drug

TOPICS COVERED

കരിപ്പൂരിൽ ലഹരി കേസ് പ്രതികളെ രക്ഷിച്ചെടുക്കാനും ജാമ്യം നേടാനും പൊലീസ് തന്നെ  ഒത്തുകളി നടത്തിയതിൽ അന്വേഷണം. മനോരമ ന്യൂസ് വാർത്ത പുറത്തുവിട്ടതിന് പിന്നാലെയാണ് മലപ്പുറം നാർക്കോട്ടിക്  ഡിവൈഎസ്പിയോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകിയത്. എന്നാൽ ഇതേ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ നാർകോട്ടിക്  ഡിവൈഎസ്പി തന്നെ എസ് എച്ച് ഒക്കെതിരെ അന്വേഷണം നടത്തുന്നതിൻ്റെ ഔചിത്യവും ചോദ്യം ചെയ്യപ്പെടുകയാണ്.

അറസ്റ്റിന്റെ കാരണം ബന്ധുക്കളെ രേഖാമൂലം അറിയിക്കാത്തതിന്റെ പേരിൽ എംഡിഎംഎ കേസിലെ പ്രതികളായ മുഹമ്മദ് കബീറിനും ബഷീറിനും ജാമ്യം ലഭിച്ച സാഹചര്യം അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് നിർദേശം. എംഡി എംഎ കണ്ടെത്തിയ വീട്ടുടമസ്ഥൻ മുഹമ്മദ് കബീർ അടക്കമുള്ള നാലുപേരുടെ അറസ്റ്റ് ഡിറ്റക്ടിങ് ഓഫീസറായ അബ്ബാസലിയുടെ നേതൃത്വത്തിലാണ് പൂർത്തിയാക്കിയത്. എന്നാൽ പിന്നീട് പിടിയിലായ ബഷീറിൻറെ അറസ്റ്റുമായി ബന്ധപ്പെട്ട ഉത്തരവാദിത്വം സാങ്കേതികമായി  ഡിവൈഎസ്പിക്കുമുണ്ട്. 40 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ നാർക്കോട്ടിക്  ഡിവൈഎസ്പി അന്വേഷണ ഉദ്യോഗസ്ഥനാണങ്കിലും ജോലികളെല്ലാം നടത്തിയത് കരിപ്പൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ്. കേസിലെ മുഖ്യപ്രതി മുഹമ്മദ് കബീറിനെ രക്ഷിച്ചെടുക്കാൻ നടത്തിയ അതേ തന്ത്രം കൂട്ടാളി ബഷീറിൻ്റെ കാര്യത്തിലും കരിപ്പൂർ പൊലീസ് പ്രയോഗിച്ചു. അതുകൊണ്ടുതന്നെ ഇതേ കേസിൽ കരിപ്പൂർ പൊലീസിനൊപ്പം ചേർന്ന് അന്വേഷണം നടത്തുന്ന ഡിവൈഎസ്പിക്ക് ഒന്നിച്ച് പ്രവർത്തിക്കുന്നവർക്കെതിരെ   അന്വേഷണം നടത്തി കൃത്യതയുള്ള റിപ്പോർട്ട് നൽകാൻ കഴിയുമോ എന്ന ചോദ്യം ബാക്കിയാണ്.

ENGLISH SUMMARY:

Malayala Manorama Online News has revealed a significant investigation into alleged police collusion in Karipur to help drug case accused secure bail. The report details how a Narcotic DySP has been directed to investigate the circumstances leading to the release of MDMA case accused.