വാണിയപ്പാറയിലെ കല്ലറ പൊളിക്കുന്നതിലൂടെ വലിയൊരു ദുരൂഹത നീക്കാന്‍ സാധിക്കുമെന്ന് തന്നെയാണ് പൊലീസിന്റെ വിലയിരുത്തല്‍. അപ്പോളും അവിടെ ഉയരുന്ന ചോദ്യം, സിജോ സ്കറിയ എവിടെ പോയെന്നാണ്. 

കോഴിക്കോട് വിലങ്ങാട്ടെ സിജോ സ്കറിയയുടെ തിരോധാനത്തില്‍ അങ്ങനെ ഒടുവില്‍ അന്വേഷണം തുടങ്ങിയിരിക്കുകയാണ്. ഒരു കല്ലറയില്‍ രണ്ട് മൃതദേഹം, കഴിഞ്ഞ കുറേ ദിവസമായി നമ്മള്‍ കേള്‍ക്കുന്ന, ചര്‍ച്ച ചെയ്യുന്ന എന്നാല്‍ ദുരൂഹത ഉണര്‍ത്തുന്ന വാര്‍ത്ത. കോഴിക്കോട് വിലങ്ങാട്ടെ സിജോ സ്കറിയയുടെ തിരോധാനത്തില്‍ അങ്ങനെ ഒടുവില്‍ അന്വേഷണം തുടങ്ങിയിരിക്കുകയാണ്. കുറ്റ്യാടി  പൊലീസിന് ഇതുമായി ബന്ധപ്പെട്ട് ഒരു തുമ്പും കിട്ടുന്നില്ല. അവിടെയാണ് കല്ലറയിലെ ദുരൂഹത കണക്ട് ചെയ്യപ്പെട്ടത്. ബോഡി അടക്കം ചെയ്ത കാലഘട്ടം ഒത്തുവരുന്നതായാണ് ബന്ധുക്കള്‍ക്ക് തോന്നുന്നത്. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഡിജിപി തുടങ്ങിയവർക്ക് സിജോയുടെ ബന്ധുക്കൾ പിന്നീട് പരാതി നൽകി. മകന് എന്താണ് സംഭവിച്ചതെന്ന് അറിയണമെന്ന് സിജോയുടെ മാതാപിതാക്കള്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

പരാതി ചൂടുപിടിച്ചതോടെ പ്രശ്നങ്ങളൊന്നും കണ്ടെത്താന്‍ പറ്റാത്ത പൊലീസ് വീണ്ടും അന്വേഷണത്തിന് ഇറങ്ങിയിരിക്കുകയാണ്. ജില്ലാ പൊലീസ് മേധാവി തന്നെ സിജോ തിരോധാനം അന്വേഷിക്കാന്‍ വീണ്ടും നിര്‍ദേശം നല്‍കി. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി ഡിജിപി വഴി റൂറല്‍ എസ്പിക്ക് കൈമാറി. ഇനി കുറ്റ്യാടി പൊലീസിന്റെ റിപ്പോര്‍ട്ടും ഈ കേസില്‍ നിര്‍ണായകമാണ്. നിര്‍ദേശം കിട്ടിയ ഉടന്‍ തന്നെ സ്പെഷ്യല്‍ ബ്രാഞ്ച് എസ്പി വാണിയപ്പാറയില്‍ എത്തി. സിജോയുടെ ഭാര്യാസഹോദരന്‍ ബിനോയിയുടെ മൊഴി സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് രേഖപ്പെടുത്തി. കല്ലറയില്‍ പരിശോധനയ്ക്കായി കൂടുതല്‍ പൊലീസും സ്ഥലത്തെത്തിയിരുന്നു.എന്തായാലും കല്ലറ തുറന്ന് പരിശോധിക്കാന്‍ തന്നെയാണ് ഒടുവിലത്തെ തീരുമാനം. പള്ളി അധികൃതരുമായി ഉന്നത പോലീസ് ഉദ്യോഗസ്ഥർ നടത്തിയ കൂടിക്കാഴ്ചയാണ് ഈ തീരുമാനത്തിലേക്ക് നയിച്ചത്. എഫ്ഐആർ ഇന്ന് തന്നെ രജിസ്റ്റർ ചെയ്യുമെന്നാണ് മനസിലാക്കാന്‍ സാധിച്ചത്. നാളെത്തന്നെ ആർഡിഒയ്ക്ക് കല്ലറ തുറക്കുന്നതിനുള്ള അനുമതിക്കായി അപേക്ഷ നൽകും. അനുമതി കിട്ടിയാൽ ഉടൻ കല്ലറ തുറക്കാനും ശാസ്ത്രീയ പരിശോധന നടത്താനാണ് തീരുമാനം. 

കല്ലറ തുറന്ന് അതിനുള്ളിൽ ഉള്ളത് എന്താണെന്ന് വ്യക്തമായേ മതിയാകൂ എന്ന പള്ളി വികാരിയുടെ ശക്തമായ നിലപാടിലാണ് പോലീസിന് ഒടുവിൽ മുട്ടുമടക്കേണ്ടി വന്നത്. സിജോയുടെ ഭാര്യാസഹോദരന്റെ മൊഴിയെടുത്തതില്‍ നിന്ന് എന്തെങ്കിലും സംശയം പൊലീസിന് മുന്നിലുണ്ടോ എന്നും അറിയാനുണ്ട്.

ENGLISH SUMMARY:

The Vaniyappara tomb mystery is being investigated as police believe its excavation could solve the Sijo Skaria disappearance case. Authorities are working to ascertain the whereabouts of Sijo Skaria following a perplexing situation involving a tomb with two bodies