ബോളിവുഡ് സിനിമകളിലെ ഗൂണ്ടാ ആക്രമണത്തിന്റെ തനി പതിപ്പ് ആയിരുന്നു ഇന്ന് ഉച്ചയ്ക്ക് കരുനാഗപ്പള്ളി പുതിയകാവിൽ നടന്നത്. കണ്ടുനിന്നവരും വാഹനത്തിൽ പോയവരും ദേശീയപാതയ്ക്ക് സമീപത്ത് നടന്ന അക്രമത്തിൽ ഞെട്ടിത്തരിച്ചു നിന്നു. സംസ്ഥാനത്തെ പോലീസ് ജാമ്യത്തിൽ ഇറങ്ങിയ അലുവാ അതുൽ ജാമ്യവ്യവസ്ഥ പ്രകാരം സ്റ്റേഷനിൽ എതുന്നതും കാത്ത് നാലംഗസംഘം ഇന്നോവ കാറിൽ കാത്തു നിന്നു. ഹരിയാന രജിസ്ട്രേഷൻ കാർഡിൽ എത്തിയ സംഘം അതുലിന്റെ കാറിനു പിന്നാലെ കൂടി. പലവട്ടം ചെയ്സ് ചെയ്തു പിടിക്കാൻ നോക്കിയെങ്കിലും നടന്നില്ല. പുതിയകാവിൽ എത്തിയപ്പോഴേക്കും ഇന്നോവ കാർ അതുലിന്റെ കാറിനെ ഇടിച്ച് കുഴിയിലേക്ക് തള്ളിയിട്ടു. പിന്നാലെ വാളുമായി നാലംഗസംഘം കാറിനടുത്തേക്ക് പാഞ്ഞു.
ഗ്ലാസ് താഴ്ത്തിയപ്പോഴേക്കും തങ്ങും വിലങ്ങും വെട്ടിയ സംഘം അതുലിനെ വലിച്ചു പുറത്തേക്കിട്ടു. ഒപ്പം ഉണ്ടായിരുന്ന കുക്കു എന്ന മനു പരിക്കുകളോടെ രക്ഷപ്പെട്ടു. പുറത്തേക്ക് വലിച്ചിട്ട അതുലിനെ വീണ്ടും തുരുതുരാ വെട്ടി. ചലനമറ്റ അതുൽ മരിച്ചെന്നു ഉറപ്പുവരുത്തിയ ശേഷമാണ് സംഘം കാറിൽ കയറി രക്ഷപ്പെട്ടത്. നാലംഗസംഘത്തെ ഇതുവരെയും പിടികിട്ടിയിട്ടില്ല. ഒന്നര പതിറ്റാണ്ടിലേറെയായി തുടരുന്ന ഗൂണ്ടാകുടിപ്പകയാണ് അരുംകൊലയിലേക്ക് നയിച്ചത്. വെട്ടിയത് 4 അംഗ സംഘമാണ്. ജിം സന്തോഷിന്റെ നേതൃത്വത്തിലെ കരുനാഗപ്പള്ളി സംഘവും ഇന്ന് കൊല്ലപ്പെട്ട അതുല്‍ ഉള്‍പ്പെടുന്ന ഓച്ചിറ സംഘവും തമ്മിലുള്ള പകയുടെ തുടക്കം 2013ലാണ്. അതിനിടയിലെ രണ്ടാമത്തെ കൊലപാതകമാണ് ഇത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 27ന് പുലര്‍ച്ചെ അതുലും മൂന്ന് പേരുമടങ്ങുന്ന സംഘം ജിം സന്തോഷിനെ വീട്ടില്‍ കയറി അമ്മയുടെ കണ്മുന്നിലിട്ടാണ് വെട്ടിക്കൊന്നത്. കൊല ചെയ്ത് മടങ്ങുന്ന വഴി ഇന്ന് അതുലിനെ ആക്രമിക്കാനുണ്ടായിരുന്ന അനീറിനെയും ആക്രമിച്ചു. പിന്നീട് തമിഴ്നാട്ടിലേക്ക് കടന്ന അതുലിനെ ഇരുപത് ദിവസത്തിനകം പിടികൂടി. അന്ന് മുതല്‍ ജയിലിലായിരുന്ന അതുല്‍ ജാമ്യത്തിലിറങ്ങിയതോടെ പകരംവീട്ടാന്‍ എതിര്‍സംഘം തയാറെടുത്തു. സന്തോഷിന്റെ കൊലയ്ക്ക് ഒരു വര്‍ഷം തികയാന്‍ ഇനി 13 ദിവസം.അതിന് മുന്‍പ് പകവീട്ടണമെന്ന കാടത്തമാണ് പട്ടാപ്പകല്‍ നടുറോഡില്‍ കേരളം കണ്ടത്.