• മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ പുരസ്കാരം
  • വി.ഡി.സതീശന്‍ 2025ലെ വാര്‍ത്താതാരം
  • അഭിപ്രായവോട്ടെടുപ്പില്‍ ഒന്നാമത്

 

പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ 2025 ലെ മനോരമ ന്യൂസ് ന്യൂസ് മേക്കര്‍. അഭിപ്രായവോട്ടെടുപ്പില്‍ ഒന്നാമതെത്തിയാണ്  വി.ഡി.  പോയവര്‍ഷത്തെ വാര്‍ത്താതാരമായത്. പ്രേക്ഷകപിന്തുണ ആവേശഭരിതനാക്കുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു.  എഴുത്തുകാരന്‍ എന്‍.എസ്‍. മാധവനാണ് ഫലപ്രഖ്യാപനം നടത്തിയത്.

 

അന്തിമപട്ടികയിലെത്തിയ നാലുപേരില്‍ ഏറ്റവും കൂടുതല്‍ വോട്ടുനേടിയാണ് വി.ഡി. സതീശന്‍  പോയവര്‍ഷത്തെ വാര്‍ത്തയുടെ തലപ്പാവണിഞ്ഞത്. വാര്‍ത്തകള്‍ ഉണ്ടാക്കുകയല്ല, പിറകെ വരികയായിരുന്നുവെന്നും പുരസ്കാരത്തില്‍ വലിയ സന്തോഷമുണ്ടെന്നും വി.ഡി. സതീശന്‍ പറഞ്ഞു. വിശ്വസിക്കുന്ന പ്രസ്ഥാനത്തിന്റെ നിലപാടാണ് താന്‍ മുന്നോട്ടുവയ്ക്കുന്നത്. ജനങ്ങളുടെ ദുരിതമകറ്റാന്‍ കൂട്ടായ ശ്രമം നടത്തുന്നുണ്ട്. അതിനുകിട്ടിയ അംഗീകാരം കൂടിയാണ് മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ പുരസ്കാരമെന്നും വി.ഡി.സതീശന്‍ പറഞ്ഞു. ജനങ്ങളുടെ യുക്തമായ തിരഞ്ഞെടുപ്പാണ് വി.ഡി. സതീശനെന്ന് എന്‍.എസ്‍. മാധവന്‍ അഭിപ്രായപ്പെട്ടു.

 

കെ.എല്‍.എം. ആക്സിവ ഫിന്‍െവസ്റ്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ന്യൂസ് മേക്കര്‍ പരിപാടിയുടെ ഫലപ്രഖ്യാപനത്തില്‍ രാഷ്ട്രീയ നിരീക്ഷകനും മുന്‍ എം.പിയുമായ ഡോ.സെബാസ്റ്റ്യന്‍ പോള്‍, മനോരമ ന്യൂസ് ഡയറക്ടര്‍ ന്യൂസ്  ജോണി ലൂക്കോസ് എന്നിവരും  പങ്കെടുത്തു.

ENGLISH SUMMARY:

Opposition Leader V.D. Satheesan has been selected as Manorama News Newsmaker of 2025. Satheesan became the newsmaker of the past year by securing the highest number of votes in the public poll. He responded that the overwhelming support from viewers inspires him with excitement. The announcement was made by writer N.S. Madhavan.