തിരുവനന്തപുരം വാമനപുരത്ത് ഒരു വയസുകാരി പവിത്ര അമ്മയുടെ കൈകൊണ്ട് ദാരുണമായി കൊല്ലപ്പെട്ട കേസില്‍ അമ്മ അശ്വതി മാനസിക ബുദ്ധിമുട്ടുകള്‍ക്ക് ചികില്‍സ തേടിയിരുന്നതായി ബന്ധുക്കള്‍. അശ്വതി ആത്മഹത്യക്കും ശ്രമിച്ചിരുന്നു. പ്രസവശേഷം കാണുന്ന വിഷാദാവസ്ഥ അശ്വതിക്ക് ഉണ്ടായിരുന്നതായാണ് നിഗമനം. ഒരു വയസും മൂന്നു മാസവും പ്രായമുളള ഓമനക്കുഞ്ഞ് അമ്മയുടെ കൈയാല്‍ പൊലിഞ്ഞുപോയത് വിശ്വസിക്കാനാകുന്നില്ല വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും. അശ്വതിയുടെ അമ്മ രാവിലെ ജോലിക്കു പോകുമ്പോഴും അശ്വതിയുടെ ഒക്കത്തിരുന്ന് ചിരിച്ച് കൈവീശിയ കുഞ്ഞാണ്. വൈകിട്ട് അമ്മൂമ്മ തിരിച്ചെത്തുമ്പോള്‍ അനക്കമില്ലാതെ കിടക്കുകയായിരുന്നു. പൊലീസിനോട് കുഞ്ഞിനെ കൊന്നത് താനാണെന്ന് അശ്വതി ഏറ്റു പറഞ്ഞതോടെ വീട്ടുകാരുടെ തകര്‍ച്ച പൂര്‍ണമായി. പൊലീസ് ചോദ്യം ചെയ്യലിലാണ് ഭര്‍തൃവീട്ടില്‍ വച്ച് മാനസിക ബുദ്ധിമുട്ടുകള്‍ക്ക് അശ്വതി പലവട്ടം ചികില്‍സ തേടിയിരുന്നതായി ഭര്‍ത്താവും പിഡബ്ളുഡി ജീവനക്കാരനുമായ സുഭാഷ് മൊഴി നല്‍കിയത്. അമിത അളവില്‍ മരുന്നു കഴിച്ച് ജീവനൊടുക്കാനും ശ്രമിച്ചിരുന്നു. അശ്വതിക്ക് പ്രസവശേഷം പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്റെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതയാണ് സൂചന.