിട്ടും പണി പൂർത്തിയായില്ല. പരുമല ഗ്രിഗോറിയോസ് മിഷൻ ആശുപത്രിക്ക് മുന്നിലാണ് ഓടപണി ഇഴയുന്നത്. റോഡരികിൽ വലിയ കുഴി. റോഡിന്റെ വശം ഇടിഞ്ഞ് കുഴി വീണ്ടും വലുതാകുന്നുണ്ട്. കാറും സ്കൂട്ടറും ഉൾപ്പെടെയുള്ള വാഹനങ്ങള്‍ കുഴിയില്‍ വീണ് അപകടങ്ങള്‍ പതിവാണ്. രാത്രിയിൽ എത്തുന്ന കാൽനടയാത്രക്കാരും ഇരുചക്ര വാഹന യാത്രക്കാരുമാണ് ഏറ്റവും വലിയ അപകടഭീഷണി നേരിടുന്നത്.

പരുമലയിലേക്ക് ചെങ്ങന്നൂരിൽ നിന്ന് എത്താനുള്ള പ്രധാന റോഡാണിത്. പരുമല പെരുന്നാളിന് മുന്നോടിയായി പത്തനംതിട്ടയുടെയും ആലപ്പുഴയുടെയും കിഴക്കൻ മേഖലകളിൽ നിന്നടക്കം ആയിരക്കണക്കിന് തീർഥാടകരും പദയാത്രികരും ഈ വഴിയിലൂടെയാണ് വരേണ്ടത്. കോൺക്രീറ്റ് ചെയ്ത് സ്ലാബ് സ്ഥാപിക്കുന്നതിനായാണ് റോഡരികിൽ ഓട നിർമാണം ആരംഭിച്ചത്. പക്ഷേ ഒരു മാസം പിന്നിട്ടിട്ടും നിർമാണം എങ്ങുമെത്തിയിട്ടില്ല.

മഴ പെയ്താൽ വെള്ളക്കെട്ട് രൂക്ഷമാകും. നടന്നുപോലും പോകാന്‍ കഴിയില്ല. ഇതിനുപുറമെ റോഡിന്റെ വശത്തെ ടാറും മണ്ണുമുൾപ്പെടെ കുഴിയിലേക്ക് ഇടിഞ്ഞുവീഴുകയാണ്. പണി ഉടൻ പൂർത്തിയാക്കുമെന്ന് പി.ഡബ്ല്യു.ഡി. അധികൃതരും ഉറപ്പ് നൽകിയിരുന്നു. ഒക്ടോബർ 26-ന് ആണ് പരുമല പെരുനാളിന്‍റെ കൊടിയേറ്റം. പണി പൂർത്തിയാക്കാൻ സമയമെടുക്കുമെങ്കിൽ, കുറഞ്ഞത് കുഴിയിൽ മണ്ണിട്ട് റോഡ് നിരപ്പാക്കുകയെങ്കിലും വേണമെന്നാണ് ആവശ്യം. 

ENGLISH SUMMARY:

Parumala Chengannur road construction delay causes severe accidents and waterlogging near the mission hospital as the annual feast approaches. Malayala Manorama Online News reports on the dangerous potholes and urges immediate intervention from PWD authorities to ensure pilgrim safety.