മലപ്പുറം വാണിയമ്പലം തൊടിയപുലത്ത് റയില്‍വേ ട്രാക്കിനരികെയാണ് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടേയതാണ്. 15 വയസ്സേ പ്രായമുള്ളു. കരുവാരകുണ്ട് ഗവണ്‍മെന്റ് സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെമുതല്‍ കുട്ടിയെ കാണാതായിരുന്നു. കൊലപാതകമെന്ന് പ്രാഥമിക നിഗമനത്തില്‍ തന്നെ ഉറപ്പിക്കാവുന്ന സാഹചര്യം. പൊലീസ് കസ്റ്റഡിയിലായത് ആണ്‍ സുഹൃത്ത്. പ്രായം 16. ബലാല്‍സംഗം ചെയ്ത ശേഷം കൊലപാതകമെന്ന് പ്രതി സമ്മതിച്ചെന്ന വാര്‍ത്ത കൂടി വന്നതോടെ നാട് നടുങ്ങി.
പെണ്‍കുട്ടി ഇന്നലെ അനിയത്തിക്കൊപ്പം സ്കൂളില്‍ പോയതാണ്. അനിയത്തി സ്കൂളിലെത്തി. പക്ഷേ ചേച്ചിയെ കാണാതായി. വൈകീട്ടായിട്ടും വീട്ടില്‍ തിരിച്ചെത്താതായതോടെ അമ്മയും ബന്ധുക്കളും അന്വേഷിച്ചിറങ്ങി. പൊലീസില്‍ പരാതിപ്പെട്ടു. രാത്രിയേറെ നീണ്ട പരിശോധനയിലും പെണ്‍കുട്ടിയെ കണ്ടെത്താനായില്ല. പലപ്പോഴും പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്ന സീനിയര്‍ വിദ്യാര്‍ഥിയെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നീങ്ങി. ഇതേ വിദ്യാര്‍ഥിയുടെ വീട്ടിലെത്തി ബന്ധുക്കള്‍ അന്വേഷിച്ചപ്പോള്‍ ഒന്നും അറിയാത്ത പോലെയായിരുന്നു പെരുമാറ്റം. കൊല്ലപ്പെട്ടത് ഒന്‍പതാംക്ലാസുകാരിയാണ്. കൊന്നത് അതേ സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയും. നാടിനെ വിറങ്ങലിപ്പിച്ചു ഈ കൊലപാതകം. ഡോഗ് സ്ക്വാഡും ഫോറൻസിക് സംഘവും പരിശോധന നടത്തി. തൃശൂർ റേഞ്ച് ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി.
മലപ്പുറത്ത് ഒന്‍പതാംക്ലാസുകാരിയുടെ കൊലപാതകമെങ്കില്‍ കൊല്ലത്തെ കൊലപാതകം മാനസികരോഗിയായ മകനെ അച്ഛനും ഇളയമകനും ചേര്‍ന്നു തലയ്ക്കടിച്ചായിരുന്നു. കൊല്ലം മൈനാഗപ്പിള്ളിയിലാണ് സംഭവം. സൊസൈറ്റി മുക്ക് സ്വദേശി സന്തോഷിനെ അഛന്‍ രാമകൃഷ്ണന്‍, സഹോദരന്‍ സനല്‍ എന്നിവര്‍ ചേര്‍ന്നാണ് സന്തോഷിനെ കൊലപ്പെടുത്തിയത്.
മാനസികരോഗത്തിനു ഏറെക്കാലമായി ചികില്‍സയിലായിരുന്നു സന്തോഷ്. ചികില്‍സകഴിഞ്ഞ് ഈ അടുത്താണ് വീട്ടിലെത്തിയത്. ചിലപ്പോള്‍ സന്തോഷ് അക്രമകാരിയായി മാറാറുണ്ട്. വീട്ടുകാരെ ആക്രമിക്കും. കഴിഞ്ഞ ദിവസവും പ്രശ്നമുണ്ടായപ്പോള്‍ അഛനും സഹോദരനും ചേര്‍ന്നു തടഞ്ഞു. ഇതിനുശേഷം മര്‍ദിച്ചതായാണ് പൊലീസിനു നല്‍കിയിരിക്കുന്നമൊഴി. രാവിലെ തൊട്ടടുത്തുള്ള മൊനാഗപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്‍റിനോടാണ് രാമകൃഷ്ണന്‍ ഇക്കാര്യം പറയുന്നത്. പിന്നീട് മൃതദേഹം പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റി. രാമകൃഷ്ണന്‍ സഹോദരന്‍ സനല്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.