എം.വി.ഗോവിന്ദന്‍, വി.കുഞ്ഞികൃഷ്ണന്‍, എം.വി.ജയരാജന്‍
തെറ്റുതിരുത്തിയാല്‍ വിമത എംഎല്‍എമാര്‍ക്ക് പാര്‍ട്ടിയിലേക്ക് തിരിച്ചുവരാമെന്ന നിലപാട് വിഴുങ്ങി സിപിഎം നേതാവ് എം.വി.ജയരാജന്‍. സിപിഎം വിട്ട് എംഎല്‍എമാരായവര്‍ വര്‍ഗവഞ്ചകരെന്ന് എം.വി. ജയരാജന്‍ തൃശൂരില്‍ പറഞ്ഞു. അവര്‍ പാര്‍ട്ടിയെ വഞ്ചിച്ചു എന്നതില്‍ മാറ്റമില്ലെന്നും തിരുത്താത്ത പക്ഷം അവര്‍ വഞ്ചകര്‍ തന്നെയാണെന്നും ജയരാജന്‍ ആവര്‍ത്തിച്ചു. വിഴിഞ്ഞത്തെ വിദേശനിക്ഷേപത്തില്‍ വിമതരുടെ നിലപാടെന്തെന്നും മുഖ്യമന്ത്രിയെ തള്ളിപ്പറയുമോയെന്നും എം.വി. ജയരാജന്‍ ചോദിച്ചു
അതേസമയം, താന്‍ ചെയ്ത തെറ്റ് എന്തെന്ന് സിപിഎം പറയണമെന്ന് തിരിച്ചടിച്ച് പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണന്‍. വിഴിഞ്ഞമോ, പിഎംശ്രീയോ പറഞ്ഞല്ല താന്‍ പാര്‍ട്ടി വിട്ടത്. മരണം വരെ കമ്മ്യൂണിസ്റ്റായി തുടരുമെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. തന്നെ ബോധപൂർവ്വം യുഡിഎഫുകാരനാക്കാനുള്ള ശ്രമമാണ് സിപിഎമ്മും ദേശാഭിമാനിയും നടത്തിക്കൊണ്ടിരിക്കുന്നത്. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച താൻ നിയമസഭയിലും സ്വതന്ത്രനായി തന്നെയാണ് പ്രവർത്തിക്കുന്നത്. എന്നാൽ തന്നെ യുഡിഎഫ് ആക്കിയേ മതിയാകൂ എന്ന വാശിയാണ് സിപിഎമ്മിനുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യുഡിഎഫ് പിന്തുണ സ്വീകരിച്ചത് സംബന്ധിച്ച് എം വി ഗോവിന്ദന്‍ ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. തെറ്റ് തിരുത്തിയാൽ പാർട്ടിയിലേക്ക് തിരിച്ചുവരാം എന്നാണ് ഇപ്പോൾ സിപിഎം പറയുന്നത്. എന്നാൽ താൻ ചെയ്ത തെറ്റ് എന്താണെന്ന് ആദ്യം അവർ വ്യക്തമാക്കണം. സ്ഥാനാർത്ഥി നിർണയം തെറ്റായിപ്പോയി എന്ന് സിപിഎം നേതൃത്വം ഇപ്പോൾ പരോക്ഷമായി സമ്മതിക്കുന്നുണ്ട്. താൻ പാർട്ടിയിൽ നിന്ന് വിട്ടുപോയതല്ല, തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണ്. അതിനാൽ തിരിച്ചുപോക്കിന്റെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് അവരാണെന്നും വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. എം വി ജയരാജന്റെ പരാമർശങ്ങൾക്കും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് മറുപടി നൽകി.