താരസംഘടന ‘അമ്മ’യുടെ അധ്യക്ഷപദവിയില്‍ എത്തിയപ്പോള്‍ കൂട്ടത്തിലുള്ളവരില്‍നിന്നുതന്നെ അധിക്ഷേപം നേരിട്ടെന്ന് ശ്വേത മേനോന്‍. മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ സംവാദവേദിയിലാണ് ശ്വേതയുടെ വെളിപ്പെടുത്തല്‍. സ്പോണ്‍സര്‍മാരെ തെറ്റിദ്ധരിപ്പിക്കാന്‍ പോലും ഒപ്പമുള്ളവരില്‍ ചിലര്‍ ശ്രമിച്ചു. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പിന്തുണയില്ലെന്ന് പ്രചരിപ്പിച്ചു. സ്ത്രീ മുന്നോട്ടുവരണമെന്ന് പറയുന്നവര്‍തന്നെ സ്ത്രീകളെ വലിക്കുന്നു. ഈ കസേരയില്‍ എത്ര ദിവസമിരിക്കുമെന്ന് കണ്ടറിയണം എന്ന പുച്ഛഭാവമായിരുന്നു ചിലര്‍ക്കെന്നും ശ്വേത പറഞ്ഞു.‘അമ്മ’ യില്‍നിന്ന് രാജിവച്ചവരെ പലതവണവിളിച്ചിട്ടും മറുപടിയുണ്ടായില്ലെന്ന് പ്രസിഡന്റ് ശ്വേത മേനോന്‍. അവര്‍ പ്രതികരിക്കാത്തുകൊണ്ട് തനിക്ക് ഈഗോയില്ല, ശ്രമം തുടരും. മടങ്ങിവരാന്‍ അവര്‍കൂടി വിചാരിക്കേണ്ടതുണ്ടെന്നും ശ്വേത പറഞ്ഞു.സ്ത്രീകളുടെ ആവശ്യങ്ങള്‍ക്കുവേണ്ടി എല്ലാവരും വേദി ഉപയോഗപ്പെടുത്തണമെന്ന് ശ്വേത മേനോന്‍. ‘അമ്മ’ സംഘടനയില്‍ പാര്‍വതി തിരുവോത്ത് വേദി ഉപയോഗപ്പെടുത്തി. പാര്‍വതി ടാര്‍ഗറ്റ് ചെയ്യപ്പെടാന്‍ കാരണം അതാണെന്നും ശ്വേത മേനോന്‍ ന്യൂസ്മേക്കര്‍ സംവാദത്തില്‍ പറഞ്ഞു.താരസംഘടനയുടെ പ്രസിഡന്റായപ്പോള്‍ അസൂയാലുക്കള്‍കൂടി. ഇങ്ങനെയെങ്കില്‍ ഞാനും മല്‍സരിച്ചേനെ എന്ന മട്ടിലാണ് ചിലര്‍. അവരുടെ സമീപനം ചിരിച്ചുതള്ളാനാണ് ആഗ്രഹിക്കുന്നതെന്നും ശ്വേത പറഞ്ഞു.

ENGLISH SUMMARY:

Shweta Menon, the president of AMMA, faced criticism and attempts to mislead sponsors after assuming her position. Despite challenges and lack of response from those who resigned, she remains committed to advocating for women's needs within the organization.