പിണറായി വിജയന്‍റെ മകള്‍ വീണയ്ക്കും മുന്‍മന്ത്രി മുഹമ്മദ് റിയാസിനും എതിരെ ഇഡി കണ്ടെത്തിയ രേഖകൾ വലിയ തലക്കെട്ടുകളായ ദിവസമാണ് സിപിഎമ്മിൻറെ തെറ്റുതിരുത്തൽ സമ്മേളനം അവസാനിച്ചത്. ഇഡി പിടിച്ചെടുത്ത ഡയറിയിലെ കോടികളുടെ കണക്കുകൾ വീണ സ്വന്തം കയ്യക്ഷരത്തിൽ എഴുതിയതാണെന്ന് റിയാസ് സമ്മതിച്ചത് ഇന്നത്തെ യോഗം തുടങ്ങുംമുമ്പാണ്.
എന്നിട്ടും ഇഡിയെ പ്രതിരോധിക്കാൻ വിശാല സംസ്ഥാന സമിതി പ്രമേയം പാസാക്കി. ഇഡി സംസ്ഥാന പോലീസിന് അയച്ച കത്തിലെ നിഗമനങ്ങളുടെ യാഥാർഥ്യം നേതാക്കളെ ബോധ്യപ്പെടുത്തിയശേഷമായിരുന്നോ ഈ പ്രമേയാവതരണം?. അതോ ഭാവി ബിസിനസ് സ്വപ്നം കണ്ട് വീണയും റിയാസും എഴുതിക്കളിച്ച കോടികളുടെ കണക്കായിരുന്നുവെന്ന തിരക്കഥ വെള്ളം തൊടാതെ വിഴുങ്ങിയതാണോ? ശുദ്ധമാക്കേണ്ട കൈകൾ അതിവിശുദ്ധമാണെന്ന വിശ്വാസപ്രഖ്യാപനമായിരുന്നോ ഇന്നും കേട്ടത് ?.
ഇടഞ്ഞുനിന്ന നേതാക്കൾക്ക് പദവികൾ നൽകിയും അസംതൃപ്തരായ ചിലരെ ഒപ്പം ചേർത്തും തിരുത്തൽ നടപടികൾ അവസാനിച്ചോ?
സംസ്ഥാന സെക്രട്ടറിയെകുറിച്ച് താഴെതലം മുതൽ ഉയർന്ന കടുത്ത വിമർശനങ്ങൾ ഒരു ശാസനയിൽ അവസാനിച്ചോ? പാർട്ടി കേന്ദ്ര കമ്മിറ്റി നിലപാട് ഉയർത്തിപ്പിടിച്ച് പരസ്യ പ്രതികരണത്തിന് തയ്യാറായ നേതാക്കൾക്ക് വലിയ വിലകൊടുക്കേണ്ടി വന്നോ?പിണറായി വിജയൻ കരുത്തനായി തന്നെ തുടരുകയാണെന്ന് ഈ സമ്മേളനവും തെളിയിച്ചോ?