സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു. കനത്ത മഴയില്‍ നാടുകാണി ചുരത്തിൽ ചരക്കുലോറിക്കു മുകളിൽ മരംവീണു. ഡ്രൈവർ തലനാരിഴക്ക് രക്ഷപ്പെട്ടു. പാലാ ഭരണങ്ങാനം മേരിഗിരിയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു
നാടുകാണി ചുരത്തിൽ അതിർത്തിക്കു സമീപം ഇന്നുച്ചക്കാണ് ചരക്കുലോറിക്ക് മുകളില്‍ മരംവീണത്. മലപ്പുറം എരുമുണ്ട സ്വദേശി പുന്നേലിക്കുന്നേൽ സോമി നിസ്സാര പരുക്കളോടെയാണ് രക്ഷപ്പെട്ടത്. പാതയോരത്തു നിർത്തിയപ്പോഴാണ് ലോറിക്കു മീതെ മരം കടപുഴകി വീണത്.സോമിയെ വണ്ടൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാലാ ഭരണങ്ങാനത്ത് പടിഞ്ഞാറെ പീടികയിൽ മേരി തോമസിന്റെ വീട്ടിലെ കിണറാണ് വലിയ ശബ്ദത്തോടെ ഇടിഞ്ഞുതാഴ്ന്നത്. കിണറിന്റെ സംരക്ഷണഭിത്തിയും ചുറ്റുമതിലും അടക്കം കിണറ്റിനുള്ളിലേക്ക് വീഴുകയായിരുന്നു. നാൽപത് അടി താഴ്ചയുള്ള എഴുപതു വർഷം പഴക്കമുള്ള കിണർ ആണിത്.
തൃശൂര്‍, മലപ്പുറം, കോഴിക്കോട് , വയനാട്, കണ്ണൂര്‍ , കാസര്‍കോട് ജില്ലകളിലാണ് യെലോ അലര്‍ട്ട്. നാളെ കണ്ണൂരും കാസര്‍കോടും ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒന്‍പതാം തീയതി വരെ മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കനക്കും. കടല്‍ പ്രക്ഷുബ്ധമാണ്. കേരള, ലക്ഷദ്വീപ് കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനം വിലക്കി.